Asianet News MalayalamAsianet News Malayalam

Deadliest Snakes : എല്ലാ പാമ്പുകളും അപകടകാരികളല്ല, പക്ഷേ ഈ നാലെണ്ണത്തിനെ കരുതിയിരിക്കണം!

നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ നൂറിലധികം പാമ്പുകള്‍ കേരളത്തിന്റെ ആവാസവ്യവസ്ഥയില്‍ കാണുന്നുണ്ട്. അവയില്‍, നാം ഏറ്റവും ജാഗ്രത പാലിക്കേണ്ട 4 പാമ്പുകളെ പരിചയപ്പെടാം. 
 

four deadliest snakes in Kerala
Author
Thiruvananthapuram, First Published Jun 4, 2022, 2:24 PM IST

ചിലര്‍ക്ക് ഇവയെ കാണുന്നതേ പേടിയാണ്, മറ്റു ചിലര്‍ ഇതിനെ നോക്കുക പോലുമില്ല, അറപ്പ്. ചിലരാകട്ടെ കയ്യിലെടുത്തും വേണമെങ്കില്‍ ഒന്ന് ഉമ്മ വച്ചും അതിസാഹസികരാകും. പറഞ്ഞുവരുന്നത് ഉരഗവര്‍ഗ്ഗമായ പാമ്പുകളെ കുറിച്ച് തന്നെയാണ്.  പേടിക്കും അതിസാഹസികതയ്ക്കും ഇടയിലെ വിവേകവും സംയമനവുമാണ് ഈ ജീവിവര്‍ഗവുമായി ഇടപഴകുമ്പോള്‍ കൈക്കൊള്ളേണ്ടത്.

ചിലരെങ്കിലും പേടിക്കും പോലെ എല്ലാ പാമ്പുകളും അപകടകാരികളാണോ? അല്ലെന്ന് തന്നെയാണ് ഉത്തരം. നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ നൂറിലധികം പാമ്പുകള്‍ കേരളത്തിന്റെ ആവാസവ്യവസ്ഥയില്‍ കാണുന്നുണ്ട്. അവയില്‍, നാം ഏറ്റവും ജാഗ്രത പാലിക്കേണ്ട 4 പാമ്പുകളെ പരിചയപ്പെടാം. 

 

four deadliest snakes in Kerala

 

രാജവെമ്പാല (KING COBRA)

പേര് സൂചിപ്പിക്കും പോലെ തന്നെ പാമ്പുകളുടെ രാജാവാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്ന്. അഞ്ചര മീറ്റര്‍ വരെ നീളം വയ്ക്കുന്ന വമ്പന്‍മാരും ഇക്കൂട്ടത്തിലുണ്ട്. നിത്യഹരിത വനങ്ങളിലാണ് ഇവയെ കാണുന്നതെങ്കിലും സമീപകാലത്തായി വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും രാജാവ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയില കൊണ്ട് കൂടുണ്ടാക്കി മുട്ടകള്‍ക്ക് പെണ്‍പാമ്പ്  അടയിരിക്കും. മറ്റ് ചെറുപാമ്പുകളെയാണ് സാധാരണയായി ഇവ ആഹാരമാക്കുന്നത്. മനുഷ്യനെ ആക്രമിച്ചുണ്ടാകുന്ന അപകടങ്ങള്‍ താരതമ്യേന കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കടിയേറ്റാല്‍ ചെയ്യേണ്ടത്:

വിഷം ബാധിക്കുന്നത് നാഡീവ്യവസ്ഥയെ ആണ്. അതിനാല്‍, കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.  

 

four deadliest snakes in Kerala


മൂര്‍ഖന്‍ (SPECTACLED COBRA)

 തൃകോണാകൃതിയിലെ ഉരുണ്ട അഗ്രമുള്ള തല, വീതിയുള്ള പത്തിക്ക് പുറകുവശത്തെ കണ്ണട അടയാളം. പത്തിവിടര്‍ത്തി നിന്നാല്‍ ഏതൊരു ധൈര്യശാലിയും അല്‍പമൊന്ന് പതറും. സര്‍പ്പസൌന്ദര്യമെന്നൊക്കെ കവികള്‍ എഴുതിയത് പത്തിവിടര്‍ത്തി അല്‍പമൊന്ന് അലസമായി നില്‍ക്കുന്ന മൂര്‍ഖന്‍ പാന്പിനെ കണ്ടുകൊണ്ടാകും. 

സൗന്ദര്യം  കണ്ട്  അടുത്ത് ചെന്നാല്‍ പണി പാളും. വളരെ പെട്ടന്ന് പ്രകോപിതരാകുന്നവരാണ് ഇവ. ഭയപ്പെടുമ്പോള്‍ സ്വയരക്ഷക്ക് വേണ്ടി ചീറ്റും. ബിഗ് ഫോറില്‍ ഉള്‍പ്പെടുന്ന മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വര്‍ഷം തോറും നിരവധി പേരാണ് മരിക്കുന്നത്.  ഏതെങ്കിലും ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മറ്റെന്ത് പ്രകോപനം പിന്നിലുണ്ടായാലും അതൊന്നും മൂര്‍ഖന്‍ പാമ്പ ശ്രദ്ധിക്കാറില്ല. മൂര്‍ഖന്റെ പത്തിക്ക് പിന്നില്‍ ഉമ്മ വയ്ക്കുന്നവര്‍ (അതിസാഹസം നന്നല്ല) മുതലെടുക്കുന്നതും മൂര്‍ഖന്റെ ഈ ദൗര്‍ബല്യം തന്നെയാണ്.

കടിയേറ്റാല്‍ ചെയ്യേണ്ടത്:

അപകടകാരികളാണ് ഇവ. അതിനാല്‍, കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.  

 

four deadliest snakes in Kerala

 

വെള്ളിക്കെട്ടന്‍ (COMMON KRAIT)

ശംഖുവരയന്‍, വളവളപ്പന്‍, മോതിരവളയന്‍, കെട്ടുവളയന്‍ എന്ന് തുടങ്ങി പ്രാദേശിക പേരുകള്‍ ഏറെയാണ് വെള്ളിക്കെട്ടന്. ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകാരികളായ നാല് പാമ്പുകളുടെ കൂട്ടത്തിലാണ് വെള്ളിക്കെട്ടന്റെ സ്ഥാനം. വനമെന്നോ, കുറ്റിക്കാടെന്നോ ചതുപ്പെന്നോ ഭേദമില്ലാതെ എവിടെയും കാണാം ഈ ഇനത്തെ. കുറഞ്ഞ അളവ് വിഷം കൊണ്ട് മരണം സംഭവിക്കാന്‍ സാധ്യതയുള്ള, കരയില്‍ കാണുന്ന ഈ ഭീകരന് ചില അപരന്മാരും ഉണ്ട്. 

പാവത്താന്‍മാരായ വിഷമില്ലാത്ത വെള്ളിവരയനും (COMMON WOLF SNAKE) തിരുവിതാംകൂര്‍ വെള്ളിവരയനും (TRAVANCORE WOLF SNAKE) വെള്ളിത്തളയനും (BRIDAL SNAKE). ശരീരത്തിലെ വരകളുടെ പ്രത്യേകതയും തലയുടെ ആകൃതിയും ഒക്കെ നോക്കിയാല്‍ ഈ അപരന്മാരില്‍ നിന്നും ഭീകരനായ വെള്ളിക്കെട്ടനെ തിരിച്ചറിയാം. 

കടിയേറ്റാല്‍ ചെയ്യേണ്ടത്:

കടിയേറ്റാല്‍ പ്രതിവിഷ സൗകര്യമുള്ള ആശുപത്രിയില്‍ തന്നെ പോകണം.

 

four deadliest snakes in Kerala

 

അണലി (RUSSELSS'S VIPER )

ചിലയിടങ്ങളില്‍ ചേനത്തണ്ടന്‍, ചിലയിടങ്ങളില്‍ വട്ടക്കൂറ. ചിലരിതിനെ മണ്ഡലി എന്നും മഞ്ചട്ടി എന്നും വിളിക്കും. മറ്റ് പലര്‍ക്കും ഇത് തേക്കിലപ്പുള്ളിയാണ്. പേര് എന്തുതന്നെയായാലും വിഷത്തിനും ആക്രമണോത്സുകതയ്ക്കും യാതൊരു കുറവുമില്ല. 

ചേനയുടെ തണ്ടിലെ ചിത്രപ്പണികള്‍ തന്നെയാണ് അണലിയുടേയും ശരീരത്തിന്റെ പ്രത്യേകത. ത്രികോണാകൃതിയിലെ തലയില്‍ മുന്‍ഭാഗം കൂര്‍ത്തിരിക്കുന്ന ശല്‍ക്കങ്ങള്‍. തലയുടെ ആകൃതിയും ശരീരത്തിലെ അടയാളവുമാണ് പ്രധാന തിരിച്ചറിയല്‍ രേഖകള്‍. കരിയിലയ്ക്ക് മുകളിലും കല്ലിന്റെ ഇടയിലുമൊക്കെ വന്ന് കിടന്നാല്‍ കല്ലേതാ കരിയില ഏതാ ചേനത്തണ്ടനേതാ എന്നൊക്കെ മനസിലായി വരുമ്പോഴേക്കും കടി കിട്ടിയിരിക്കും. അത്ര അപകടകാരിയാണ് കക്ഷി. ഏത് ദിശയിലേക്ക് വേണമെങ്കിലും വെട്ടിത്തിരിഞ്ഞ് കടിക്കുമെന്നര്‍ത്ഥം.

കൊടും ഭീകരനായ അണലിയുടെ പഞ്ചപ്പാവമായ അപരന്മാരെ കുറിച്ചുകൂടി പറയാതെ എങ്ങനെ.  തലയും വാലുമൊക്കെ ഏതാണ്ടൊരേ രൂപത്തിലുള്ള, വിഷമേ ഇല്ലാത്ത, മഷി ചിതറിത്തെറിച്ച പോലെ അടയാളമുള്ള മണ്ണൂലിയും (COMMON SAND BOA) വിറ്റക്കര്‍ മണ്ണൂലിയുമാണ് (WHITAKER'S BOA) അപരന്മാരില്‍ ഒരാള്‍. മറ്റേത് നമ്മുടെ സാക്ഷാല്‍ പെരുമ്പാമ്പും. വിഷമില്ലാത്തതിനാല്‍ പെരുമ്പാമ്പ് (INDIAN ROCK PYTHON )വന്‍ അപകടകാരികളുടെ പട്ടികയില്‍ അല്ല. ഇപ്പോള്‍ കണ്ടുവരുന്ന ചില അണലികള്‍ വലിപ്പം കൊണ്ട് പെരുമ്പാമ്പിനെ മറികടക്കാറുണ്ട്. പെരുമ്പാമ്പെന്ന് കരുതി അണലിയെ തൊടാനും കയ്യിലെടുക്കാനും ചെന്നാല്‍ പിന്നെ കളി മാറും. കാലാപുരിക്ക് നേരിട്ട് വിസ എടുക്കുന്നത് പോലെയാകും അത്.

കടിയേറ്റാല്‍ ചെയ്യേണ്ടത്:

മറ്റ് ഉഗ്രവിഷപ്പാന്പുകളില്‍ നിന്ന് വ്യത്യസ്തമായി അണലിവിഷം രക്തവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. കടിയേറ്റാല്‍ കാര്യമായ പ്രശ്‌നം കണ്ടുതുടങ്ങാന്‍ ഇത്തിരി സമയമെടുക്കുമെങ്കിലും എടങ്ങേറ് കൂടുതലാണ്. നിലവിലുള്ള എല്ലാ ചികിത്സയും കൊടുത്താല്‍ പോലും കടിയേറ്റയാള്‍ മരിച്ചുപോയേക്കാം. ചികിത്സ തുടങ്ങാന്‍ വൈകിയാലും പ്രശ്‌നമാണ്. 
 

Follow Us:
Download App:
  • android
  • ios