Asianet News MalayalamAsianet News Malayalam

Scissors Removed : വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

ശസ്ത്രക്രിയ വിജയകരമായിരുന്നു. പക്ഷേ, ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വയറുവേദനയ്ക്കും ആ വിജയം കാരണമായി.
 

Doctor removed scissors from Bangladeshi woman's Stomach
Author
Dhaka, First Published Jan 18, 2022, 5:58 PM IST

20 വര്‍ഷമായി കലശലായ വയറുവേദനയായിരുന്നു അവര്‍ക്ക്. ഡോക്ടര്‍മാരെ കാണിച്ചാല്‍, കുഴപ്പമില്ലെന്നു പറഞ്ഞ് മരുന്നു നല്‍കും. പിന്നെയും വയറുവേദന തുടരും. അങ്ങനെ, രണ്ട് പതിറ്റാണ്ടിനുശേഷം ഇപ്പോഴിതാ അവരുടെ വയറുവേദനയുടെ കാരണം കണ്ടെത്തിയിരിക്കുന്നു-ഒരു കത്രിക!

അതെ, 20 വര്‍ഷമായി വയറ്റിലൊരു കത്രികയുമായാണ് ബംഗ്ലാദേശിലെ ഒരു 55 കാരി ജീവിച്ചിരുന്നത് എന്നാണ് എക്‌സ്‌റേ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയയിലൂടെ ആ കത്രിക ഡോക്ടര്‍മാര്‍ പുറത്തെടുത്തു. 

ബചേന ഖാതൂന്‍ എന്നാണ് ഈ സ്ത്രീയുടെ പേര്. ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ഖുല്‍നയിലെ സദര്‍ ആശുപത്രിയിലാണ് അവരിപ്പോഴുള്ളത്. ശസ്ത്രക്രിയ നടത്തി വയറില്‍ നിന്ന് കത്രിക പുറത്തെടുത്ത ശേഷം ബചേന സുഖം പ്രാപിച്ചു വരികയാണെന്ന് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. വലുര്‍റഹ്മാന്‍ നയന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 

Doctor removed scissors from Bangladeshi woman's Stomach

 

എങ്ങനെയാണ് ബചേനയുടെ വയറ്റില്‍ ആ കത്രിക എത്തിയത്? 

അതു മറ്റൊരു ശസ്ത്രക്രിയയുടെ കഥയാണ്. ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവിന്റെ കഥ. 20 വര്‍ഷം മുമ്പ് ബചേനയ്ക്ക് മറ്റൊരു ശസ്ത്രക്രിയ ചെയ്തിരുന്നു. 2002- ല്‍ മെഹര്‍പൂരിലെ ഒരു ക്ലിനിക്കിലായിരുന്നു ഉള്ള സമ്പാദ്യമെല്ലാം പെറുക്കിവെച്ച് ബചേന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നു. പക്ഷേ, ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വയറുവേദനയ്ക്കും ആ വിജയം കാരണമായി. ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക ബചേനയുടെ വയറിനുള്ളില്‍ തന്നെ വെച്ചാണ് ഡോക്ടര്‍മാര്‍ മുറിവ് തുന്നിക്കെട്ടിയത്. 

അതിനുശേഷം, വയറുവേദന ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല ഈ സ്ത്രീക്ക്. 'ഉമ്മായ്ക്ക് എപ്പോഴും വയറുവേദനയായിരുന്നു. പരിശോധിച്ച ഡോക്ടര്‍മാരെല്ലാം അതു സാരമില്ല എന്നു പറയും. മരുന്നുകള്‍ നല്‍കും. പക്ഷേ, വേദനയ്ക്ക് കുറവുണ്ടായിരുന്നില്ല. നാലു വര്‍ഷമായി വയറുവേദന കൂടി. അങ്ങനെയാണ് ഇപ്പോള്‍ എക്‌സ് റേ പരിശോധനയില്‍ കത്രിക കണ്ടെത്തതിയത്. '-മരുമകള്‍ റസീന പറഞ്ഞു.

ധാക്ക സ്വദേശിയായ ബചേന ഖാതൂന്‍ 2002 ലെ ശസ്ത്രക്രിയയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം വയറുവേദനയുമായി  അതേ ക്ലിനിക്കില്‍ പോയിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ അത് കാര്യമാക്കാതെ അവരെ വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചു. 

ചികില്‍സയുമായി ബന്ധപ്പെട്ട അശ്രദ്ധയെ തുടര്‍ന്ന് പല തരം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന അനേകം പേര്‍ ബംഗ്ലാദേശിലുള്ളതായി അവിടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലപ്പോഴും ഇവരാരും കോടതിയെ സമീപിക്കാറില്ല. അതിനാല്‍, ഉത്തരവാദികള്‍ എന്നും രക്ഷപ്പെട്ടുപോരുന്നു. എന്നാല്‍ ഇത്തവണ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി മാധ്യങ്ങളോട് പറഞ്ഞു.   

Follow Us:
Download App:
  • android
  • ios