userpic
user icon
0 Min read

9 മാസം ജീവിച്ച് കൊതിതീര്‍ന്നില്ല, ബഹിരാകാശം മിസ് ചെയ്യുമെന്ന് സുനിത വില്യംസ്; നമിക്കണം ഈ ഉരുക്കുവനിതയെ!

What Sunita Williams said just before Dragon spacecraft Depart from International Space Station
Sunita Williams

Synopsis

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 9 മാസത്തെ ദൗത്യം വിജയമാക്കി ഭൂമിയിലേക്ക് മടങ്ങും മുമ്പ് പ്രതികരണവുമായി സുനിത വില്യംസും ബുച്ച് വില്‍മോറും 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസം ചെലവഴിച്ചതിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോവും മടക്കയാത്രയില്‍ സ്പേസ് എക്സിന്‍റെ ഫ്രീഡം ഡ്രാഗണ്‍ പേടകത്തിലുണ്ട്. വെറും 8 ദിവസത്തേക്കുള്ള ദൗത്യത്തിനായി പോയി 9 മാസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടും മതിവരുന്നില്ല എന്ന തരത്തിലാണ് മടക്കയാത്രയ്ക്ക് മുമ്പ് സുനിത വില്യംസിന്‍റെ പ്രതികരണം. 

കഴിഞ്ഞ ദിവസം സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഒരു വാർത്താസമ്മേളനത്തിൽ ഭൂമിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചു. ബഹിരാകാശത്തെക്കുറിച്ച് ഏറ്റവും കൂടുതൽ നഷ്‍ടപ്പെടുത്തുന്നത് എന്താണെന്ന് സുനിത വില്യംസിനോട് ചോദിച്ചപ്പോൾ, "എല്ലാം" എന്നായിരുന്നു ഉടനടി മറുപടി.

"എല്ലാം മിസ് ചെയ്യും. ഈ അനുഭവത്തിന് വളരെയധികം നന്ദിയുണ്ട്. ഇത് ബുച്ചിന്‍റെയും എന്‍റെയും മൂന്നാമത്തെ ഐഎസ്എസിലേക്കുള്ള യാത്രയാണ്. ഇവിടെ നിന്നും ഞങ്ങൾക്ക് ഒരുപാട് നല്ല അനുഭവങ്ങളായിരുന്നു ലഭിച്ചത്. അത് എങ്ങനെ സൂക്ഷിക്കണമെന്ന് അറിയില്ല. പ്രിയപ്പെട്ടവർക്ക് ഇതൊരു റോളർകോസ്റ്റർ റൈഡ് ആയിരുന്നു. ബഹിരാകാശ ദൗത്യങ്ങൾക്ക് യാത്രികർക്ക് പരിശീലനം നൽകാറുണ്ട്. എങ്കിലും അവരുടെ മടങ്ങിവരവിനെക്കുറിച്ചുള്ള ആശങ്കകൾ പ്രിയപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു"- സുനിത പറഞ്ഞു.

Read more: 9 മാസത്തെ കാത്തിരിപ്പാണ്! സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ ലാന്‍ഡിംഗ് തത്സമയം കാണാന്‍ അവസരം

വ്യക്തമായ തിരിച്ചുവരവ് തീയതിയില്ലാതെ മാസങ്ങളോളം ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നതിന്‍റെ ബുദ്ധിമുട്ടുകളെക്കുറിച്ചും സുനിത വില്യംസ് സംസാരിച്ചു. "ഞങ്ങളെക്കാളും ബുദ്ധിമുട്ട് അനുഭവിച്ചത് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരിക്കും. ഞങ്ങൾ ഇവിടെ ഒരു ദൗത്യവുമായി കഴിയുകയായിരുന്നു. എല്ലാ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തു. എപ്പോൾ തിരിച്ചുവരുമെന്ന് അറിയാത്തതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ആ അനിശ്ചിതത്വമെല്ലാം ഈ യാത്രയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമായിരുന്നു"- അവർ കൂട്ടിച്ചേർത്തു.

ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് നിരവധി സാങ്കേതിക തകരാറുകൾ നേരിടുകയും യാത്രികരില്ലാതെ ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തതിന് ശേഷം സുനിതയും വിൽമോറും മാസങ്ങളായി ബഹിരാകാശത്ത് ചെലവഴിക്കുകയായിരുന്നു. ഒടുവില്‍ ഇരുവരുമടക്കം നാല് പേരെ വഹിച്ച് ഐഎസ്എസില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ഫ്രീഡം ഡ്രാഗണ്‍ പേടകം നാളെ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യും. അറ്റ്‌ലാന്‍റിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും ഈ സുരക്ഷിത ലാന്‍ഡിംഗ് നടക്കുക. ഇതിന് ശേഷം സ്‌പേസ് എക്സുമായി ചേര്‍ന്ന് നാസ ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് കരയിൽ എത്തിക്കും. 

Read more: 62 മണിക്കൂർ ബഹിരാകാശ നടത്തം, പൂന്തോട്ട പരിപാലനം: സുനിത വില്യംസ് ബഹിരാകാശത്ത് സമയം ചെലവഴിച്ചത് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos