Asianet News MalayalamAsianet News Malayalam

ആവശ്യത്തിന് ജോലിക്കാരില്ല;കുതിരവട്ടം ആശുപത്രിയിൽ ഗുരുതര വീഴ്‌ച്ച

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം, ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാഴായി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ (Kuthiravattam Mental Hospital) വ്യാഴാഴ്ച അന്തേവാസി ആത്മഹത്യ (Suicide) ചെയ്തതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ച. ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടർന്ന് , ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൌകര്യങ്ങള്‍ അടക്കം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായി. 

എന്നാൽ മാസങ്ങൾക്കിപ്പുറവും ആശുപത്രിയിൽ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവിൽ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാൽപ്പത്തിരണ്ടുകാരനാണ് കർട്ടൻ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരുടെതുൾപ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

അതായത് സെല്ലുകളുടെ മേൽനോട്ടത്തിന് ആളില്ലെന്ന് ചുരുക്കം. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 432 അന്തേവാസികളുണ്ട്. ഇവർക്കായി 24 സെക്യൂരിറ്റി ജീവനക്കാരെങ്കിലും വേണമെന്നിരിക്കെ, നാലുപേർ മാത്രമാണുളളത്. എട്ട് പാചകത്തൊഴിലാളികൾക്ക് പകരമുളളത് രണ്ടുപേർ. സാർജന്റ് , തെറാപ്പിസ്റ്റ് തുടങ്ങിയ സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 

അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരം അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയതോടെ തീർന്നു. നിയമനക്കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമായില്ല. പലപ്പോഴും ശുചീകരണത്തൊഴിലാളികളാണ് സെക്യൂരിറ്റി ജീവനക്കാരുടെ ചുമതലകൂടി വഹിക്കുന്നത്. 

എൻഎച്ച്എം ഫണ്ട് ലഭ്യമല്ലാത്തതും കരാറടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നവർക്ക് ശമ്പളം നൽകാൻ ആശുപത്രി വികസന സമിതിക്ക് പണമില്ലാത്തതുമാണ് തടസ്സമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരിക്കുമ്പോൾ നടപടികളുടനെന്ന പതിവ് മറുപടിയാണ് ആരോഗ്യവകുപ്പിന്‍റെത്.