പറക്കുന്ന ബൈക്കുമായി ജപ്പാനിലെ സ്റ്റാർട്ടപ്പ് കമ്പനി

Synopsis
എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗം ആകുക എന്ന ലക്ഷ്യത്തോടുകൂടി എയർവിൻസ് ടെക്നോളജിസ് Xturismo എന്ന പേരിൽ ഒരു ഇൻസ്റ്റ അക്കൗണ്ട് തന്നെ തുടങ്ങിയിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് കണ്ടു പിടിച്ച് ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ട്-അപ്പ് കമ്പനിയായ എയർവിൻസ് ടെക്നോളജീസ് ആണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. എക്‌സ്‌ടൂറിസ്‌മോ(Xturismo) എന്നാണ് ഈ പറക്കുന്ന ഹോവർബൈക്കിന്റെ പേര്. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാ പേജിൽ കമ്പനി ബൈക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഡെട്രോയിറ്റ് ഓട്ടോ ഷോയുടെ സഹ ചെയർപേഴ്സൺ താഡ് സോട്ട് എക്‌സ്‌ടൂറിസ്‌മോ ഓടിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വളരെ സുഖകരവും ആവേശകരവുമായ അനുഭൂതിയാണ് എക്‌സ്‌ടൂറിസ്‌മോ ഓടിക്കുമ്പോൾ കിട്ടുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.
കമ്പനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്നിൽ ഒരാൾ വാഹനം ഓടിച്ചു നോക്കുന്നതിന്റെ ചിത്രവും ഉണ്ട്. ചിത്രങ്ങൾ കണ്ട് ചിലർ അഭിപ്രായപ്പെട്ടത് ഇത് പറക്കുന്ന ബൈക്ക് അല്ലെന്നും വലിയ ഡ്രോൺ ആണെന്നും ആയിരുന്നു. എന്നാൽ മറ്റു ചിലർ ഈ കണ്ടുപിടുത്തത്തെ വിപ്ലവകരമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്. വരാൻ പോകുന്ന കാലഘട്ടത്തിൽ ആളുകൾ റോഡിലൂടെ ആയിരിക്കില്ല ആകാശത്തിലൂടെ ആയിരിക്കും യഥേഷ്ടം യാത്ര ചെയ്യുക എന്ന് ചിലർ കുറിച്ചു. ഇത്തരം വാഹനങ്ങൾ പ്രചാരത്തിൽ വന്നാൽ ഇനി ആകാശം കൂടി മലിനമാക്കപ്പെടും എന്നായിരുന്നു മറ്റൊരു വിഭാഗം ആളുകളുടെ ഉൽക്കണ്ഠ.
എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗം ആകുക എന്ന ലക്ഷ്യത്തോടുകൂടി എയർവിൻസ് ടെക്നോളജിസ് Xturismo എന്ന പേരിൽ ഒരു ഇൻസ്റ്റ അക്കൗണ്ട് തന്നെ തുടങ്ങിയിട്ടുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വിധമുള്ള ധാരാളം വീഡിയോകളാണ് കമ്പനി ഇതിനോടകം തന്നെ ഇൻസ്റ്റാ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പറക്കും ബൈക്കിന്റെ സവിശേഷതകൾ കൂടുതൽ സുതാര്യമായി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഇൻസ്റ്റാ പേജിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്നാണ് എയർവിൻസ് ടെക്നോളജിസ് പറയുന്നത്. കുന്നും മലനിരങ്ങളും ഒക്കെ നിറഞ്ഞ പരുക്കൻ മേഖലകളിൽ പോലും സുഗമമായി തങ്ങളുടെ പറക്കും ബൈക്ക് ഉപയോഗിക്കാം എന്നതാണ് കമ്പനി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആകർഷണീയത. എന്നാൽ ഇതിന് വേഗത കുറവാണെന്നും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുണ്ട് എന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.