കയ്യിലൊരു ഡിഗ്രി പോലുമില്ല, വര്‍ഷം കിട്ടും 57 ലക്ഷം ശമ്പളം, ഒപ്പം ബോണസ്, ഓവർ ടൈമിന് വേറെ, ജോലി ഇത്...

Synopsis
സ്ലോവാക്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അമ്മയ്ക്കും അച്ഛനും മൂത്ത സഹോദരനുമൊപ്പം അവൾ വളർന്നത്. അവൾ ദി സണ്ണിനോട് പറഞ്ഞത് തന്റെ കുട്ടിക്കാലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ, തങ്ങൾക്ക് അത്രയൊന്നും പണമില്ലായിരുന്നു എന്നാണ്.
നന്നായി ജീവിക്കണമെങ്കിൽ നന്നായി പഠിക്കണം, ഒരുപാട് പഠിക്കണം ഇതൊക്കെ നാം എപ്പോഴും കേൾക്കുന്നതാണ്. എന്നാൽ, കയ്യിൽ ഒരു ഡിഗ്രി പോലുമില്ലാതെ വർഷത്തിൽ 50 ലക്ഷത്തിന് മുകളിൽ സമ്പാദിക്കുന്ന ഒരു യുവതിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഡയാന തകാസോവ എന്ന 34 -കാരിയാണ് അത്. ഒരുപാട് പണമുള്ള സാഹചര്യത്തിലായിരുന്നില്ല അവൾ ജനിച്ചതും വളർന്നതും ഒന്നും. ഹെർട്ട്ഫോർഡ്ഷയറിലെ സെന്റ് ആൽബൻസിലാണ് ഡയാന താമസിക്കുന്നത്. തന്റെ ജോലിയിലൂടെ അവൾ വർഷത്തിൽ £60,000 വരെ സമ്പാദിക്കുന്നു എന്നാണ് ദ സൺ അടക്കം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 62 ലക്ഷത്തിന് മുകളിൽ വരും.
ഇനി എന്താണ് ഡയാനയുടെ ജോലി എന്നല്ലേ? ഫ്യുവൽ ടാങ്ക് ഡ്രൈവറാണ് ഡയാന. ഹോയി എന്ന പ്രശസ്തമായ സ്ഥാപനത്തിലാണ് അവൾ ജോലി ചെയ്യുന്നത്. ഡയാനയുടെ ബേസിക് സാലറി വർഷത്തിൽ £55,000 (57,72,321.50 ഇന്ത്യൻ രൂപ) ആണ്. കൂടാതെ, ബോണസായി വർഷത്തിൽ £2,000 വരെ കിട്ടുമത്രെ. ഒപ്പം, ഓവർ ടൈം എടുക്കാനുള്ള സാഹചര്യമുണ്ട്. അതിനുള്ള കാശും കിട്ടുമെന്ന് പറയുന്നു.
സ്ലോവാക്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അമ്മയ്ക്കും അച്ഛനും മൂത്ത സഹോദരനുമൊപ്പം അവൾ വളർന്നത്. അവൾ ദി സണ്ണിനോട് പറഞ്ഞത് തന്റെ കുട്ടിക്കാലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ, തങ്ങൾക്ക് അത്രയൊന്നും പണമില്ലായിരുന്നു എന്നാണ്. അവധിക്കാലം ആഘോഷിക്കാൻ പോലും തങ്ങൾ സ്ലോവാക്യയിലെ മലമുകളിൽ മാത്രമാണ് പോയിരുന്നത്. 14 -ാമത്തെ വയസ്സ് മുതൽ അവൾ ഒഴിവുസമയങ്ങളിൽ ജോലി ചെയ്ത് തുടങ്ങിയിരുന്നു. അങ്ങനെ ഫാമിൽ ജോലി ചെയ്യുമ്പോഴാണ് അവിടെയുള്ള വലിയ വാഹനങ്ങൾ എടുത്ത് ശീലിക്കുന്നത് എന്നും ഡയാന പറയുന്നു.
അവിടം മുതൽ തന്നെയാണ് വലിയ വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ആഗ്രഹവും അവളിൽ ശക്തമായിത്തീരുന്നത്. 19 വയസ്സ് വരെ അവൾ മികച്ച രീതിയിൽ വിദ്യാഭ്യാസം തുടർന്നു. എന്നാൽ, പിന്നാലെ വിവാഹം കഴിയുകയും ഗർഭിണിയാവുകയും ചെയ്തു. ശേഷം പഠിക്കാൻ പോയില്ല. 2010 -ൽ 21 -ാമത്തെ വയസ്സിൽ അവൾ തന്റെ മകന് ജന്മം നൽകി. കുറച്ച് വർഷങ്ങൾക്ക് ശേഷം ഭർത്താവുമായി പിരിയുകയും ചെയ്തു. പിന്നാലെ, യുകെ -യിലെത്തിയ അവൾ അവിടെ വിവിധ ജോലികൾ ചെയ്തു.
ഒരുപാട് നാളുകൾ കഠിനാധ്വാനം ചെയ്ത ശേഷമാണ് അവൾക്ക് ഹോയിയിൽ ഫ്യുവൽ ടാങ്ക് ഡ്രൈവറായിട്ടുള്ള ഈ സ്വപ്നജോലി നേടിയെടുക്കാൻ സാധിച്ചത്. ഏതായാലും, സാലറി മാത്രമല്ല, അല്ലാതെയും ഈ ജോലി തനിക്ക് ഏറെ സന്തോഷം തരുന്നു എന്ന് അവൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം