Asianet News MalayalamAsianet News Malayalam

ബഹ്റൈന്‍ ഭരണാധികാരി പാലസ് മസ്ജിദില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചു

ഹമദ് രാജാവ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

king hamad performs Eid Al Fitr prayers at Al Sakhir Palace Mosque
Author
First Published Apr 11, 2024, 3:42 PM IST

മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അല്‍ സാഖിര്‍ പാലസ് മസ്ജിദില്‍ ഈദുല്‍ ഫിത്ര്‍ നമസ്കാരം നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ് സ്പീക്കർ, മന്ത്രിമാർ, ബിഡിഎഫ്, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, നാഷണൽ ഗാർഡുമാർ എന്നിവരും ഹമദ് രാജാവിനൊപ്പം നമസ്കാരം നിര്‍വ്വഹിച്ചു.

ഹമദ് രാജാവ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്തിനും ജനങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും അദ്ദേഹം ഈദ് ആശംസകള്‍ നേര്‍ന്നു. സുന്നി എൻഡോവ്‌മെന്റ് ബോർഡ് ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫെതൈസ് അൽ ഹജ്‌രി ഈദ് സന്ദേശം നൽകി. ഈദിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്ത അദ്ദേഹം ഹമദ് രാജാവിന് അല്ലാഹു ആരോഗ്യവും സന്തോഷവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെയെന്നും രാജ്യത്തിന് ഐശ്വര്യവും സമൃദ്ധിയും കൈവരട്ടെയെന്നും പ്രാർത്ഥിച്ചു.  

Read Also - ചെറിയ പെരുന്നാൾ നിറവിൽ ഒമാനിലെ പ്രവാസികളും; ഈദ് ഗാഹുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് സീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് പെരുന്നാൾ നമസ്കാരം നടത്തിയത്. ഒമാൻ മതകാര്യ മന്ത്രി മുഹമ്മദ് ബിൻ സൗദ് മാമറി പെരുന്നാൾ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി. ഒമാനിലെ കിരീടാവകാശിയും സാംസ്കാരിക-കായിക, യുവജന മന്ത്രിയുമായ സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, മറ്റു രാജകുടുംബാംഗങ്ങൾ, വിവിധ  വകുപ്പുകളിലെ മന്ത്രിമാർ, വിലായത്തുകളിലെ അധികാരികൾ, ശൂറാ  കൗൺസിൽ അംഗങ്ങൾ, ഒമാൻ സായുധ സേനകളുടെ കമാൻഡർമാർ, മറ്റ് സൈനിക, സുരക്ഷാ ഏജൻസി തലവന്മാര്‍ എന്നിവരും ഭരണാധികാരിയോടൊപ്പം  ഈദ് അൽ ഫിത്തർ പ്രാർത്ഥനകളില്‍ പങ്കെടുക്കാന്‍ എത്തി.

അതേസമയം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഈദ് മുസല്ലയിൽ പ്രാർത്ഥന നിർവഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios