ജെറുസലേമിൽ ബാക്ടീരിയയോട് കൂടിയ 2500 വർഷം പഴക്കമുള്ള ടോയ്‍ലെറ്റ് കണ്ടെത്തി

Synopsis
ചുണ്ണാമ്പുകല്ലിൽ നിന്ന് നിർമ്മിച്ച ഈ പുരാതന ടോയ്‌ലെറ്റിൽ മലവിസർജ്ജനത്തിനായുള്ള സൗകര്യം കൂടാതെ പുരുഷൻമാർക്ക് മൂത്രമൊഴിക്കുന്നതിനുള്ള പ്രത്യേക ദ്വാരവും ഉണ്ടെന്ന് ഗവേഷകർ പറഞ്ഞു.
വീട്ടിൽ ശുചിമുറി ഒരു പതിവാകുന്നതിന് മുമ്പ്, വീടിനുള്ളിൽ ടോയ്‌ലറ്റ് പണിയുന്നത് അശുദ്ധമാണെന്നാണ് ആളുകൾ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ നിന്നും ഏറെ ദൂരെ പണിതിരുന്ന ശുചിമുറികൾ വീടിന് അടുത്തേക്കും പിന്നീട് വീടിനുള്ളിലേക്കും സ്ഥാനം പിടിച്ചിട്ട് അധികകാലം ആയിട്ടില്ല. എന്നാൽ, ഇക്കാര്യത്തിൽ ജെറുസലേമിലെ ജനങ്ങൾ അല്പം കൂടി പുരോഗതി പ്രാപിച്ചിരുന്നവരായിരുന്നു എന്നാണ് സമീപകാല കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഖനനത്തിൽ ജെറുസലേമിൽ കണ്ടെത്തിയ 2,500 വർഷം പഴക്കമുള്ള ചുണ്ണാമ്പുകല്ല് സ്ലാബ് ഇതിന് തെളിവാണ് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കാരണം ഈ കല്ല് ഇന്നത്തെ ടോയ്ലറ്റിന് സമാനമാണ്. ഈ ടോയ്ലറ്റ് അക്കാലത്തെ ഏറ്റവും സമ്പന്ന കുടുംബത്തിന്റേത് ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ടോയ്‌ലെറ്റിനുള്ളിൽ വിസർജ്ജ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയുള്ള പഠനത്തിൻറെ അടിസ്ഥാനത്തിൽ, ഈ ടോയ്ലറ്റ് ഉപയോഗിച്ചിരുന്ന കുടുംബാംഗങ്ങൾക്ക് ജിയാർഡിയ ഡുവോഡിനാലിസ് എന്ന ഉദരരോഗം ഉണ്ടായിരുന്നതായാണ് ഗവേഷകർ പറയുന്നത്. കൂടാതെ ടോയ്‌ലെറ്റിൽ നിന്ന് നിരവധി ബാക്ടീരിയകളെയും കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രത്യേക ടോയ്‌ലറ്റ് സീറ്റ് അർമോൺ ഹാ-നാറ്റ്‌സിവ് മാളികയ്ക്ക് സമീപത്താണ് കണ്ടെത്തിയത്, ഇത് ബിസി ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അഞ്ച് പതിറ്റാണ്ടോളം ഭരിച്ചിരുന്ന മനശ്ശെ രാജാവിന്റെ കാലഘട്ടത്തിൽ ഉള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. ചുണ്ണാമ്പുകല്ലിൽ നിന്ന് നിർമ്മിച്ച ഈ പുരാതന ടോയ്‌ലെറ്റിൽ മലവിസർജ്ജനത്തിനായുള്ള സൗകര്യം കൂടാതെ പുരുഷൻമാർക്ക് മൂത്രമൊഴിക്കുന്നതിനുള്ള പ്രത്യേക ദ്വാരവും ഉണ്ടെന്ന് ഗവേഷകർ പറഞ്ഞു. ടോയ്‌ലറ്റിൽ കണ്ടെത്തിയ ബാക്ടീരിയകളെ കുറിച്ച് കൂടുതൽ പഠനം നടത്തി അക്കാലത്ത് ഉണ്ടാകാൻ ഇടയുണ്ടായിരുന്നു രോഗങ്ങളെ കുറിച്ചുള്ള കണ്ടെത്തൽ നടത്താനാണ് ഗവേഷകർ ഇപ്പോൾ ശ്രമിക്കുന്നത്.