ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ തേടി പുതിയ റെക്കോര്‍ഡ്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സില്‍ 134 റണ്‍സ് നേടിയ പന്ത്, രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സും സ്വന്തമാക്കി. പിന്നാലെ താരം പുറത്താവുകയും ചെയ്തു. മൂന്ന് സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്.
പന്തിനൊപ്പം കെ എല്‍ രാഹുലും സെഞ്ചുറി നേടിയിരുന്നു. 133 റണ്‍സുമായി രാഹുല്‍ ഇപ്പോഴും ക്രീസിലുണ്ട്. 17 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. ഇരുവരുടേയും ഇന്നിംഗ്‌സിന്റെ കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 318 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നിലവില്‍ 324 റണ്‍സിന്റെ ലീഡായി ടീമിന്. രാഹുലിനൊപ്പം കരുണ്‍ നായര്‍ (11) ക്രീസിലുണ്ട്. രണ്ട് ഇന്നിംഗ്‌സിലേയും സെഞ്ചുറിക്ക് പിന്നാലെ പന്തിനെ തേടി മറ്റുചില നേട്ടങ്ങള്‍ കൂടിയെത്തി. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്.
മാത്രമല്ല, ഇംഗ്ലീഷ് മണ്ണില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും. ലോക ക്രിക്കറ്റില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. മുന്‍ സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്‌ളവറാണ് ആദ്യ താരം. 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്ന ഫ്‌ളവറിന്റെ നേട്ടം. SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യന്‍ ബാറ്റര്‍ കൂടിയാണ് പന്ത്. വിരാട് കോലി (അഡ്‌ലെയ്ഡ്, 2014), രാഹുല്‍ ദ്രാവിഡ് (ഹാമില്‍ട്ടണ്‍, 1999), അസങ്ക ഗുരുസിന്‍ഹ (ഹാമില്‍ട്ടണ്‍, 1991), വിജയ് ഹസാരെ (അഡ്‌ലെയ്ഡ്, 1948) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
ഇന്ന് പന്തിന് പുറമെ ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി ചേര്‍ത്താണ് ഗില്‍ മടങ്ങിയത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ പന്ത് - രാഹുല്‍ സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങുന്നത്. സായ് ആവട്ടെ ബെന്‍ സ്റ്റോക്സിനും വിക്കറ്റ് നല്‍കി. രാഹുലിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് സായ് പുറത്താവുന്നത്.