Asianet News MalayalamAsianet News Malayalam

'ഇന്‍ക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്-ഹസ്രത്ത് മൊഹാനി,സ്വാതന്ത്ര്യസ്പര്‍ശം|India@75

'ഇന്‍ക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്-ഹസ്രത്ത് മൊഹാനി,സ്വാതന്ത്ര്യസ്പര്‍ശം|India@75

'ഇൻക്വിലാബ് സിന്ദാബാദ്' ഈ പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരാണ്? അദ്ദേഹമാണ് ഹസ്രത് മൊഹാനി.  വിപ്ലവം ജയിക്കട്ടെ എന്നര്‍ത്ഥം വരുന്ന ഉറുദു വാക്യം  മുന്നോട്ട് വെച്ച ആള്‍.  

സ്വാതന്ത്ര്യസമരസേനാനി, കവി, കമ്യൂണിസ്റ് വിപ്ലവകാരി. ഒപ്പം ഉറച്ച ഇസ്‌ലാം വിശ്വാസിയും , കൃഷ്ണഭക്തനും സൂഫി ആരാധകനും. 

 

1875 ൽ ഉത്തരപ്രദേശിലെ ഉന്നാവില്‍ മോഹൻ എന്ന  ഗ്രാമത്തിൽ ജനിച്ച സയദ് ഫസൽ ഉൽ ഹസൻ സ്വീകരിച്ച  തൂലികാനാമമായിരുന്നു ഹസ്രത്ത്

 

മൊഹാനി. ഇറാനില്‍ നിന്ന് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍.   അലിഗഡ് മുസ്ലിം സര്‍വകലാശാലയായി പിന്നീട് മാറിയ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ വിദ്യാർത്ഥി.  അക്കാലത്ത് കടുത്ത ബ്രിട്ടീഷ് പക്ഷപാതികളുടേതായിരുന്ന ആ കോളേജിൽ സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിന് മൊഹാനി പുറത്താക്കപ്പെട്ടു. 1903 ൽ തടവിലായ മൊഹാനി പിറ്റേക്കൊല്ലം കോൺഗ്രസ്സിൽ ചേർന്നു. 

 

1921 ൽ കോൺഗ്രസ്സിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണസ്വരാജ് എന്ന ആവശ്യം ആദ്യം ഉയർത്തിയത് മൊഹാനിയും സ്വാമി കുമാരാനന്ദയും. 1925 ൽ കാൺപൂരിൽ ചേർന്ന കമ്യൂണിസ്റ് പാർട്ടിയുടെ പ്രഥമ ദേശീയസമ്മേളനത്തിന്റെ സംഘാടകനായി പ്രസ്ഥാനത്തിന് ബീജാവാപം ചെയ്തു മൊഹാനി. തുടര്‍ന്ന് അദ്ദേഹം ആസാദ് പാർട്ടി എന്നൊരു പുതിയ കക്ഷി അദ്ദേഹം രൂപീകരിച്ചു. മുസ്ലിം ലീഗിലും അംഗമായി. എന്നാല്‍ പാകിസ്ഥാൻ ആവശ്യത്തെയും ഇന്ത്യാ വിഭജനത്തെയും എതിർത്ത്  ജിന്നയുമായി തെറ്റി അദ്ദേഹം ലീഗിൽ  നിന്ന് രാജി വെച്ചു . വിഭജത്തെ തുടർന്ന് ഇന്ത്യയിൽ തന്നെ നിലയുറപ്പിച്ചു നിന്നു ഹസ്രത്ത് മൊഹാനി.  

 

ഭരണഘടനാ സമിതിയിലും അദ്ദേഹം അംഗമായി. മത വൈവിധ്യത്തിലും സൗഹാര്‍ദത്തിലും ഉറച്ച് വിശ്വസിച്ച മൊഹാനി ഹജ്ജിന് മെക്കയിലേയ്ക്കും കൃഷ്ണാഷ്ടമിയ്ക്ക് മധുരയിലേയ്ക്കും തീര്‍ത്ഥാടം നടത്തി. ഒട്ടേറെ ഉറുദുകവിതകളും ഗസലുകളുടെയും രചിച്ച മൊഹാനിയുടെ പ്രശസ്തമായ ഗസലാണ് ഗുലാം അലിയും ജഗ്ജിത് സിങ്ങും അനശ്വരമാക്കിയ ചുപ്‌കേ ചുപ്‌കേ രാത് ദിൻ...