സ്ത്രീകളുടെ നിയമങ്ങൾ ഇതിനേക്കാൾ കർശനമാണ്. കുർത്തയോ ചുരിദാറോ മാത്രമേ ധരിക്കാവൂ. അതിൽ തന്നെ ഷാൾ നന്നായി പിൻ ചെയ്തിരിക്കണം.

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പലരും ജോലിസംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതിപ്പോൾ ഇന്റർവ്യൂ ആയിരിക്കാം, ജോലി സ്ഥലത്തെ ചൂഷണങ്ങളായിരിക്കാം, തൊഴിൽ അവസരങ്ങളെ കുറിച്ചായിരിക്കാം. എന്നാൽ, ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിൽ പറയുന്നത് ഇതൊന്നുമല്ല. ഓഫർ ലെറ്ററിനൊപ്പം ലഭിച്ചിരിക്കുന്ന വിചിത്രമായ ചില നിയമങ്ങളെ കുറിച്ചാണ്. ഓഫീസിൽ വരുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്തൊക്കെ ധരിക്കരുത് എന്നൊക്കെയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.

'തന്റെ സുഹൃത്തിന് ഒരു ഓഫർ ലെറ്റർ ലഭിച്ചു, ഞങ്ങൾ അത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഷർട്ടുകൾ ടക്ക് ഇൻ ചെയ്യുന്നതിനും ഷാളുകൾ പിൻ ചെയ്യുന്നതിനുമൊക്കെ ആളുകൾ ചെയ്യുന്ന ജോലിയുമായി എന്ത് ബന്ധമാണുള്ളത്' എന്നാണ് പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്.

12,000 രൂപയാണ് ജോലിക്ക് മാസം ശമ്പളം. ഡെവലപ്പർ റോളിലേക്കുള്ളതാണ് ഈ ഓഫർ ലെറ്റർ. അതിൽ പറയുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും വസ്ത്രം ധരിക്കുന്ന കാര്യത്തിൽ കർശന നിയമങ്ങൾ കമ്പനിയിൽ നടപ്പിലാക്കുന്നുണ്ട് എന്നാണ്. 'ഡ്രസ് കോഡ് ആൻഡ് ഗ്രൂമിം​ഗ്' എന്ന തലക്കെട്ടോടെയാണ് ഈ നിയമങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

പുരുഷന്മാരാണെങ്കിൽ ഫോർമൽ വെയറായിരിക്കണം, എപ്പോഴും നിർബന്ധമായും ഷർട്ട് ടക്ക് ഇൻ ചെയ്തിരിക്കണം. ജീൻസ് അനുവദിക്കും, പക്ഷേ ജീൻസിനൊപ്പം ടക്ക് ഇൻ ഷർട്ടാണെങ്കിൽ മാത്രം. ടി ഷർട്ട് അനുവദിക്കുകയേ ഇല്ല. താടി നന്നായി വെട്ടിയൊതുക്കിയതാവണം എന്നാണ് ഇതിൽ പറയുന്നത്.

 

 

സ്ത്രീകളുടെ നിയമങ്ങൾ ഇതിനേക്കാൾ കർശനമാണ്. കുർത്തയോ ചുരിദാറോ മാത്രമേ ധരിക്കാവൂ. അതിൽ തന്നെ ഷാൾ നന്നായി പിൻ ചെയ്തിരിക്കണം. എല്ലാ സ്ത്രീകളും മുടി റിബൺ വച്ച് മുറുക്കി കെട്ടിയിരിക്കണം ഇതൊക്കെയാണ് ഓഫർ ലെറ്ററിനൊപ്പം പറഞ്ഞിരിക്കുന്ന നിയമങ്ങൾ. എന്തായാലും, പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.

ഒരുപാട് പേരാണ് ഈ കമ്പനിയുടെ നിയമങ്ങളെ വിമർശിച്ചു കൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്. ഇതെന്താ സ്കൂളാണോ എന്നായിരുന്നു പലരുടേയും ചോദ്യം.