മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിൻ്റെ മേൽനോട്ടത്തിലാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്
റിയാദ്: പ്രവാചക പാത പിന്തുടർന്ന് മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സൽമാൻ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിൻ്റെ മേൽനോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. ബുധനാഴ്ച കഅ്ബയുടെ വാതിൽ വിരി ഉയർത്തിയോടെ കഴുകൽ ചടങ്ങിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മുതൽ കഴുകൽ ആരംഭിച്ചു. കഴുകുന്നതിന് മുമ്പ് തറയിലെ പൊടിയും ചെളിയും തുടച്ചുമാറ്റി. പിന്നീട് സംസം വെള്ളം നിറച്ച ചെമ്പ് പാത്രങ്ങൾ എത്തിച്ചു. മുന്തിയതരം പനിനീർ, ഊദ് തൈലം എന്നിവ സംസമിൽ കലർത്തിയിരുന്നു.
ഊദും റോസ് വാട്ടറും കലർത്തിയ സംസമിൽ നനച്ച തുണികഷ്ണങ്ങൾ ഉപയോഗിച്ച് കഅ്ബയുടെ അകത്തെ ചുമരുകളും മൂന്ന് തൂണുകളും തറകളും തുടച്ചുവൃത്തിയാക്കി. തുടർന്ന് കഅബയുടെ അകംമുഴുവനും ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് സുഗന്ധം പൂശി. കഅബ കഴുകൽ ചടങ്ങ് പൂർത്തിയാക്കിയ ശേഷം മക്ക ഡെപ്യൂട്ടി ഗവർണർ ഹജറുൽ അസ്വദ് ചുംബിക്കുകയും കഅ്ബ പ്രദക്ഷിണം ചെയ്യുകയും ‘മഖാമു ഇബ്രാഹി’മിന് പിന്നിൽ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു.
ചടങ്ങിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇരുഹറംകാര്യ പ്രസിഡൻസി എക്സിക്യൂട്ടീവ് മേധാവി എൻജി. ഗാസി അൽ ശഹ്‌റാനി എന്നിവരും നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനും പങ്കെടുത്തു.