userpic
user icon
0 Min read

സുനിത വില്യംസിന്റെ മടങ്ങിവരവ് ഇന്ന്, ക്രൂ-9 ഡ്രാ​ഗൺ പേടകം പുലർച്ചെ പറന്നിറങ്ങും; ഉറങ്ങാതെ ഇന്ത്യയും!

Sunita Williams and Butch Wilmore return today 19 march 2025 crew 9 dragon
Sunita Williams

Synopsis

എട്ട് ദിവസ ദൗത്യം 9 മാസത്തിലധികം നീണ്ടെങ്കിലും ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതിയാണ് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടക്കം.

ഫ്ലോറിഡ: ലോകത്തിന്റെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഫ്രീഡം ഡ്രാ​ഗൺ പേടകം ഇന്ന് ലാൻഡ് ചെയ്യും. ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ക്രൂ-9 സംഘത്തിൽ നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമാണുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് പുറപ്പെട്ട് പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ശേഷമാണ് ഇന്ന് പുലർച്ചെ 3:27-ഓടെ ഡ്രാഗണ്‍ പേടകം ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങുക. ഇതിന് ശേഷം നാൽവ‍ർ സംഘത്തെ കരയിലെത്തിക്കും. 

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരാണ് പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ വാസം പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തുക. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. 

എട്ട് ദിവസ ദൗത്യം 9 മാസത്തിലധികം നീണ്ടെങ്കിലും ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതിയാണ് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടക്കം. ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടം സുനിത ഈ യാത്രയില്‍ സ്വന്തമാക്കിയിരുന്നു. സുനിതയ്ക്കൊപ്പം ബുച്ചും ബഹിരാകാശ നടത്തം നടത്തി. ക്രൂ-9 സംഘത്തിലെ മറ്റം​ഗങ്ങളായ നാസയുടെ നിക് ഹേഗ്, റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരും ശ്രദ്ധേയമായ സംഭാവനകൾ ബഹിരാകാശ ​ഗവേഷണത്തിൽ നൽകിയാണ് ഐഎസ്എസിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.

62 മണിക്കൂറും ഒമ്പത് മിനിറ്റും; സുനിത വില്യംസ് ബഹിരാകാശ രാജ്ഞിയായ ആ സുവര്‍ണ നിമിഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos