2,000 കിലോമീറ്റര്‍ ദൂരം പ്രഹര ശേഷിയും 1,500 കിലോഗ്രാം വാര്‍ഹെഡുമുള്ള ഖോറാംഷഹർ-4 എന്ന കൂറ്റന്‍ റോക്കറ്റാണ് ഇറാന്‍ ഇന്ന് ഇസ്രയേലിലേക്ക് പ്രയോഗിച്ചത്

ടെഹ്‌റാന്‍: ഇസ്രയേലിനെ സഹായിക്കാന്‍ മൂന്ന് ആണവ സമ്പുഷ്‌ടീകരണ നിലയങ്ങളില്‍ അമേരിക്ക നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷത്തിന് രാജ്യത്തിന്‍റെ ഏറ്റവും വലിയ മിസൈല്‍ പ്രയോഗിച്ച് ഇറാന്‍റെ മറുപടി. 2,000 കിലോമീറ്റര്‍ ദൂരം പ്രഹരശേഷിയും 1,500 കിലോഗ്രാം വാര്‍ഹെഡുമുള്ള ഖോറാംഷഹർ-4 എന്ന കൂറ്റന്‍ റോക്കറ്റാണ് ഇറാന്‍ ഇന്ന് ഇസ്രയേലിലേക്ക് തൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഖൈബര്‍ മിസൈല്‍ എന്നൊരു പേര് കൂടി ഈ മധ്യ-ദൂര ബാലിസ്റ്റിക് മിസൈലിനുണ്ട്. ഒന്നിലേറെ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ഈ മിസൈലിനാവും എന്നാണ് ഇറാന്‍റെ അവകാശവാദം.

പേര് വന്ന വഴി

ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയതാണ് ഖോറാംഷഹർ 4. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരമായ ഖോറാംഷഹറിന്‍റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ പിടിച്ചടക്കിയ, ഇന്നത്തെ സൗദി അറേബ്യയിലുള്ള ഒരു ജൂത കോട്ടയുടെ പേരാണ് ഖൈബര്‍.

ഖോറാംഷഹർ-4 അഥവാ ഖൈബര്‍ എന്ന് പേരുള്ള റോക്കറ്റ് ഇറാന്‍റെ ആയുധപ്പുരയില്‍ നിലവിലുള്ള ഏറ്റവും വലിയ മിസൈലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോറാംഷഹർ-4 എത്രത്തോളം അപകടകാരിയാണ് എന്ന് പരിശോധിക്കാം. ഇറാനിലെ പൊതുമേഖല പ്രതിരോധ കമ്പനിയായ എയ്‌റോസ്‌പേസ് ഇന്‍ഡ‌സ്ട്രീസ് ഓര്‍ഗനൈസേഷന്‍ (എഐഒ) വികസിപ്പിച്ച മധ്യ-ദൂര ബാലിസ്റ്റിക് ദ്രവ ഇന്ധന മിസൈലാണ് ഖോറാംഷഹർ-4. ഖോറാംഷഹർ മിസൈല്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട അപ്‌ഡേറ്റഡ് മിസൈലാണിത്. 2017 ജനുവരിയിലാണ് ഇറാന്‍ ഖോറാംഷഹർ-4 മിസൈല്‍ ആദ്യമായി പരീക്ഷിച്ചത്. അതേ വര്‍ഷം സെപ്റ്റംബറില്‍ ടെഹ്‌റാനിലെ മിലിറ്ററി പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഉത്തര കൊറിയയുടെ Hwasong-10 മധ്യ-ദൂര മിസൈലുമായി ഖോറാംഷഹർ-4ന് സാമ്യതകളുള്ളതായി പ്രതിരോധ വിദഗ്‌ധര്‍ മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ വലിപ്പത്തില്‍ Hwasong-10നേക്കാള്‍ വലുതാണ് ഖോറാംഷഹർ-4. പതിമൂന്ന് മീറ്റര്‍ നീളം ഇറാന്‍റെ നാലാംതലമുറ ഖോറാംഷഹർ മിസൈലിനുണ്ട്.

അതിവേഗം, അനവധി ആക്രമണങ്ങള്‍

അന്തരീക്ഷത്തിന് പുറത്ത് മാക് 16 ഉം, റീ എന്‍ട്രിയില്‍ മാക് 8 ഉം വേഗം കൈവരിക്കാനാവുന്നതാണ് ഖോറാംഷഹർ-4 മിസൈലിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് വിശദീകരണം. 2,000 കിലോമീറ്റര്‍ പരിധിയുള്ള ഈ മിസൈലിന് 2,500 കി.മീ വരെ സഞ്ചരിക്കാനാകും എന്നും വിലയിരുത്തലുകളുണ്ട്. 1,500 കിലോഗ്രാം അല്ല, 1,800 കിലോഗ്രാം വരെ ആയുധം വഹിക്കാന്‍ ശേഷിയുണ്ട് എന്നും പറയപ്പെടുന്നു. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത ഖോറാംഷഹർ-4 മിസൈല്‍ എന്ത് ആഘാതമാണ് സൃഷ്ടിച്ചത് എന്ന് വ്യക്തമല്ലെങ്കിലും, പറക്കലിന്‍റെ അവസാന ഘട്ടത്തില്‍ വേര്‍പെടുന്ന വാര്‍ഹെഡ് 80 ലക്ഷ്യസ്ഥാനങ്ങള്‍ വരെ അതിവേഗം ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സത്യമെങ്കില്‍, ഖോറാംഷഹർ-4 മിസൈലിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും എതിരാളികള്‍ക്ക് വെല്ലിവിളിയായിരിക്കും. അതിനാല്‍ തന്നെ ഖോറാംഷഹർ-4 മിസൈല്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

യുഎസ് ഇന്ന് പുലര്‍ച്ചെ ഇറാന്‍റെ ഫോര്‍ഡോ, നഥാന്‍സ്, ഇസ്‌ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ടോമഹോക്ക് സബ്‌സോണിക് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അമേരിക്ക ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തില്‍ ഇറാൻ, രാജ്യത്തിന്‍റെ ഏറ്റവും ഭാരം കൂടിയ പേലോഡ് വഹിക്കാൻ ശേഷിയുള്ള ഖോറാംഷഹർ-4 മിസൈൽ ഉപയോഗിച്ചത്. അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇന്ന് ഖോറാംഷഹർ-4 ഉള്‍പ്പടെ 40 മിസൈലുകള്‍ ഇസ്രയേലിലേക്ക് പായിച്ചതായാണ് ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡ് പറയുന്നത്.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News