Asianet News MalayalamAsianet News Malayalam

കാടിന്റെ നായകൻ അല്ലൂരി സീതാരാമ രാജുവിന്റെ വീരകഥ|സ്വാതന്ത്ര്യസ്പർശം|India@75

ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച അല്ലൂരി വനമേഖലയിൽ താമസമുറപ്പിച്ചു. കിഴക്കൻ ഗോദാവരിയിലെ വനമേഖലയിൽ  അല്ലൂരി ബ്രിട്ടീഷ് വനനിയമങ്ങൾ ആദിവാസികളിൽ  വിതച്ച നാശം നേരിൽ കണ്ടു. ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അല്ലൂരി നേതൃത്വം നൽകി

സ്വന്തം മണ്ണിന്റെ ഉടമാവകാശം തട്ടിപ്പറിക്കപ്പെട്ടവരാണ് ആദിവാസികൾ. സ്വാതന്ത്ര്യത്തിന് ശേഷം ഏഴു ദശാബ്ദം കഴിഞ്ഞിട്ടും സ്ഥിതി ഗുരുതരമായിട്ടേയുള്ളൂ. ഇതിന്റെ തുടക്കം ബ്രിട്ടീഷ് കാലത്താണ്. ഇന്ത്യൻ വനവിഭവങ്ങളുടെ വൈദേശിക ചൂഷണത്തിന് നിയമം കൊണ്ടുവന്ന് ആദിവാസികളെ അവരുടെ മണ്ണിൽ തന്നെ അന്യരാക്കിയത് ബ്രിട്ടീഷുകാരാണ്. ഇതിനെതിരെ ഇന്ത്യയുടെ വിവിധയിടങ്ങളിൽ ആദിവാസികൾ നടത്തിയ പോരാട്ടങ്ങൾ ഐതിഹാസികമാണ്. അവയിൽ പ്രമുഖമാണ് അല്ലൂരി സീതാരാമ രാജു നയിച്ച റമ്പാ കലാപം. 

1897 ജൂലൈ നാലിന് വിശാഖപട്ടണത്ത് ജനിച്ച അല്ലൂരി സ്‌കൂൾ വിദ്യാഭ്യാസകാലത്ത്, പിന്നീട് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ മദൂരി അന്നപൂർണ്ണയ്യയുടെ സുഹൃത്തായി. ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച അല്ലൂരി വനമേഖലയിൽ താമസമുറപ്പിച്ചു. കിഴക്കൻ ഗോദാവരിയിലെ വനമേഖലയിൽ  അല്ലൂരി ബ്രിട്ടീഷ് വനനിയമങ്ങൾ ആദിവാസികളിൽ  വിതച്ച നാശം നേരിൽ കണ്ടു. ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അല്ലൂരി നേതൃത്വം നൽകി. കാടിന്റെ നായകൻ എന്നർത്ഥം വരുന്ന മന്യം വീരുടു എന്നദേഹം അറിയപ്പെട്ടു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തോട് കൂറ് പ്രഖ്യാപിച്ച അല്ലൂരി ആദിവാസി സൈന്യത്തിന്റെ സഹായത്തോടെ ഒളിയുദ്ധത്തിലൂടെ ബ്രിട്ടീഷുദ്യോഗസ്ഥരെ പലയിടത്തും ആക്രമിച്ചു. രണ്ട് വർഷം നീണ്ടുനിന്ന റമ്പാ കലാപത്തിൽ അദ്ദേഹം വീരനായകനായി.  ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ തലയ്ക്ക് പതിനായിരം രൂപ വിലയിട്ടു. 1924 മെയ് ഏഴിന് അല്ലൂരി  ചിന്താപ്പള്ളി വനാന്തരങ്ങളിൽ വെച്ച് പിടികൂടപ്പെട്ടു. ഒരു വടവൃക്ഷത്തോട് ചേർത്തുകെട്ടി ബ്രിട്ടീഷ് പോലീസ് 27 കാരനായ അല്ലൂരി സീതാരാമ രാജുവിനെ വെടിവച്ചുകൊന്നു. വിശാഖപട്ടണത്തിനു അടുത്ത് കൃഷ്ണദേവിപ്പെട്ടയിൽ അദ്ദേഹത്തിന്റെ കല്ലറയുണ്ട്.