ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസർ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചാറ്റ്ജിപിടി മാതൃകമ്പനി

Synopsis
വാഷിംഗ്‍ടൺ ഡിസിയിലെ കോടതിയിൽ സാക്ഷി വിസ്‍താരത്തിനിടെയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറിനോടുള്ള താൽപ്പര്യം ഓപ്പൺഎഐ പ്രൊഡക്റ്റ് മാനേജർ നിക്ക് ടർലി വെളിപ്പെടുത്തിയത്.
ഗൂഗിളിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആന്റിട്രസ്റ്റ് വിചാരണയ്ക്കിടെ, വെബ് ബ്രൗസറായ ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ. ഓൺലൈൻ സെർച്ചിംഗ് വിപണിയിൽ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്‍താവന.
വാഷിംഗ്‍ടൺ ഡിസിയിലെ കോടതിയിൽ സാക്ഷി വിസ്‍താരത്തിനിടെയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറിനോടുള്ള താൽപ്പര്യം ഓപ്പൺ എഐ പ്രൊഡക്റ്റ് മാനേജർ നിക്ക് ടർലി വെളിപ്പെടുത്തിയത്.
സെർച്ച് എഞ്ചിൻ വിപണിയിലെ കുത്തക വൽക്കരണ നടപടികൾ ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് യുഎസിൽ ആന്റി-ട്രസ്റ്റ് വിചാരണ നേരിടുന്നത്.
നടപടികൾക്കിടെ, ഓഗസ്റ്റോടെ ഗൂഗിൾ അതിന്റെ ബിസിനസ് രീതികൾ പരിഷ്‍കരിക്കണമെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ) വ്യക്തമാക്കിയിരുന്നു. കൂടാതെ, ഗൂഗിളിന്റെ വെബ് ബ്രൗസർ വിഭാഗം വെട്ടിക്കുറയ്ക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ആന്റിട്രസ്റ്റ് കേസിൽ ഗൂഗിൾ തോൽക്കുകയും ക്രോം വിൽക്കേണ്ടി വരികയും ചെയ്താൽ, ഓപ്പൺഎഐ തീർച്ചയായും അത് വാങ്ങുന്നതിൽ താൽപ്പര്യം കാണിക്കുമെന്നാണ് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ചീഫ് പ്രൊഡക്റ്റ് ഓഫീസർ നിക്ക് ടർലി ഇപ്പോൾ പറഞ്ഞത്.
ചാറ്റ്ജിപിടിയിൽ ഗൂഗിൾ സെർച്ച് എപിഐ ഉപയോഗിക്കുന്നതിന് ഓപ്പൺഎഐ ഗൂഗിളിനോട് അനുമതി ചോദിച്ചിരുന്നതായും എന്നാൽ ഗൂഗിൾ അത് നിരസിച്ചതായും നിക്ക് ടർലി വെളിപ്പെടുത്തി. നിലവിലുള്ള സെർച്ച് ദാതാവുമായി ഓപ്പൺ എഐ പ്രശ്‍നങ്ങൾ നേരിടുന്ന സമയത്താണ് ഈ ആവശ്യം ഉന്നയിച്ചതെന്നും ഗൂഗിൾ എപിഐകൾക്ക് തങ്ങളുടെ ഉൽപ്പന്നം കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്ന് കരുതിയതെന്നും ഓപ്പൺഎഐ പറയുന്നു. എന്നാൽ ഈ ആവശ്യം ഗൂഗിൾ നിരസിക്കുകയായിരുന്നു.
അതേ സമയം ഗൂഗിളിന്റെ ക്രോം ബ്രൗസർ വിൽക്കാൻ നിർബന്ധിക്കണമെന്ന് യുഎസ് ഗവൺമെന്റ് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ക്രോമും ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം വിൽക്കാൻ നിർബന്ധിച്ചുകൊണ്ട് യുഎസ് സർക്കാർ കേസിന്റെ പരിധിക്ക് അപ്പുറത്തേക്ക് പോയി എന്നാണ് ഗൂഗിളിന്‍റെ വാദം.