ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനസംഖ്യ കുറഞ്ഞുവരികയാണെന്ന് സുഭാഷ് കാക്കിന്‍റെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: എഐ കാരണം ജോലി നഷ്‍ടപ്പെടുമോ എന്നതായിരുന്നു അടുത്തകാലത്തെ ഏറ്റവും വലിയ ഭയം. എന്നാൽ ആ ഭയത്തെപ്പോലും വെല്ലുന്ന അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോൾ വരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാരണം ലോക ജനസംഖ്യ അപകടകരമായി കുറഞ്ഞേക്കും എന്നതാണ് പുതിയ ആശങ്ക. കൃത്രിമബുദ്ധിയുടെ വളർച്ച ഇതേവേഗതയിൽ തുടർന്നാൽ, 2300 ആകുമ്പോഴേക്കും ലോകജനസംഖ്യ വെറും 10 കോടിയായി കുറയുമെന്ന് ഒക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ സുഭാഷ് കാക്ക് പറയുന്നു. ഈ പ്രവണത തുടർന്നാൽ, ലോകത്തിലെ വലിയ നഗരങ്ങൾ വിജനമായേക്കാമെന്നും അദേഹം പ്രവചിച്ചതായി ദി സൺ മാഗസിനെ ഉദ്ദരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടിക്കുന്ന വെല്ലുവിളികളെ വിനാശകരം എന്നാണ് സുഭാഷ് കാക്ക് വിശേഷിപ്പിച്ചത്. എഐ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ആളുകൾക്ക് തിരിച്ചറിയുന്നില്ലെന്നും അദേഹം പറഞ്ഞു. എഐയുടെ വരവോടെ ജോലികൾ ഓട്ടോമേറ്റ് ചെയ്യപ്പെടുമ്പോൾ മനുഷ്യരുടെ ആവശ്യം കുറയുമെന്നതിനാല്‍ തൊഴിലവസരങ്ങൾ കുറയുമെന്നും കാക്ക് വിശ്വസിക്കുന്നു. കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകളും തൊഴിലില്ലായ്‌മയും പരിഗണിക്കുമ്പോള്‍ ജനനനിരക്ക് കുറയുമെന്നാണ് കാക്ക് പറയുന്നത്. ഈ പോക്ക് തുടര്‍ന്നാല്‍ ലോകജനസംഖ്യ കുത്തനെ കുറയുമെന്നും 2300 അല്ലെങ്കിൽ 2380 ആകുമ്പോഴേക്കും ഭൂമിയിലെ ജനസംഖ്യ 100 ദശലക്ഷം ആയി കുറയുമെന്നും സുഭാഷ് കാക്ക് മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ സമീപ വർഷങ്ങളില്‍ ജനസംഖ്യയിലുണ്ടായ പ്രകടമായ കുറവ് ഉദാഹരണമായി സുഭാഷ് കാക്ക് ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണത തുടർന്നാൽ വരുംകാലങ്ങളിൽ ലോകത്തിലെ വലിയ നഗരങ്ങൾ വിജനമായേക്കാമെന്നും സുഭാഷ് കാക്ക് പറഞ്ഞു. ലണ്ടൻ, ന്യൂയോർക്ക് പോലുള്ള നഗരങ്ങൾ ശൂന്യമാകുമെന്നും ലോഹവും യന്ത്രങ്ങളും മാത്രം നിറഞ്ഞതായിരിക്കും വരും ലോകമെന്നും അദേഹം പറഞ്ഞു. ജനനനിരക്ക് കുറയുന്നത് മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് വ്യക്തമാക്കാൻ സ്പേസ് എക്സ് തലവൻ ഇലോൺ മസ്‍കിന്‍റെ മുന്നറിയിപ്പുകളും സുഭാഷ് കാക്ക് ഉദ്ദരിച്ചു. മനുഷ്യവംശം വംശനാശം സംഭവിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും നമ്മുടെ കൺമുന്നിൽ തന്നെ ഒരു ജനസംഖ്യാ തകർച്ച സംഭവിക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് സുഭാഷ് കാക്ക് പറയുന്നു.