Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്ക് 'തുണ്ട്' വേണം, എന്തും ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും, വീഡിയോ വൈറൽ, അന്വേഷണം

പരീക്ഷ തുടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ചോദ്യപ്പേപ്പർ ചോർന്നിരുന്നു. അത് കുട്ടികൾക്കൊപ്പം സ്കൂളിലെത്തിയിരുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വലിയ ബഹളത്തിന് ഇടയാക്കി.

men climbs school walls to help students in exam mass cheating in haryana school video rlp
Author
First Published Mar 7, 2024, 12:39 PM IST

പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നവർ അനേകമുണ്ട്. പലരും ജയിക്കുന്നത് തന്നെ കോപ്പിയടിച്ചിട്ടാവും. എന്നാൽ, ഹരിയാനയിൽ നിന്നും പുറത്ത് വരുന്നത് വളരെ വ്യത്യസ്തമായ ചില ദൃശ്യങ്ങളാണ്. പത്താം ക്ലാസിലെ കുട്ടികളെ പരീക്ഷയ്ക്ക് സഹായിക്കാൻ വേണ്ടി സ്കൂളിന്റെ ചുവരിൽ വലിഞ്ഞു കയറുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഹരിയാനയിലെ നുഹ് ജില്ലയിലാണ് ഒരു സ്‌കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കിടെ വ്യാപകമായ കോപ്പിയടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉത്തരമെഴുതിയ തുണ്ടുപേപ്പറുകൾ കൈമാറാനാണ് ഇവർ ചുമരിൽ വലിഞ്ഞു കയറുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നുഹ് ജില്ലയിലെ തൗരുവിലെ ചന്ദ്രാവതി സ്കൂളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. 

ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പരീക്ഷ തുടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ചോദ്യപ്പേപ്പർ ചോർന്നിരുന്നു. അത് കുട്ടികൾക്കൊപ്പം സ്കൂളിലെത്തിയിരുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വലിയ ബഹളത്തിന് ഇടയാക്കി. അവരും കുട്ടികളെ ഉത്തരം പറഞ്ഞുകൊടുത്ത് സഹായിക്കുന്നതിന് വേണ്ടി സ്കൂളിന്റെ ചുമരിൽ വലിഞ്ഞു കയറി. 

സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരംജീത് ചാഹൽ എഎൻഐയോട് പറഞ്ഞു. 'കുട്ടികളെ പരീക്ഷയ്ക്ക് സഹായിക്കാനായി ചില കുട്ടികളും മറ്റും സ്കൂൾ ചുവരിൽ കയറുന്നതിന്റെ ഒരു വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കഴിഞ്ഞു' എന്ന് അദ്ദേഹം പറയുന്നു. 

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ സ്കൂളിന്റെ പുറത്ത് രക്ഷിതാക്കളും ബന്ധുക്കളും ഒക്കെയായി കുറേപ്പേർ നിൽക്കുന്നത് കാണാം. ഒപ്പം സ്കൂളിന്റെ ചുവരിൽ വലിഞ്ഞു കയറുന്നവരും ഈ വീഡിയോയിൽ വ്യക്തമാണ്. 

വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios