Asianet News MalayalamAsianet News Malayalam

അപകടകാരികളായ രോഗാണുക്കളെ കൈകാര്യം ചെയ്യാം; അത്യാധുനിക ലാബ് തയ്യാറാക്കി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ

കൊറോണ വൈറസുകള്‍, ചിലയിനം ഇന്‍ഫ്ളുവന്‍സ വൈറസുകള്‍, മൈക്രോ ബാക്റ്റീരിയം ട്യൂബെര്‍ക്കുലോസിസ് തുടങ്ങി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ഗവേഷണത്തിന് ബയോസേഫ്റ്റി ലെവല്‍- 3 എന്ന് നിശ്ചയിക്കപ്പെട്ട ലബോറട്ടറികള്‍ നിര്‍ബന്ധമാണ്. 

New laboratory with BSL 3 standard to handle harmful pathogens started function in RGCB centre afe
Author
First Published Dec 14, 2023, 1:47 PM IST

തിരുവനന്തപുരം: ഉയര്‍ന്ന ജീവാപായ സാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവല്‍- 3 (ബിഎസ്എല്‍-3) ഗവേഷണശാല തലസ്ഥാനത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്നോളജി (എന്‍ഐഎബി), ഹൈദരാബാദ്, മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് (എംസിവിആര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ബിഎസ്എല്‍-3 ലാബ് സൗകര്യമുള്ളത്.

രോഗകാരികളായ സൂക്ഷ്മാണുക്കളുടെ നിര്‍ണ്ണയത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായി ലബോറട്ടറികളെ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതില്‍ തന്നെ, മനുഷ്യനു തീവ്രമായ രോഗാവസ്ഥയ്ക്കോ മരണത്തിനോ കാരണമായേക്കാവുന്നതും എന്നാല്‍ സമൂഹവ്യാപനത്തിനു സാധ്യത കുറഞ്ഞതുമായ സൂക്ഷ്മജീവികളെ റിസ്ക് ഗ്രൂപ്പ്-3 എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ജിസിബിയിലെ സീനിയര്‍ സയന്‍റിസ്റ്റും ബിഎസ്എല്‍ 3 ലാബ് ഇന്‍ ചാര്‍ജ്ജുമായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.

കൊറോണ വൈറസുകള്‍, ചിലയിനം ഇന്‍ഫ്ളുവന്‍സ വൈറസുകള്‍, മൈക്രോ ബാക്റ്റീരിയം ട്യൂബെര്‍ക്കുലോസിസ് തുടങ്ങി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ഗവേഷണത്തിന് ബയോസേഫ്റ്റി ലെവല്‍- 3 എന്ന് നിശ്ചയിക്കപ്പെട്ട ലബോറട്ടറികള്‍ നിര്‍ബന്ധമാണ്. അപകടകാരികളായ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിനും ലബോറട്ടറി ജീവനക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും ഈ ലാബുകളില്‍ കര്‍ശനമായ സുരക്ഷാനടപടികളും പ്രോട്ടോക്കോളുകളുമുണ്ട്.

പകര്‍ച്ചവ്യാധികള്‍, മോളിക്യുലാര്‍ മെഡിസിന്‍, ബയോ ടെക്നോളജി എന്നിവയിലെ ഗവേഷണങ്ങളില്‍ ബിഎസ്എല്‍ 3 ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അപകടകരമായ സൂക്ഷ്മാണുക്കളെ തടയുന്നതിന്ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, എഞ്ചിനീയറിംഗ് നിയന്ത്രണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗനിര്‍ണയ സംവിധാനങ്ങളുടെയും വാക്സിനുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വികസനവും പരീക്ഷണവും തുടങ്ങി സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ബിഎസ്എല്‍ 3 ലാബ് നിര്‍ണായക പങ്ക് വഹിക്കും. പുതിയതും പുനരാവിര്‍ഭവിക്കുന്നതുമായ വൈറല്‍ രോഗങ്ങളുടെ പ്രക്രിയകള്‍ പഠിക്കാനും അവയ്ക്കെതിരെ ആന്‍റിവൈറല്‍ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ ലബോറട്ടറി സഹായകരമാവുമെന്നും ഡോ. രാജേഷ് പറഞ്ഞു.

പൊതുജനാരോഗ്യ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും പകര്‍ച്ചവ്യാധി ഗവേഷണ മേഖലയിലേക്ക് സംഭാവന നല്‍കുന്നതിനും മറ്റ് ഗവേഷണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ആര്‍ജിസിബി ലാബ് പ്രവര്‍ത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios