ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ കെ എൽ രാഹുലും റിഷഭ് പന്തും സെഞ്ചുറി നേടി. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കെ എല്‍ രാഹുലിനും (113) റിഷഭ് പന്തിനും (118) സെഞ്ചുറി. പന്ത് ആദ്യ ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 287 റണ്‍സ് നേടിയിട്ടുണ്ട്. 293 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പന്തും മടങ്ങി.  ഇന്ന് ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി ചേര്‍ത്താണ് ഗില്‍ മടങ്ങിയത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രാഹുലിനൊപ്പം കരുണ്‍ നായരാണ് (0) ക്രീസില്‍.

ഗില്‍ മടങ്ങിയ ശേഷം പന്ത് - രാഹുല്‍ സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതുവരെ 14 ബൗണ്ടറികള്‍ രാഹുല്‍ നേടി. 13-ാം ടെസ്റ്റ് സെഞ്ചുറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്. മറുവശത്ത് ആക്രമിച്ച കളിച്ച വേഗത്തില്‍ റണ്‍സ് കണ്ടെത്തി. മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടുന്നതാണ് പന്തിന്റെ ഇന്നിംഗ്‌സ്. നേരത്തെ ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്. ഇന്ത്യയുടെ 471നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. ബുമ്രയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാള്‍ (101) എവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.

മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങുന്നത്. സായ് ആവട്ടെ ബെന്‍ സ്റ്റോക്സിനും വിക്കറ്റ് നല്‍കി. രാഹുലിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് സായ് പുറത്താവുന്നത്. ഇപ്പോള്‍ ഗില്ലും പവലിയനില്‍ തിരിച്ചെത്തി. നേരത്തെ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗിനെത്തിയിരുന്നത്. എന്നാല്‍ സെഞ്ചുറിക്കാരന്‍ പോപ്പിന്റെ വിക്കറ്റ് തന്നെ ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായി.

വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് പോപ്പ് മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റെ ഇന്നിംഗ്സ്. വൈകാതെ സ്റ്റോക്സും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. പിന്നാലെ ബ്രൂക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മാത്രമല്ല, ജാമി സ്മിത്തിനൊപ്പം 73 റണ്‍സ് ചേര്‍ക്കാനും ബ്രൂക്കിന് സാധിച്ചു. എന്നാല്‍ സ്മിത്തിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ ക്രിസ് വോക്സ് (38) ബ്രൂക്കിന് പിന്തുണ നല്‍കി. ഇരുവരും 49 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ഇരുവരും മുന്നേറവെ പ്രസിദ്ധ് വീണ്ടും ബ്രേക്ക് ത്രൂമായെത്തി. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ബ്രൂക്ക് വീണു. രണ്ട് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തുടര്‍ന്ന് വാലറ്റക്കാരാണ് ഇംഗ്ലണ്ടിനെ 450 കടത്തിയത്. വോക്സ്, ബ്രൈഡണ്‍ കാര്‍സെ (22), ജോഷ് ടംഗ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് ബഷീര്‍ (1) പുറത്താവാതെ നിന്നു. സാക്ക് ക്രോളി (4), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28) എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

മൂന്ന് വിക്കറ്റുകളും ജസ്പ്രിത് ബുമ്രയ്ക്കായിരുന്നു. രണ്ടാം ദിനം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. 359-3 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.

സെഞ്ചുറി നേടിയ ജയ്സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player