Asianet News MalayalamAsianet News Malayalam

ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന്

ഗാനമേളകളെ ജനകീയമാക്കിയ ഗായകൻ, ഒടുവിൽ മടക്കവും സ്റ്റേജിൽത്തന്നെ; ആലപ്പുഴയിൽ ഇന്നലെ ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്ത ഗായകൻ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും. 

ഗാനമേളകളെ ജനകീയമാക്കിയ ഗായകൻ, ഒടുവിൽ മടക്കവും സ്റ്റേജിൽത്തന്നെ; ആലപ്പുഴയിൽ ഇന്നലെ ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്ത ഗായകൻ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും. 
ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി  ക്യാംലോട്ട് കൺവൻഷൻ സെന്ററിലായിരുന്നു ഇടവ ബഷീറിന്റെ അന്ത്യം. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ തളര്‍ന്ന് വീഴുകായയിരുന്നു. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു നിന്നാണ് ബഷീര്‍ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ചത്. രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കിയ ശേഷം വര്‍ക്കലയില്‍ സംഗീതാലായ എന്ന ഒരു ഗാനമേള  ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മദ്രാസില്‍ എവിഎം സ്റ്റുഡിയോയില്‍ വച്ച്  എസ്.ജാനകിക്കൊപ്പം പാടിയ  'വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ..' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം.

പിന്നീട് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെജെ ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍..' എന്ന ഗാനം ഹിറ്റായി.ഓള്‍ കേരള മ്യുസീഷ്യന്‍സ്  ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മക്കള്‍: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്‍മേഷ്.