Asianet News MalayalamAsianet News Malayalam

Hanukkah party bus : ഹാനക്കയാഘോഷിക്കുന്ന ജൂതർക്കുനേരെ തുപ്പൽ, ചെരിപ്പേറ്, നാസി സല്യൂട്ട്, അസ്വസ്ഥം ഈ വീഡിയോ

"നമ്മൾ ജൂതന്മാരാണ്", "നമുക്ക് ഇവിടെ നിന്ന് പോകണം" എന്നിങ്ങനെ ബസിൽ ഇരുന്നവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഒടുവിൽ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ, പുറത്തുനിന്ന ചെറുപ്പക്കാരിൽ ഒരാൾ ബസിനൊപ്പം ഓടുന്നതും ജനാലകളിൽ കൈകൊണ്ട് തട്ടുന്നതും കാണാം. 

men spitting at Hanukkah party bus video
Author
London, First Published Dec 3, 2021, 12:56 PM IST

സെൻട്രൽ ലണ്ടനിൽ ഹാനക്ക(Hanukkah party) ആഘോഷിക്കുന്ന ജൂതന്മാർ(Jewish people) നിറഞ്ഞ ബസിനുനേരെ ഒരുകൂട്ടം ആളുകൾ തുപ്പുന്ന(spitting)തിന്റെ അസ്വസ്ഥാജനകമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വരികയുണ്ടായി. സംഭവത്തിന് പിന്നാലെ, പൊലീസ് ഇപ്പോൾ അതിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കയാണ്. ജൂതരെ അപമാനിച്ച ആ ചെറുപ്പക്കാർ അവർക്ക് നേരെ തുപ്പുന്നതിനോടൊപ്പം, കാലിൽ കിടന്ന ഷൂ എടുത്ത് ഗ്ലാസ്സിൽ അടിക്കുന്നതും വീഡിയോയിൽ കാണാം.  

ഇത് കൂടാതെ ഫൂട്ടേജിൽ, അവർ ആക്രോശിക്കുന്നതും, നടുവിരൽ ഉയർത്തുന്നതുപോലുള്ള അശ്ലീലകരമായ കൈ ആംഗ്യങ്ങൾ കാണിക്കുന്നതും, യാത്രക്കാരെ നാസി സല്യൂട്ട് ചെയ്യുന്നതും നമുക്ക് കാണാം. ബ്രിട്ടീഷ് തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് തെരുവുകളിലൊന്നായ ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലായിരുന്നു സംഭവം. ജൂത ഉത്സവമായ ഹാനക്കയുടെ ആദ്യത്തെ രാത്രി ആഘോഷിക്കുകയായിരുന്ന ബസിൽ കുട്ടികൾ ഉൾപ്പെടെ നിറയെ ആളുകളുണ്ടായിരുന്നു. അപ്പോഴാണ് പാർട്ടിയെ തടസ്സപ്പെടുത്താൻ ഒരുകൂട്ടം ചെറുപ്പക്കാർ മുന്നോട്ട് വന്നത്. യഹൂദ വിരുദ്ധ സംഭവങ്ങൾ നിരീക്ഷിക്കുകയും ബ്രിട്ടീഷ് ജൂതന്മാർക്ക് സുരക്ഷാ പിന്തുണ നൽകുകയും ചെയ്യുന്ന സംഘടനയാണ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സിഎസ്ടി). അവരുടെ നിരീക്ഷണത്തിൽ, ജൂതർക്ക് നേരെ അങ്ങേയറ്റം ശത്രുതാപരമായ, ഭീഷണിപ്പെടുത്തുന്ന, അധിക്ഷേപിക്കുന്ന പ്രവൃത്തികളാണ് ചെറുപ്പക്കാർ നടത്തിയിരിക്കുന്നത്.  

"നമ്മൾ ജൂതന്മാരാണ്", "നമുക്ക് ഇവിടെ നിന്ന് പോകണം" എന്നിങ്ങനെ ബസിൽ ഇരുന്നവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഒടുവിൽ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ, പുറത്തുനിന്ന ചെറുപ്പക്കാരിൽ ഒരാൾ ബസിനൊപ്പം ഓടുന്നതും ജനാലകളിൽ കൈകൊണ്ട് തട്ടുന്നതും കാണാം. ആഘോഷത്തിന്റെ ഭാഗമായി ബ്രിട്ടീഷ് തലസ്ഥാനത്തിന് ചുറ്റും മെഴുകുതിരികൾ സ്ഥാപിക്കാൻ സഹായിക്കുന്ന ചബാദ് എന്ന മതസംഘടനയിലെ ആളുകളാണ് ബസിലുണ്ടായിരുന്നതെന്ന് സിഎസ്ടി പറഞ്ഞു. “പലസ്തീനെ സ്വതന്ത്രമാക്കൂ” എന്നാണ് ചെറുപ്പക്കാർ ആക്രോശിച്ചതെന്ന് ബസിലുണ്ടായിരുന്ന റബ്ബി ഷ്‌നിയോർ ഗ്ലിറ്റ്‌സെൻസ്റ്റീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ജൂത വിരുദ്ധ പ്രവൃത്തികൾ വച്ച് പൊറുപ്പിക്കില്ലെന്നും, ഈ മ്ലേച്ഛമായ പ്രവൃത്തികളെ പൂർണമായും അപലപിക്കുന്നുവെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. അതേസമയം, സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.  

Follow Us:
Download App:
  • android
  • ios