Asianet News MalayalamAsianet News Malayalam

തലച്ചോറില്‍ 'ഉപകരണം' സ്ഥാപിച്ചു; 57 കാരിക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം കാഴ്ച തിരിച്ചുകിട്ടി.!

പ്രത്യേകമായി നിര്‍മിച്ച വിഡിയോ ക്യാമറ ഘടിപ്പിച്ച കണ്ണടയും കൂടി ധരിച്ചതോടെ ഇവര്‍ക്ക് മുന്നിലുള്ള കാഴ്ചകള്‍ കാണാനായി.

Brain Implant Gives Blind Woman Artificial Vision in Scientific First
Author
New York, First Published Oct 28, 2021, 7:52 PM IST

ന്യൂയോര്‍ക്ക്: തലച്ചോറില്‍ ഘടിപ്പിച്ച് ഉപകരണത്തിലൂടെ (visual prosthesis) കാഴ്ച ശക്തി തിരിച്ചുകിട്ടി (sight see again) അമേരിക്കയിലെ അധ്യാപിക. 42മത്തെ വയസില്‍ ടോക്സിക് ഒപ്റ്റിക് ന്യൂറോപതി ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ബെര്‍ന ഗോമസിനാണ് (Berna Gomez) അമ്പത്തിയേഴാമത്തെ വയസില്‍ കാഴ്ച ശക്തി തിരിച്ചുകിട്ടിയത്. 2ഡി കാഴ്ച സാധ്യമാക്കാനും, ആക്ഷരങ്ങള്‍ വായിക്കാനും വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ഈ നിര്‍ണ്ണായക പരീക്ഷണത്തിലൂടെ ബെര്‍നയ്ക്ക് സാധിക്കുന്നവെന്നാണ് റിപ്പോര്‍ട്ട്. 

ശാസ്ത്ര അധ്യാപികയായ ബെര്‍നയ്ക്ക് കാഴ്ച നഷ്ടപ്പെട്ടതിന് പിന്നാലെ ജോലി നിര്‍ത്തേണ്ടി വന്നിരുന്നു. ഒന്നര പതിറ്റാണ്ടിനടുത്ത് സ്വന്തം മക്കളുടെ മുഖവും കാണാന്‍ സാധിച്ചില്ല. എന്നാല്‍ 2018 ല്‍ അവരെ തേടി ഒരു അവസരം എത്തി. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് കാഴ്ച ശക്തി നല്‍കാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിന് വിധേയകാനായിരുന്നു ആ അവസരം. ബെര്‍ന ഇത് ധൈര്യ പൂര്‍വ്വം ഏറ്റെടുത്തു.

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പും പരീക്ഷണങ്ങളും നടത്തേണ്ടി വന്നു ഈ കാഴ്ച തിരിച്ചുകിട്ടാനുള്ള പരീക്ഷണത്തിന്. 16 ഇലക്ട്രോഡുകള്‍ തലച്ചോറില്‍ ഘടിപ്പിച്ചതോടെയാണ് ബെര്‍ന ഗോമസിന് അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിച്ചത്. വലിയക്ഷരം 'O' യും ചെറിയക്ഷരം 'o'യും അവര്‍ക്ക് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിച്ചു. പ്രത്യേകമായി നിര്‍മിച്ച വിഡിയോ ക്യാമറ ഘടിപ്പിച്ച കണ്ണടയും കൂടി ധരിച്ചതോടെ ഇവര്‍ക്ക് മുന്നിലുള്ള കാഴ്ചകള്‍ കാണാനായി. കണ്ണടയിലെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇലക്ട്രോഡുകളിലേക്ക് കൈമാറുന്നതോടെയാണ് കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഒരു കണ്ണട മാത്രമേ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളൂ.

ഒക്ടോബര്‍‍ പത്തൊന്‍പതിന് ഈ ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്ര സംഘം തങ്ങളുടെ പരീക്ഷണം സംബന്ധിച്ച് ദ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വസ്റ്റേഗേഷനില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണത്തിനു നല്‍കിയ സംഭാവനകളും സഹകരണവും കണക്കിലെടുത്ത് ഈ പഠനത്തിന്റെ സഹ രചയിതാക്കളുടെ പേരുകളില്‍ ഗോമസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios