ഭൂമിയിലേക്ക് വന്ന നിഗൂഢമായ റേഡിയോ സിഗ്നലില്‍ അമ്പരന്ന് ശാസ്ത്രജ്ഞര്‍, വന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച റിലേ 2 എന്ന കൃത്രിമ ഉപഗ്രഹത്തില്‍ നിന്ന്!
സിഡ്‌നി: ബഹിരാകാശത്ത് നിന്ന് ശാസ്ത്രജ്ഞർക്ക് അടുത്തിടെ ലഭിച്ച വളരെ ശക്തവും നിഗൂഢവുമായ റേഡിയോ സിഗ്നൽ കൗതുകമുണര്‍ത്തുകയാണ്. പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്ന ഒരു ഉപഗ്രഹത്തിൽ നിന്ന് നിഗൂഢ റേഡിയോ പൾസ് ശാസ്ത്രജ്ഞർക്ക് ലഭിക്കുകയായിരുന്നു. വളരെ ശക്തമായ സിഗ്‍നൽ ആയിരുന്നു ഇതെന്ന് ന്യൂ സയന്‍റിസ്റ്റിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ സിഗ്നൽ വന്നത് 1964-ൽ നാസ വിക്ഷേപിച്ചതും ഏകദേശം ആറ് പതിറ്റാണ്ടുകളായി പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നതുമായ റിലേ 2 എന്ന ഉപഗ്രഹത്തിൽ നിന്നാണ്.
നാസ 1964-ൽ വിക്ഷേപിച്ച പരീക്ഷണ ആശയവിനിമയ ഉപഗ്രഹമായ റിലേ 2-വില്‍ നിന്നാണ് റേഡിയോ പൾസ് ലഭിച്ചത്. കാലങ്ങളായി ഈ ഉപഗ്രഹം പ്രവര്‍ത്തനരഹിതമായിരുന്നു. റിലേ പ്രോഗ്രാമിന് കീഴിൽ വിക്ഷേപിക്കപ്പെട്ട നാസയുടെ ഒരു പരീക്ഷണാത്മക ആശയവിനിമയ ഉപഗ്രഹമായിരുന്നു റിലേ 2. മധ്യ ഭൗമ ഭ്രമണപഥത്തിലെ ആശയവിനിമയങ്ങൾ പരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത റിലേ 1, റിലേ 2 എന്നീ രണ്ട് ഉപഗ്രഹങ്ങൾ അടങ്ങിയ റിലേ പ്രോഗ്രാമിന്‍റെ ഭാഗമായിരുന്നു ഇത്. രണ്ട് ഉപഗ്രഹങ്ങൾക്കും നാസ ധനസഹായം നൽകിയിരുന്നു. 1964 ബഹിരാകാശത്തേക്ക് അയച്ച റിലേ 2 ഉപഗ്രഹം 1965-ൽ ഡീകമ്മീഷൻ ചെയ്തു. 1967 ആയപ്പോഴേക്കും റിലേ 2-വിന്‍റെ എല്ലാ സാങ്കേതിക ഉപകരണങ്ങളും പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു എന്നാണ് അനുമാനം.
കഴിഞ്ഞ വർഷം ജൂൺ 13-ന്, ഓസ്‌ട്രേലിയയിലെ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ ടെലിസ്‌കോപ്പിൽ (ASKAP) നിന്നാണ് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ 30 നാനോ സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള ഒരു വേഗതയേറിയതും വളരെ ഹ്രസ്വവുമായ റേഡിയോ ഫ്ലാഷ് രേഖപ്പെടുത്തിയത്. കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ ക്ലാൻസി ജെയിംസും സംഘവും ആദ്യം കരുതിയത് ഇതൊരു പുതിയ പൾസേറ്റിംഗ് നക്ഷത്രമോ (പൾസാർ) അല്ലെങ്കിൽ മറ്റേതെങ്കിലും ആകാശ വസ്‍തുവോ ആയിരിക്കാം എന്നാണ്. എന്നാൽ സിഗ്നലിന്‍റെ ഉറവിടത്തിന്‍റെ പിന്നീട് വിശകലനത്തിൽ അത് ഭൂമിയിൽ നിന്ന് ഏകദേശം 20,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റിലേ 2 ഉപഗ്രഹത്തിൽ നിന്നാണ് വന്നതെന്ന് കണ്ടെത്തുകയായിരുന്നു.
റിലേ നിലച്ചിട്ട് ആറ് പതിറ്റാണ്ടുകളായി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞർ ഈ സിഗ്നൽ ഒരു ബാഹ്യ പ്രഭാവമാകാമെന്ന് അനുമാനിക്കുന്നു. അതായത് ഒരു ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജ് അല്ലെങ്കിൽ ഒരു മൈക്രോമീറ്ററോയിറ്റ് കൂട്ടിയിടി മൂലമുണ്ടാകുന്ന പ്ലാസ്‍മ ഡിസ്ചാർജ് പോലുള്ള പ്രഭാവം ആണെന്നാണ് കരുതുന്നത്. ബഹിരാകാശ അവശിഷ്‍ടങ്ങളും ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജും ചെറിയ ഉപഗ്രഹങ്ങൾക്ക് എങ്ങനെ ഭീഷണി ഉയർത്തുന്നുവെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും അത് അളക്കുന്നതിനുള്ള ഒരു പുതിയ മാർഗം നൽകുകയും ചെയ്യുമെന്നും ബ്രിസ്റ്റോൾ സർവകലാശാലയിലെ പ്രൊഫസർ കാരെൻ ആപ്ലിൻ പറയുന്നു.