അച്ചട്ടായ പ്രവചനങ്ങള്‍... നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ സ്റ്റാറായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഐ മോഡല്‍ ദേവസേന, കേരളത്തിൽ ആദ്യമായി ഒരു ന്യൂസ്‌ ചാനലിലൂടെ നിർമ്മിത ബുദ്ധിയും ഡാറ്റ സയൻസും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലസൂചന കൃത്യമായി പ്രവചിക്കപ്പെട്ടു

നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച ഒരു പേരാണ് 'ദേവസേന'. കേരളത്തിൽ ആദ്യമായി ഒരു ന്യൂസ്‌ ചാനലിലൂടെ നിർമ്മിത ബുദ്ധിയും ഡാറ്റ സയൻസും സംയോജിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലസൂചന കൃത്യമായി പ്രവചിക്കപ്പെട്ടു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ 'പേസ് ടെക്' എന്ന കമ്പനിയുമായി സഹകരിച്ചാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ദേവസേന എന്ന എഐ മോഡലിന് രൂപം നൽകിയത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് എഐ സഹായത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ പ്രൊമോ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

നിലമ്പൂരിൽ വോട്ടെണ്ണി തുടങ്ങിയത് മുതൽ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരുടെ കാഴ്‌ചയില്‍ പതിഞ്ഞത് ദേവസേനയുടെ കണക്കുകൂട്ടലുകളാണ്. ആരാണ് ദേവസേന... ആരൊക്കെയാണ് ദേവസേനയ്ക്ക് പിന്നിൽ... വിശദമായി അറിയാം.

ചരിത്രത്തിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) സഹായത്തോടെ തെരഞ്ഞെടുപ്പ് ഫല സാധ്യതകള്‍ പ്രവചിക്കുകയായിരുന്നു ദേവസേന എന്ന എഐ മോഡല്‍. 2011 മുതല്‍ നിലമ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ബൂത്ത് തലം മുതലുള്ള കണക്കുകള്‍ ഉപയോഗിച്ച് എഐ മോഡലിനെ പരിശീലിപ്പിച്ചാണ് ദേവസേനയെ തയ്യാറാക്കിയത്. എന്നാല്‍ ഈ എഐ വിശകലനത്തില്‍ ഒരു വലിയ വെല്ലുവിളി കൂടിയുണ്ടായിരുന്നു. കാരണം, ഇത്തവണത്തെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഇലക്ഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥികളില്‍ വ്യത്യാസമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവട്ടവും നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി വിജയിച്ച പി വി അന്‍വര്‍ ഇത്തവണ സ്വതന്ത്രനായാണ് മത്സരിച്ചത്. വിഎസ് ജോയ്- ആര്യാടന്‍ ഷൗക്കത്ത് വിവാദവും എം സ്വരാജിന്‍റെ വരവും ഫലത്തെ ഏത് തരത്തില്‍ ബാധിക്കും എന്നിങ്ങനെയുള്ള ആകാംക്ഷകളുമുണ്ടായിരുന്നു. ഈ വിശകലന വെല്ലുവിളികളെ കൂടി സമര്‍ഥമായി കൈകാര്യം ചെയ്യും വിധത്തിലാണ് ദേവസേന എഐ മോഡല്‍ പേസ് ടെക് തയ്യാറാക്കിയത്. അന്‍വര്‍ 20,000-ത്തിനടുത്ത് വോട്ടുകള്‍ പിടിക്കുമെന്ന ദേവസേനയുടെ പ്രവചനം ഫലിച്ചത് എഐ മോഡലിനെ തയ്യാറാക്കിയതിലെ കൃത്യതയ്ക്ക് അടിവരയിടുന്നു.

‘2011 മുതലുള്ള ബൂത്ത്‌ തല തെരഞ്ഞെടുപ്പ് വിവരങ്ങൾ, മുന്നണികളുടെയും സ്ഥാനാർഥികളുടെയും അനുകൂല- പ്രതികൂല ഘടകങ്ങൾ, അൻവർ ഫാക്റ്റർ’… എന്നിങ്ങനെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് എഐ ടൂൾ നിർമ്മിച്ചത് എന്ന് പേസ് ടെക് സിഇഒ ഗീതു ശിവകുമാർ പറഞ്ഞു.

നിലമ്പൂരില്‍ ആദ്യ റൗണ്ട് വോട്ടെണ്ണൽ പുറത്തുവന്നപ്പോൾ തന്നെ ട്രെന്‍ഡും ഭൂരിപക്ഷവും എവിടേക്ക് എന്നതിന്‍റെ കൃത്യമായ സൂചനകൾ ദേവസേന നൽകി. കണക്കുകള്‍ തുടക്കം മുതല്‍ കൃത്യമായതോടെ ദേവസേനയെ തെരഞ്ഞെടുപ്പ് അപ്‌ഡേറ്റുകള്‍ക്കായി കാത്തിരുന്ന മലയാളികള്‍ വിടാതെ പിന്തുടര്‍ന്നു. മാറുന്ന കാലത്ത്, കാലത്തിനൊത്ത മാറ്റവുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയിരിക്കുകയാണ് സ്‌പേസ് ടെക്കുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച ദേവസേന എന്ന എഐ മോഡല്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് എഐ സഹായത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ പ്രൊമോ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിബിന്‍ ബാഹുലയനാണ് ഈ എഐ പ്രൊമോ വീഡിയോയുടെ ശില്‍പി. 

ദേവസേനയെ കുറിച്ചുള്ള വിശേഷങ്ങള്‍ വിശദമായി- വീഡിയോ

വോട്ടെണ്ണലിന്റെ തുടക്കം മുതൽ പ്രവചനങ്ങളുമായി ഏഷ്യാനെറ്റിനോടൊപ്പം ഉണ്ടായിരുന്ന ദേവസേന ആരാണ് ?