ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും ഗ്രഹരൂപീകരണ സാധ്യത, ജെയിംസ് വെബ് ടെലിസ്കോപ്പിലെ ഡാറ്റകള്‍ വിശകലനം ചെയ്ത് ഗവേഷകരുടെ കണ്ടെത്തല്‍ 

കാലിഫോര്‍ണിയ: താരാപഥത്തിലെ ഏറ്റവും സങ്കീര്‍ണമായ മേഖലകളില്‍ പോലും ഭൂമിക്ക് സമാനമായ ഗ്രഹങ്ങൾ രൂപംകൊള്ളാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറി‌ഞ്ഞ് ഗവേഷകസംഘം. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ (JWST) നിന്നുള്ള പുതിയ ഡാറ്റ ഉപയോഗിച്ചാണ് ഈ നിരീക്ഷണങ്ങൾ ഗവേഷകര്‍ പങ്കുവെക്കുന്നത്. നമ്മുടെ ഗാലക്സിയിലെ ഏറ്റവും യുവി-സമ്പന്നമായ നക്ഷത്രരൂപീകരണ മേഖലകളിൽ ഒന്നിൽ ഗവേഷകര്‍ നടത്തിയ പഠനത്തിനിടെയായിരുന്നു ഈ കണ്ടെത്തൽ.

ഗ്രഹരൂപീകരണത്തിന് അനുകൂലമല്ലാത്തത്ര രൂക്ഷമായ അൾട്രാവയലറ്റ് (UV) സാന്നിധ്യമുണ്ടായിട്ടും ഗ്രഹരൂപീകരണ ഡിസ്‍ക് അഥവാ XUE-1ന് അതിജീവിക്കാൻ പഠന പ്രദേശത്ത് കഴിഞ്ഞിട്ടുണ്ടെന്ന് ദി ആസ്ട്രോഫിസിക്കൽ ജേണലിൽ മെയ് 20ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭൂമി അഭിമുഖീകരിക്കുന്നതിനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് യുവി റേഡിയേഷനാണ് ആ മേഖലയിലുള്ളത്. ഇത്തരം പ്രതികൂലമായ സാഹചര്യങ്ങൾ ഗ്രഹങ്ങളുടെ രൂപീകരണത്തിന് അനുയോജ്യമല്ലെന്നാണ് മുമ്പ് ജ്യോതിശാസ്ത്രജ്ഞർ കരുതിയിരുന്നത്.

അൾട്രാവയലറ്റ് (യുവി) വികിരണം സമീപത്തുള്ള ചെറിയ നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെ രൂപീകരണത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് വളരെക്കാലമായി കരുതിയിരുന്നതായി പെൻ സ്റ്റേറ്റിലെ ജ്യോതിശാസ്ത്ര വകുപ്പിലെ ഗവേഷണ പ്രൊഫസറും പുതിയ ഗവേഷക പ്രബന്ധത്തിന്‍റെ സഹ രചയിതാവുമായ കോൺസ്റ്റാന്‍റിൻ ഗെറ്റ്മാൻ സ്പേസ് കോമിനോട് പറഞ്ഞു.

ജലതന്‍മാത്രകളുടെ സാന്നിധ്യവും

ബഹിരാകാശത്ത് തീവ്രമായ അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകുന്ന ഗ്രഹ രൂപീകരണ ഡിസ്‍കിലെ ജലസാന്നിധ്യവും വെബ് ടെലിസ്കോപ്പ് കണ്ടെത്തി. കഠിനമായ വികിരണം ഉണ്ടായിരുന്നിട്ടും ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഒരു ഘടകമായ ജല തന്മാത്രകൾ മിനി ഡിസ്‍കിൽ ഉണ്ടായിരുന്നു. ഭൂമി പോലുള്ള കട്ടിയുള്ളതും പാറക്കെട്ടുകളുള്ളതുമായ ഗ്രഹങ്ങൾ രൂപം കൊള്ളുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഡിസ്‍കിന്‍റെ ഉൾഭാഗങ്ങൾ പുറംപാളികളിൽ പതിക്കുന്ന അപകടകരമായ യുവി വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും ഗവേഷകർ പറയുന്നു. വളരെക്കാലമായി സാധ്യതയില്ലെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ ഭൂമി പോലുള്ള ലോകങ്ങൾ രൂപപ്പെടാൻ ഈ സുരക്ഷിത മേഖലയ്ക്ക് കഴിയും.

ഗ്രഹങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള ജ്യോതിശാസ്ത്രജ്ഞരുടെ വീക്ഷണത്തെ ഈ കണ്ടെത്തൽ പുതുക്കുകയും വാസയോഗ്യമായ ലോകങ്ങൾക്കായുള്ള തിരയലിൽ പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. തീവ്രമായ നക്ഷത്രരൂപീകരണ മേഖലകൾ പോലും അവ കാണപ്പെടുന്നത്ര അപകടകരമായിരിക്കില്ലെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ സംശയിക്കുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പിലെ ഡാറ്റകൾ വിശകലനം ചെയ്തുകൊണ്ടുള്ള ഗവേഷണങ്ങൾ ഇനിയും മുന്നോട്ട് പോകുമ്പോൾ പ്രപഞ്ചത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഭൂമി പോലുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള കൂടുതൽ പ്രതീക്ഷകളും നൽകിയേക്കാം.

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്