ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ റിഷഭ് പന്ത് സ്വയം പ്രചോദിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു.
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമിച്ച് കളിക്കുന്ന താരമാണ് റിഷഭ് പന്ത്. എന്ത് ബുദ്ധിമുട്ട് സഹിച്ചും റണ്‍സ് കണ്ടെത്തുകയെന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ പന്ത് രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറിക്കരികെയാണ്.
ഇന്നും ബൗളര്‍മാരെ ഭയക്കാതെ ബാറ്റ് വീശിയ പന്ത് പലപ്പോഴും അമിതാവേശം കാണിച്ചു. അതില്‍ ചില ബോളുകള്‍ പന്തിന് തൊടാന്‍ സാധിച്ചിരുന്നില്ല. ബോളുകള്‍ നോക്കി കളിക്കൂവെന്ന് രാഹുല്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്. പിന്നാലെ പന്ത് സ്വയം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അദ്ദേഹം പറയുന്നത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. പന്ത് പറയുന്നതിങ്ങനെ... ''ഇത്തരം ഷോട്ടുകള്‍ പ്രധാനമല്ല. അടിക്കണമെങ്കില്‍, അടുത്ത പന്തില്‍ നേരെ കളിക്കുക. എന്തിനാണ് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.'' പന്ത് സ്വയം ചോദിച്ചു. വീഡിയോ കാണാം...
പന്ത് സെഞ്ചുറിക്കരികെ നില്‍ക്കുമ്പോള്‍ സഹതാരം കെ എല്‍ രാഹുല്‍ ശതകം പൂര്‍ത്തിയാക്കി. ഇന്ത്യക്കിപ്പോള്‍ 245 റണ്‍സ് ലീഡായി. പന്ത് 88 റണ്‍സുമായി രാഹുലിനൊപ്പമുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 241 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്. ഇന്ത്യയുടെ 471നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് തുണയായത്.
ബുമ്രയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാള്‍ (101) എവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്. മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങുന്നത്. സായ് ആവട്ടെ ബെന്‍ സ്റ്റോക്സിനും വിക്കറ്റ് നല്‍കി. രാഹുലിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് സായ് പുറത്താവുന്നത്. ഇന്ന് ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.