userpic
user icon
0 Min read

ചിങ്കാരമാനിനെ പാകം ചെയ്ത് കഴിച്ചു, വീഡിയോയ്‍ക്ക് പിന്നാലെ പ്രതിഷേധവുമായി ബിഷ്ണോയ് സമൂഹവും മൃഗസ്നേഹികളും

people cooking and consuming chinkara video spread rlp
chinkara

Synopsis

ജോധ്പൂർ-ബാർമർ അതിർത്തിയിൽ നിരവധി വേട്ടക്കാർ തമ്പടിക്കാറുണ്ട് എന്നും ചിങ്കാരകളെ വേട്ടയാടിയ ശേഷം അവയെ ഇതുപോലെ ഉള്ള ആളുകൾക്കും വിവിധ ഹോട്ടലുകൾക്കും നൽകാറുണ്ട് എന്നും വന്യജീവി പ്രവർത്തകനായ ഓം പ്രകാശ് പറഞ്ഞു.

ചിങ്കാരമാനിനെ ഒരുകൂട്ടം ആളുകൾ പാകം ചെയ്ത് കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പ്രതിഷേധവുമായി ബിഷ്ണോയ് സമൂഹവും മൃ​ഗസ്നേഹികളും. ഒരു മരത്തിൽ ചിങ്കാരമാനിന്റെ മൃതദേഹം കാണാമായിരുന്നു. പിന്നാലെ ഒരു ഡസൻ ആളുകൾ അതിനെ പാകം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോയിൽ. 

വീഡിയോയിൽ കാണുന്ന ആളുകളെ എല്ലാം തന്നെ അറസ്റ്റ് ചെയ്യണമെന്നും വന്യജീവി സംരക്ഷണ നിയമപ്രകാരം അവർക്കെതിരെയെല്ലാം കേസ് ചുമത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ബിഷ്‌ണോയ് ടൈഗർ ഫോഴ്‌സ് പൊലീസ് കമ്മീഷണർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരിക്കുകയാണ്. 

പ്രദേശത്ത് നിരന്തരം പട്രോളിം​ഗിന് ഫോഴ്സിനെ ചുമതലപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം മുഴുവൻ കുറ്റക്കാർക്കെതിരെയും നടപടി എടുക്കും എന്നാണ് അധികൃതർ ഉറപ്പ് നൽകിയിരിക്കുന്നത്. ഒന്നും സംഭവിച്ചില്ല എങ്കിൽ വ്യാഴാഴ്ച കളക്ടറേറ്റിൽ പ്രതീകാത്മകമായി പ്രകടനം നടത്തും എന്ന് ബിഷ്‌ണോയ് ടൈഗർ ഫോഴ്‌സ് മേധാവിയായ രാംപാൽ ഭവദ് പറഞ്ഞു.

വീഡിയോയിൽ ഒരു ചിങ്കാരമാനിനെ കെട്ടിത്തൂക്കിയിരിക്കുന്നത് കാണാം. പിന്നാലെ അതിന്റെ തൊലി ഉരിഞ്ഞെടുക്കുകയും അതിനെ കഷ്ണങ്ങളാക്കി പാകം ചെയ്യുകയും ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. ഞായറാഴ്ചയാണ് വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

ലൂണിയിലെ പനസിങ് നഗറിലെ ഫാമിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് പറയുന്നത്. ജോധ്പൂർ-ബാർമർ അതിർത്തിയിൽ നിരവധി വേട്ടക്കാർ തമ്പടിക്കാറുണ്ട് എന്നും ചിങ്കാരകളെ വേട്ടയാടിയ ശേഷം അവയെ ഇതുപോലെ ഉള്ള ആളുകൾക്കും വിവിധ ഹോട്ടലുകൾക്കും നൽകാറുണ്ട് എന്നും വന്യജീവി പ്രവർത്തകനായ ഓം പ്രകാശ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു എന്ന് ലൂണി എംഎൽഎയായ മഹേന്ദ്ര ബിഷ്‌ണോയ് പറഞ്ഞു. ഫോറസ്റ്റ് ഓഫീസർമാർ സംഭവസ്ഥലം സന്ദർശിച്ച ശേഷം രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് ചിങ്കാരയല്ല, ആടാണെന്നും പറഞ്ഞ് കേൾക്കുന്നുണ്ട്. അതിനാൽ തന്നെ ഫലം വരാൻ കാത്തിരിക്കുകയാണ് എന്നും എംഎൽഎ പറഞ്ഞു. 

Latest Videos