Asianet News MalayalamAsianet News Malayalam

പൊന്നാങ്ങളയ്‍ക്ക് പകരം മറ്റാരുണ്ട്; കനത്ത മഞ്ഞിൽ 4 കിലോമീറ്റർ സഹോദരിക്ക് വഴിയൊരുക്കി പവൻ

വീഡിയോയിൽ പവൻ ഒരു വടിയുമായി റിഷികയുടെ മുന്നിൽ നടക്കുന്നത് കാണാം. അവൻ ആ വടിവച്ചുകൊണ്ട് മുന്നിലുള്ള മഞ്ഞ് നീക്കി അവൾക്ക് പോകാനുള്ള വഴിയൊരുക്കുകയാണ്.

brother makes way for sister in snow to reach exam centre Lahaul and Spiti rlp
Author
First Published Mar 10, 2024, 1:36 PM IST

സഹോദരങ്ങൾ തമ്മിലുള്ള ബന്ധം നിർവ്വചിക്കാൻ സാധിക്കാത്തതാണ്. മിക്കവാറും തമ്മിൽ വഴക്കും അടിയും ആണെങ്കിലും പരസ്പരം വളരെ അധികം സ്നേഹമുള്ളവരായിരിക്കും സഹോദരങ്ങൾ. ഒരാളില്ലാതെ മറ്റൊരാൾക്ക് പറ്റില്ല എന്ന അവസ്ഥ. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന് പകരം വയ്ക്കാനായി ഈ ലോകത്ത് മറ്റൊന്നും കാണില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതിയിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുകയാണ്. അതിലൂടെ ഒരു സഹോദരനും സഹോദരിയും നടന്നു പോകുന്നതാണ് വീഡിയോയിൽ. എന്നാൽ, സഹോദരിക്ക് പരീക്ഷാഹാളിൽ എത്തുന്നതിന് വേണ്ടി ആ മഞ്ഞ് മുറിച്ച് വഴിയുണ്ടാക്കിക്കൊടുക്കുകയാണ് സഹോദരൻ. നാല് കിലോമീറ്റർ അങ്ങനെ നടന്നാലാണത്രെ അവൾക്ക് പരീക്ഷാഹാളിൽ എത്താൻ സാധിക്കുക. wisehimachal എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

'ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതി ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ഗോന്ദാലയിൽ എത്താൻ ഖാങ്സാറിൽ നിന്നുള്ള വിദ്യാർത്ഥിനിയായ റിഷിക ഏകദേശം 3 അടി വരുന്ന മഞ്ഞിലൂടെ 4 കിലോമീറ്റർ നടന്നു. അവളുടെ സഹോദരൻ പവൻ അവളെ ഖാങ്‌സാറിൽ നിന്ന് ഗോന്ദല പരീക്ഷാ കേന്ദ്രത്തിലേക്ക് ആ മഞ്ഞിലൂടെ എത്തിക്കുകയായിരുന്നു' എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 

വീഡിയോയിൽ പവൻ ഒരു വടിയുമായി റിഷികയുടെ മുന്നിൽ നടക്കുന്നത് കാണാം. അവൻ ആ വടിവച്ചുകൊണ്ട് മുന്നിലുള്ള മഞ്ഞ് നീക്കി അവൾക്ക് പോകാനുള്ള വഴിയൊരുക്കുകയാണ്. ശ്രമകരമായ സാഹചര്യത്തിൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് അവൻ സഹോദരിക്ക് വേണ്ടി വഴിയൊരുക്കുന്ന കാഴ്ച ആരുടെ ഹൃദയത്തെയും സ്പർശിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

സഹോദരങ്ങൾ പരസ്പരം താങ്ങായും തണലായും വർത്തിക്കുന്നവരാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് റിഷികയും പവനും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios