പിടികൂടാനെത്തിയ പൊലീസുകാർക്ക് വോഡ്ക നൽകാൻ ശ്രമം, കള്ളനെ പിടിച്ചു വണ്ടിയിൽ കയറ്റി ഉദ്യോഗസ്ഥർ

Synopsis
'ഞാനിത് നിങ്ങൾക്ക് തരാൻ പോവുകയായിരുന്നു' എന്ന് പറഞ്ഞാണ് ഇയാൾ മദ്യം പൊലീസുകാർക്ക് നേരെ നീട്ടിയത്. 'തങ്ങൾ ചിയേഴ്സ് പറഞ്ഞ് അയാളെ വിട്ടയക്കും എന്ന് കരുതിയാണോ അങ്ങനെ ചെയ്തത് എന്ന് അറിയില്ല' എന്ന് പിന്നീട് സംഭവത്തോട് പ്രതികരിക്കവേ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടികൂടാനായി വാഹനം പിന്തുടർന്നെത്തിയ പൊലീസുകാർക്ക് വോഡ്ക വാഗ്ദാനം ചെയ്ത് കള്ളൻ. ഫ്ലോറിഡയിലാണ് സംഭവം. നഗരത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ച് വാഹനത്തിൽ കടന്നുകളഞ്ഞ വ്യക്തിയാണ് പിടികൂടാനായി എത്തിയ പൊലീസിന് വോഡ്ക വാഗ്ദാനം ചെയ്തത്. ഇയാൾ പൊലീസിന് മദ്യം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
ഫോക്സ് 35 ഒർലാൻഡോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 39 -കാരനായ റിച്ചാർഡ് ക്രിസ്റ്റഫർ സ്മിത്ത് എന്ന വ്യക്തിയാണ് മോഷണം നടത്തി കടന്നു കളയാൻ ശ്രമം നടത്തിയത്. ഇയാളെ പിന്തുടർന്നെത്തിയ പൊലീസ് വാഹനം തടഞ്ഞ് ഇയാളെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു വോഡ്ക സ്പ്രിറ്റ്സർ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ നീട്ടിയത്. മോഷ്ടിച്ച വസ്തുക്കളിൽ നിരവധി ലഹരി പാനീയങ്ങളും ഉൾപ്പെട്ടിരുന്നു.
'ഞാനിത് നിങ്ങൾക്ക് തരാൻ പോവുകയായിരുന്നു' എന്ന് പറഞ്ഞാണ് ഇയാൾ മദ്യം പൊലീസുകാർക്ക് നേരെ നീട്ടിയത്. 'തങ്ങൾ ചിയേഴ്സ് പറഞ്ഞ് അയാളെ വിട്ടയക്കും എന്ന് കരുതിയാണോ അങ്ങനെ ചെയ്തത് എന്ന് അറിയില്ല' എന്ന് പിന്നീട് സംഭവത്തോട് പ്രതികരിക്കവേ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൽ നിന്നും പൊലീസ് ഇയാളെ പുറത്തിറക്കി പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിലും ഇയാൾ രക്ഷപ്പെട്ടോടാൻ ശ്രമം നടത്തി. പക്ഷേ പൊലീസ് ഇയാളെ കീഴടക്കി.
പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുക, അറസ്റ്റിനെ എതിർക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിക്കുക, മോഷണം തുടങ്ങിയ ഒരുപിടി കുറ്റകൃത്യങ്ങളാണ് പൊലീസ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അതുപോലെ ഫ്ലോറിഡയിൽ തന്റെ വീട്ടിലേക്ക് മുട്ടയെറിഞ്ഞു എന്ന് സംശയിച്ച് ഒരു 11 വയസുകാരിയെ യുവാവ് അക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് സോഷ്യൽ മീഡിയയിൽ പൊലീസ് തന്നെ പങ്കുവച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തന്റെ വീട്ടിലേക്ക് മുട്ടയെറിഞ്ഞത് ഈ 11 -കാരിയാണ് എന്ന് സംശയിച്ചാണ് മാരിയസ് മുട്ടു എന്നയാൾ കുട്ടിയെ ഉപദ്രവിച്ചത്. പൊലീസ് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഇയാൾ കുട്ടിയെ നിലത്തേക്ക് അമർത്തിപ്പിടിച്ചിരിക്കുന്നത് കാണാം. 'എന്നെ സഹായിക്കൂ, എന്നെ സഹായിക്കൂ' എന്ന് കുട്ടി ഉറക്കെ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
പൊലീസ് പറയുന്നത് പ്രകാരം ഇയാൾ കുട്ടിയെ പിടിച്ച് നിലത്തേക്ക് അമർത്തി പിടിക്കുകയായിരുന്നു. പിന്നീട്, ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 'ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് മാത്രമല്ല, തികച്ചും അപലപനീയവുമാണ്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല' എന്നും ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പറഞ്ഞു.
പിറന്നുവീണ് നിമിഷങ്ങൾ മാത്രം, കുഞ്ഞിനെ 'വൃത്തികെട്ട രൂപ'മെന്ന് പരിഹസിച്ച് അമ്മ, പിന്നാലെ ക്ഷമാപണവും