വീടിന്റെ ഒരു കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോൾ അമ്മ വിളിച്ചു കാപ്പിപ്പൊടി വാങ്ങാൻ പറഞ്ഞു. ഓട്ടോ നിർത്തി കടയിൽ പോയപ്പോൾ കാപ്പിപ്പൊടി ഉണ്ടായിരുന്നില്ല.

യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവർ തന്റെ ബാ​ഗിൽ നിന്നും മോഷ്ടിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി യുവതി. ജൂൺ 11 -ന് രാത്രി 8.24 ഓടെ മാറത്തഹള്ളിയിൽ നിന്ന് ജെ പി നഗർ 7th ഫേസ് യാത്രാമധ്യേയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജാൻവി എന്ന യുവതിയാണ് പ്രസ്തുത സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. റാപ്പിഡോ ആപ്പിലാണ് യുവതി ഓട്ടോ ബുക്ക് ചെയ്തത്. ഡ്രൈവർക്കെതിരെ നടപടി വേണം എന്നും യുവതി പറയുന്നു. ഒരു സാധാരണ യാത്രയായി തുടങ്ങിയത് പിന്നീട് തന്നെ ഭയപ്പെടുത്തുന്ന അനുഭവമായി മാറിയെന്നും പേടിസ്വപ്നമായിത്തീർന്നു എന്നുമാണ് യുവതി പറയുന്നത്.

ഓട്ടോയിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഡ്രൈവറുടെ റിയർ വ്യൂ മിററിലൂടെയുള്ള നോട്ടം കുറച്ച് പ്രശ്നമായി തോന്നി എന്ന് പോസ്റ്റിൽ പറയുന്നുണ്ട്. യുവതിയുടെ ഫോണിൽ ചാർജ്ജ് കുറവായിരുന്നു. അവൾ സു​ഹൃത്തിനെ വിളിച്ച് ഇത് പറയുകയും ചെയ്തു. ഡ്രൈവറോട് ഫോൺ ഓഫാകുമെന്നും ഓട്ടോക്കൂലി ഇപ്പോൾ തന്നെ തന്നേക്കാമെന്ന് പറഞ്ഞതായും അവൾ പറയുന്നു. അത് അയാൾ സമ്മതിച്ചു. പിന്നീട് ചാർജ്ജ് ചെയ്ത് തരാമെന്ന് പറഞ്ഞ് തന്റെ ഫോൺ വാങ്ങി. (അതിൽ താനിപ്പോൾ ഖേദിക്കുന്നു).

 

View post on Instagram
 

 

വീടിന്റെ ഒരു കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോൾ അമ്മ വിളിച്ചു കാപ്പിപ്പൊടി വാങ്ങാൻ പറഞ്ഞു. ഓട്ടോ നിർത്തി കടയിൽ പോയപ്പോൾ കാപ്പിപ്പൊടി ഉണ്ടായിരുന്നില്ല. തിരികെ വരുമ്പോൾ കണ്ടത് ഓട്ടോ ഡ്രൈവർ തന്റെ ബാ​ഗ് തുറന്ന് പണം എടുക്കുന്നതാണ്. നോട്ടുകൾ സിപ്പിൽ കുടുങ്ങി കിടപ്പുണ്ടായിരുന്നു. താനത് ശരിക്കും കണ്ടു. അയാളെ ചോദ്യം ചെയ്തപ്പോൾ അയാൾ നിഷേധിച്ചു. താൻ ബാ​ഗ് സുരക്ഷിതമായി വയ്ക്കുകയായിരുന്നു എന്നും വഴിയെ പോവുകയായിരുന്ന ഒരു പെൺകുട്ടിയെ കാണിച്ച് അവളാണ് പണം എടുക്കാൻ നോക്കിയത് എന്നും പറഞ്ഞു. എന്നാൽ താൻ തന്റെ കണ്ണുകൊണ്ട് നടന്നത് എന്താണ് എന്ന് കണ്ടതാണ് എന്നും യുവതി പറഞ്ഞു.

റാപ്പിഡോ യുവതിയുടെ പോസ്റ്റിനോട് പ്രതികരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതുപോലെ അനേകങ്ങളാണ് യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. വീഡിയോ എടുത്തതും ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതും നന്നായി എന്നും ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നുമാണ് മിക്കവരും പറഞ്ഞത്.