‘നാല് വർഷം മുമ്പാണ് ഞങ്ങൾ കുടുംബസമേതം ഇന്ത്യയിലേക്ക് താമസം മാറിയത്. അതിൽ ഞങ്ങൾ ഒരിക്കലും ഖേദിച്ചിട്ടില്ല.'
അമേരിക്കയിലെ ജീവിതം വിട്ട് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കക്കാരിയായ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാല് വർഷങ്ങൾക്ക് മുമ്പ് അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് കുടുംബത്തോടൊപ്പം വന്ന് താമസമാക്കിയ ക്രിസ്റ്റൻ ഫിഷർ ഇതിന് മുമ്പും ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുണ്ട്.
ഇത്തവണ ക്രിസ്റ്റൻ പറയുന്നത്, അമേരിക്കയിലെ ആവറേജ് ജീവിതം വിട്ട് ഇന്ത്യയിൽ അർത്ഥവത്തും സാഹസികവുമായ ഒരു ജീവിതം ജീവിക്കുന്നതിനെ കുറിച്ചാണ്. തന്റെ ജീവിതം ഏത് ദിശയിലേക്ക് പോകണമെന്ന കാര്യത്തിൽ തനിക്ക് നിയന്ത്രണമുണ്ടായിരുന്നു. ഒന്നുകിൽ അമേരിക്കയിലെ ആവറേജ് ജീവിതം തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ധീരവും അസാധാരണവുമായ എന്തെങ്കിലും തിരഞ്ഞെടുക്കാം എന്നാണ് ക്രിസ്റ്റൻ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
‘നാല് വർഷം മുമ്പാണ് ഞങ്ങൾ കുടുംബസമേതം ഇന്ത്യയിലേക്ക് താമസം മാറിയത്. അതിൽ ഞങ്ങൾ ഒരിക്കലും ഖേദിച്ചിട്ടില്ല. കഴിഞ്ഞ നാല് കൊല്ലത്തിനിയിൽ ഞാൻ നമ്മെ അതിശയിപ്പിക്കുന്ന ചില ആളുകളെ കണ്ടു, ചില അത്ഭുതകരമായ സ്ഥലങ്ങൾ കണ്ടു, ചില നല്ല ഭക്ഷണം കഴിച്ചു, എന്റെ ഹൃദയം എന്നേക്കുമായി മാറ്റി. ഇന്ത്യ എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു, ഇനിയൊരിക്കലും ഞാൻ പഴയതുപോലെയാകില്ല. ഒരേയൊരു ജീവിതം മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക, അത് നിങ്ങളെങ്ങനെയാണ് ജീവിക്കുക?’ എന്നാണ് ക്രിസ്റ്റൻ ചോദിക്കുന്നത്.
മറ്റൊരു വീഡിയോയിൽ ക്രിസ്റ്റൻ പ്രൊഫഷണലായിട്ടുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ഒരു വെബ് ഡെവലപ്‌മെന്റ് ഏജൻസി നടത്തുകയാണ് ക്രിസ്റ്റനും ഭർത്താവും. വിദേശത്ത് നിന്നുള്ളവരാണ് അവരുടെ ക്ലയന്റുകൾ. ഇന്ത്യയിൽ ഇത് തുടങ്ങുക എന്നത് സാമ്പത്തികപരമായി തികച്ചും യുക്തിപരമായ തീരുമാനം ആയിരുന്നു എന്നാണ് ക്രിസ്റ്റൻ പറയുന്നത്. അതുപോലെ ഒരു വീഡിയോയിൽ ഡോളറായി കിട്ടുന്ന പണം ഇന്ത്യൻരൂപയിൽ ചെലവഴിക്കുക എന്ന യുക്തിപൂർണമായിട്ടുള്ള തീരുമാനത്തെ കുറിച്ചും ക്രിസ്റ്റൻ പറയുന്നുണ്ട്.
ഇന്ത്യയിലെ ജീവിതം വ്യക്തമാക്കുന്ന അനേകം വീഡിയോകളാണ് ക്രിസ്റ്റൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.