രാജ്യത്തെ വായുവിലും വെള്ളത്തിലും റേഡിയേഷൻ അളവിൽ മാറ്റമില്ലെന്നും സ്ഥിതി സാധാരണമെന്നും ഖത്തർ പരിസ്ഥിതി മന്ത്രാലയം
ദോഹ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന്റെ വായുവിലോ, പ്രാദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷൻ അളവ് കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ ദേശീയ റേഡിയേഷൻ മോണിറ്ററിങ് ആൻഡ് ഏർലി വാണിങ് നെറ്റ്വർക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഈ നെറ്റ്വർക്കിന്റെ കര, സമുദ്ര സ്റ്റേഷനുകൾ റേഡിയേഷൻ അളവ് നിരീക്ഷിക്കുകയും വികിരണ അളവിൽ അസാധാരണമായ വർധന ഉണ്ടായാൽ മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുകയും ചെയ്യും. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആശങ്കപ്പെടേണ്ടതില്ലെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം അഭ്യർഥിച്ചു.