Asianet News MalayalamAsianet News Malayalam

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി

മണിക്കൂറുകള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

Prime minister narendra modi concludes his visit to UAE
Author
Abu Dhabi - United Arab Emirates, First Published Jun 28, 2022, 9:17 PM IST

അബുദാബി: യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലേക്ക് മടങ്ങി. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ടെത്തിയിരുന്നു.

അബുദാബി പാലസിലെത്തിയ പ്രധാനമന്ത്രി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് മോദി അനുസ്‍മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദിനോട് അനുശോചനം അറിയിച്ചതായും മോദി ട്വീറ്റ് ചെയ്‍തു.

യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള തന്ത്രപ്രധാനവും സമഗ്രവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്‍തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
 

മണിക്കൂറുകള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. അബുദാബി രാജകുടുംബാംഗങ്ങളും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ്, യുഎഇ ധനകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read also: വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞ് അറബിയില്‍ മോദിയുടെ ട്വീറ്റ്

Follow Us:
Download App:
  • android
  • ios