Asianet News MalayalamAsianet News Malayalam

ലോകജാലകം; ബ്ലൈന്‍റ് സൈഡ് എന്ന ഹോളിവുഡ് സിനിമയും മൈക്കൽ ഓഹർ എന്ന ഫുട്ബോളറും


വളര്‍ത്തി വലുതാക്കിയവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ ഫുട്ബോളര്‍ മൈക്കൽ ഓറിന്‍റെ ആരോപണം. പിന്നാലെ സാമ്പത്തികവും സാംസ്കാരികവുമായ വാദപ്രതിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ് മൈക്കൽ ഓറിന്‍റെ ആരോപണങ്ങള്‍. 
 

Hollywood movie Blind Side and the footballer Michael Oher bkg
Author
First Published Aug 26, 2023, 3:41 PM IST

ജീവിതത്തില്‍ അനിതരസാധാരണമായ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചുള്ളവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ അത്തരമൊരു ചിത്രമായ ബ്ലൈന്‍റ് സൈഡ് (Blind Side) എന്ന ഹോളിവുഡ് ചിത്രം ഓസ്കറുകളും ബോക്സോഫീസ് കളക്ഷനും വാരിക്കൂട്ടി. മൈക്കൽ ഓർ (Michael Oher) എന്ന ഫുട്ബോൾ (റഗ്ബി) താരത്തിന്‍റെ യഥാർത്ഥ ജീവിതമാണ് സിനിമയുടെയും കഥ. മനസ് തൊടുന്ന കഥയും കഥാപാത്രങ്ങളും. പക്ഷേ, അതൊരു ചീട്ടുകൊട്ടാരമായിരുന്നുവെന്നാണ് പിന്നീട് ഉയര്‍ന്ന് കേട്ടത്. കഥയിലെ യഥാർത്ഥ നായകൻ, വളർത്തമ്മയ്ക്കും കുടുംബത്തിനുമെതിരെ കേസ് കൊടുത്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.  അതുവരെ കളിയിലൂടെ താനുണ്ടാക്കിയതും സിനിമയിൽ നിന്ന് കിട്ടിയ വരുമാനവും എല്ലാം തന്നെ വളര്‍ത്തിയവര്‍ അവർ കൊണ്ടുപോയി എന്നാണ് മൈക്കൽ ഓറിന്‍റെ ആരോപണം. 

സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു മൈക്കൽ ഓർ, സഹപാഠികളുടെ സഹായത്തോടെയായിരുന്നു കുട്ടിക്കാലത്ത് അവന്‍റെ പഠനം. ചെറുപ്പത്തില്‍ തന്നെ ഫുട്ബോൾ കളിയിൽ മിടുക്കൻ. എന്നാല്‍, മൈക്കൽ ഓർ എന്ന കറുത്ത വർഗക്കാരൻ പയ്യന്‍റെ ഭാഗ്യം തെളിഞ്ഞത് അവന്‍ ടൂയി (Tuohy) ദമ്പതികളുടെ കണ്ണിൽപ്പെട്ടതോടെയാണ്. പയ്യന്‍റെ ഫുട്ബോള്‍ കഴിവ് കണ്ട ടൂയി കുടുംബം അവനെ ദത്തെടുത്തു.  സ്വന്തം മകനായി വളർത്തി. പിന്നാലെ കളിയിൽ മികച്ച പരിശീലനം നൽകി. അങ്ങനെ വെളുത്ത വർഗക്കാരുടെ മകനായി വളർന്ന മൈക്കൽ ഓർ മികച്ച കളിക്കാരനായി. ആ പയ്യന്‍റെ കഥയാണ് ബ്ലൈന്‍റ് സൈഡ് എന്ന ഹോളിവുഡ് സിനിമ. ടൂയി കുടുംബനാഥയായ ലീ ആൻ ടൂയി (Leigh Anne Tuohy) ആയി വേഷമിട്ട സാന്ദ്ര ബുള്ളോക്ക്  മികച്ച നടിക്കുള്ള ഓസ്കാര്‍ നോമിനേഷനും പിന്നാലെ അവാര്‍ഡും ലഭിച്ചു. 

ഇന്ന് മൈക്കൽ ഓറിന് 37 വയസ്. അദ്ദേഹം എന്‍എഫ്എല്‍ അംഗമാണ്. തന്നെ ദത്തെടുത്ത ടൂയി കുടുംബം പറ്റിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കേസ് കൊടുത്തിരിക്കയാണ് മൈക്കൽ ഓഹർ. ടൂയി കുടുംബം തന്നെ ദത്തെടുത്തില്ലെന്നും മറിച്ച്, ദത്തെടുത്തെന്ന് വിശ്വസിപ്പിച്ച് ഒപ്പിട്ട് വാങ്ങിയത് കൺസർവേറ്റർഷിപ്പിനുള്ള അനുമതിയാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. കൺസർവർവേറ്റർ ഷിപ്പ് എന്നാൽ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വിട്ടുകൊടുക്കൽ എന്നാണ്. കോടതി ഉത്തരവനുസരിച്ച് അത് അച്ഛനോ അമ്മയോ മറ്റൊരാളോ ആകാം. സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്താനുള്ള കഴിവില്ലാത്തവരാണ് ഇത്തരത്തില്‍ കൺസർവേറ്റർഷിപ്പിലേക്ക് മാറുന്നത്. പ്രശസ്ത പോപ്പ് ഗായിക ബ്രിറ്റ്നി സ്പിയേര്‍സ് തന്‍റെ അച്ഛന്‍റെ കൺസർവേറ്റർഷിപ്പിൽ നിന്ന് മോചനം നേടിയത് അടുത്ത കാലത്ത് വലിയ വാർത്തയായിരുന്നു. ഇതിനിടെയാണ് മൈക്കൽ ഓറിന്‍റെ പരാതി. ഓറിന്‍റെ കഥ പുസ്തകമായപ്പോഴും സിനിമയായപ്പോഴും അതിന്‍റെ റോയൽറ്റി ഓറിന് നല്‍കാതെ ടൂയി കുടുംബം വീതിച്ചെടുക്കുകയായിരുന്നുവെന്നും ഓർ പരാതിയിൽ പറയുന്നു. അതുമാത്രമല്ല, സിനിമയിൽ തന്‍റെ കഥാപാത്രം മാനസികമായി കുറച്ച് ബുദ്ധിമുട്ടുന്ന രീതിയിലേക്ക് മാറ്റിയതിലും ഓറിന് പരാതിയുണ്ട്. അത് ജീവിതത്തിലുടനീളം തിരിച്ചടിയായെന്നും ഓർ ഉന്നയിക്കുന്നു.

300 മില്യനാണ് ബ്ലൈന്‍റ് സൈഡ് തീയേറ്ററിൽ നിന്നും നേടിയത്. പിന്നെയും ദശലക്ഷങ്ങൾ ഹോം വീഡിയോ വിൽപ്പനയിൽ നിന്നും. ഇതെല്ലാം ടൂയി കുടുംബം സ്വന്തമാക്കുകയായിരുന്നു എന്ന ഓറിന്‍റെ ആരോപണത്തിന് മുനകൾ പലതാണ്.  അതിലൊന്ന് സാന്ദ്രാ ബുള്ളോക്ക് ഓസ്കാര്‍ തിരിച്ച് കൊടുക്കണമെന്നതാണ്. വെളുത്ത വർഗക്കാർ കറുത്ത വർഗക്കാരനെ ചതിച്ചു എന്ന വ്യാഖ്യാനം ഒരുവശത്ത്. വെളുത്ത വർഗക്കാർ രക്ഷകരായെന്ന വിധിയെഴുത്ത് മറുവശത്ത്, സാമ്പത്തികം മാത്രമല്ല, സാംസ്കാരിക യുദ്ധത്തിന് കൂടി വഴിവച്ചിരിക്കയാണ് മൈക്കൽ ഓറിന്‍റെ ആരോപണങ്ങള്‍. 
 

Follow Us:
Download App:
  • android
  • ios