Asianet News MalayalamAsianet News Malayalam

Perarivalan : രണ്ട് ബാറ്ററികളുടെ വില 31 വര്‍ഷം തടവ്, പേരറിവാളന് ഒടുവില്‍ മോചനം!

1991 ജൂണ്‍ 11-നാണ് പേരറിവാളന്‍ അറസ്റ്റിലായത്. ആദ്യമായി പരോള്‍ കിട്ടിയത് 26 വര്‍ഷത്തിന് ശേഷം. ജാമ്യം കിട്ടിയത് ഇക്കൊല്ലം മാര്‍ച്ചില്‍. നീണ്ട തടവിലേക്ക് പേരറിവാളനെ നയിച്ചതാകട്ടെ കൃത്യമായി രേഖപ്പെടുത്താത്ത മൊഴിയും -പി ആര്‍ വന്ദന എഴുതുന്നു

Profile Perarivalan who walks out of jail in Rajiv Gandhi assassination case
Author
Chennai, First Published May 18, 2022, 2:17 PM IST

ശിവരശന് ബാറ്ററി വാങ്ങി നല്‍കിയെന്നും എന്നാല്‍ ബോംബുണ്ടാക്കാനാണ് ബാറ്ററിയെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പേരറിവാളന്‍ പറഞ്ഞത്. എന്നാല്‍ ബോംബിന് എന്ന് അറിഞ്ഞുതന്നെയാണ് ബാറ്ററി വാങ്ങിയതെന്നാണ് ആ മൊഴി രേഖപ്പെടുത്തിയത്. സിബിഐ മുന്‍ എസ്പി ത്യാഗരാജന്‍ ആണ് വര്‍ഷങ്ങള്‍ക്കിപ്പുറം ആ വെളിപ്പെടുത്തല്‍ നടത്തിയത്.

 

Profile Perarivalan who walks out of jail in Rajiv Gandhi assassination case


Read More: രാജീവ് ഗാന്ധിയുടെ ജീവനെടുത്ത സ്ഫോടനം: 19ാം വയസിൽ അറസ്റ്റ്, ടാഡ, വധശിക്ഷ, തൂക്കുകയർ, പരോൾ, ഒടുവിൽ മോചനം; നാൾവഴി

..............................

 

രണ്ട് ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ ശിവരശന് വാങ്ങിക്കൊടുക്കുമ്പോള്‍ 19 -കാരനായ പേരറിവാളന്‍ അറിഞ്ഞിരുന്നില്ല ഇനിയുള്ള തന്റെ മുഴുജീവിതം തടവറയുടെ ഏകാന്തതയിലും കാഠിന്യത്തിലേക്കുമാണെന്ന്.  ആ കഠിനകാലങ്ങള്‍ കഴിഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കഴിഞ്ഞ ശേഷം പേരറിവാളന്‍ ഇതാ മോചിതനായിരിക്കുന്നു.  നീതിയും ന്യായവും തമ്മിലുള്ള അന്തരത്തിനിടയിലും രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ ഇടപെടലാണ് പേരറിവാളന് തുണയായത്. കൗമാരകാലത്തെ അവസാനനാളുകള്‍ ഓര്‍മയില്‍ ബാക്കിയാക്കിയ സ്വാതന്ത്ര്യത്തിന്റെ വിശാലലോകത്തേക്ക് മടങ്ങിച്ചെല്ലുകയാണ് ഇനി അയാള്‍. മാര്‍ച്ചില്‍ ജാമ്യം കിട്ടിയപ്പോള്‍ (രാജീവ് ഗാന്ധി വധക്കേസില്‍ ആദ്യം ജാമ്യം കിട്ടുന്ന പ്രതിയായിരുന്നു പേരറിവാളന്‍) മുതല്‍ അര്‍പുതമ്മാള്‍ സ്വപ്നം കാണുന്ന നല്ല നാളുകളിലേക്ക് മകന്‍ എത്തുകയാണ്. 

ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ ആയിരുന്നു ജയിലിലാകുമ്പോള്‍ അവന്റെ വിദ്യാഭ്യാസയോഗ്യത. ഇപ്പോള്‍ ഇഗ്‌നോയുടെ വക ബിരുദാനന്തരബിരുദമുണ്ട്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ വക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ നേടിയ ഡിടിപി ഡിപ്ലോമ. പ്ലസ് ടു പരീക്ഷയിലെ വിജയം 91.33 ശതമാനം മാര്‍ക്കോടെ. നല്ല പെരുമാറ്റം മാത്രമായിരുന്നില്ല ജയിലില്‍ പേരറിവാളനെ വ്യത്യസ്തനാക്കിയത്. മകന് വേണ്ടി അര്‍പുതമ്മാള്‍ ജയിലിന് പുറത്തു അലഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ അവന്‍ അതനകത്തിരുന്ന് പഠിച്ചുകൊണ്ടേയിരുന്നു, വായിച്ചു കൊണ്ടേയിരുന്നു. ശരീരത്തെ ബാധിച്ച ഗുരുതരമായ വൃക്കരോഗമൊന്നും ആ വീര്യത്തെ കെടുത്തിയില്ല.  പുസ്തകമെഴുതി ( An Appeal From The Death Row  (Rajiv Murder Case - The Truth Speaks)  എന്ന പുസ്‌കത്തിന് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകള്‍). സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ജയില്‍ ജീവിതം സമ്മാനിക്കുന്ന ഇരുണ്ട നിറം മാത്രമാകരുത് എന്ന തീരുമാനമായിരുന്നു അത്. മനുഷ്യരെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ചാലകശക്തി എപ്പോഴും പ്രതീക്ഷകളാണ്. സംശയമില്ല.

.............................

Read More: പേരറിവാളന്റെ അമ്മ, ജീവിതത്തിലേറെയും ഇവര്‍ ഇരുന്നത് ജയിലിന് മുന്നിലാണ്!

Profile Perarivalan who walks out of jail in Rajiv Gandhi assassination case

Read More : 'അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്‍റെ ജയം': പേരറിവാളന്‍
..................................

 

 1991 ജൂണ്‍ 11-നാണ് പേരറിവാളന്‍ അറസ്റ്റിലായത്. ആദ്യമായി പരോള്‍ കിട്ടിയത് 26 വര്‍ഷത്തിന് ശേഷം. ജാമ്യം കിട്ടിയത് ഇക്കൊല്ലം മാര്‍ച്ചില്‍. നീണ്ട തടവിലേക്ക് പേരറിവാളനെ നയിച്ചതാകട്ടെ കൃത്യമായി രേഖപ്പെടുത്താത്ത മൊഴിയും. 

ശിവരശന് ബാറ്ററി വാങ്ങി നല്‍കിയെന്നും എന്നാല്‍ ബോംബുണ്ടാക്കാനാണ് ബാറ്ററിയെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പേരറിവാളന്‍ പറഞ്ഞത്. എന്നാല്‍ ബോംബിന് എന്ന് അറിഞ്ഞുതന്നെയാണ് ബാറ്ററി വാങ്ങിയതെന്നാണ് ആ മൊഴി രേഖപ്പെടുത്തിയത്. സിബിഐ മുന്‍ എസ്പി ത്യാഗരാജന്‍ ആണ് വര്‍ഷങ്ങള്‍ക്കിപ്പുറം ആ വെളിപ്പെടുത്തല്‍ നടത്തിയത്. പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് ഡെത്ത് പെനാല്‍റ്റി എന്ന സംഘടനയും ഒപ്പം ചിലരും ചേര്‍ന്ന് തയ്യാറാക്കിയ ഡോക്യുമെന്ററിയിലായിരുന്നു ആ വെളിപ്പെടുത്തല്‍. 

ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സംഭാഷണത്തില്‍ നിന്ന് രാജീവ് വധത്തിനുള്ള പദ്ധതിയെ കുറിച്ച് ശിവരശന്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് വ്യക്തമായിരുന്നതാണെന്നും ത്യാഗരാജന്‍ അന്ന് പറഞ്ഞു. കേസന്വേഷണം തുടരുന്നതിനിടെ യഥാര്‍ത്ഥ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി എന്നായിരുന്നു ത്യാഗരാജന്റെു വിശദീകരണം. ഉത്തമബോധ്യത്തില്‍ ത്യാഗരാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ 22 വര്‍ഷത്തിന് ശേഷമായിരുന്നു. ഒരുവന്റെ ജീവിതത്തിലെ രണ്ട് പതിറ്റാണ്ട് കഴിഞ്ഞ ശേഷമുള്ള പ്രായശ്ചിത്തം. ഒരിക്കലും ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് വൈകിയെത്തുന്നത് എന്ന ന്യായം പറയാം. (its better to be late than never)

 

...................................

Read More : നീതി തേടി ഒറ്റയാൾ പോരാട്ടം: പേരറിവാളൻ്റേത് സമാനതകളില്ലാത്ത കേസെന്ന് അഭിഭാഷകൻ പ്രഭു

Profile Perarivalan who walks out of jail in Rajiv Gandhi assassination case

 

വകുപ്പുകളുടെയും വ്യവസ്ഥകളുടെയും നൂലാമാലകള്‍ക്കൊപ്പം രാഷ്ട്രീയ താത്പര്യങ്ങളുടെ ശരിതെറ്റുകളും ഇടകലര്‍ന്ന നിയമപോരാട്ടം. പല ജഡ്ജിമാര്‍ കേട്ടുപോയ വാദങ്ങളും പ്രതിവാദങ്ങളും. ജാമ്യത്തിന്റെ  വെള്ളിരേഖ ആദ്യം നല്‍കിയ ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവിന്റെള ബെഞ്ച് തന്നെ ഒടുവില്‍ മോചനത്തിന്റെ വെള്ളിവെളിച്ചവും പേരറിവാളന് തുറന്നുകൊടുത്തിരിക്കുന്നു. നീതിയും ന്യായവും ഉറപ്പാക്കാന്‍ ഭരണഘടനയുടെ 142 -ാം അനുച്ഛേദം നല്കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഉത്തരവ്. ഈ അനുച്ഛേദം ഉപയോഗിക്കുക അത്ര പതിവുള്ളതല്ല. തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ച മോചനശുപാര്‍ശ വെച്ചു താമസിപ്പിച്ചും ഒടുവില്‍ രാഷ്ട്രപതിക്ക് വിട്ടും തീരുമാനം നീട്ടിക്കൊണ്ടേയിരുന്ന ഗവര്‍ണറുടെ നടപടിയാണ് അതിന് വഴിവെച്ചത് . 

സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ തീരുമാനിക്കാം എന്നിരിക്കെ എന്തിനാണ് രാഷ്ട്രപതിക്ക് വിട്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഗവര്‍ണറെ ന്യായീകരിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ കോടതി വിമര്‍ശിച്ചിരുന്നു. തമിഴ്‌നാട് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് (ജയലളിത മന്ത്രിസഭയും പളനിസ്വാമി മന്ത്രിസഭയും മോചനശുപാര്‍ശ നല്‍കിയിരുന്നു) ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരം തീരുമാനിക്കാമെന്ന് കോടതി ഓര്‍മിപ്പിച്ചു. അങ്ങനെയിരിക്കെ എന്തിന് ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചു എന്നായിരുന്നു ചോദ്യം.

 

Profile Perarivalan who walks out of jail in Rajiv Gandhi assassination case

 

ദയാഹര്‍ജിയുടെ കാര്യത്തില്‍ രാഷ്ട്രപതിയുടെ സവിശേഷ അധികാരം കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കണ്ട കാലമത്രയും വിവിധ ഗവര്‍ണര്‍മാര്‍ നല്‍കിയ മോചനഉത്തരവുകള്‍ ഭരണഘടനാവിരുദ്ധമാകുമോ എന്ന് മറുചോദ്യം. ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തം നിറവേറ്റാതെ രാഷ്ട്രപതിക്ക് ശുപാര്‍ശ അയച്ച ഗവര്‍ണറുടെ നടപടി ശരിയായിരുന്നോ എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കോടതിയുടേതാണെന്നും വാദത്തിനിടെ ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവുവും ബി ആര്‍ ഗവായിയും കേന്ദ്രത്തെ ഓര്‍മിപ്പിച്ചിരുന്നു. വൈകിയെത്തുന്ന നീതി ഒരു തരത്തില്‍ നീതിനിഷേധം തന്നെ എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നീതി ഉറപ്പാക്കല്‍ കോടതിയുടെ ചുമതലയാണെന്നും. 

ചോദ്യങ്ങള്‍, പരിഹാസം, ആക്ഷേപം, സമ്മര്‍ദം, സാമ്പത്തികപ്രശ്‌നങ്ങള്‍, രോഗങ്ങള്‍...31 വര്‍ഷമായി പ്രതിബന്ധങ്ങള്‍ കൂടുതലുള്ള ഒരു പോരാട്ടവഴിയിലൂടെ നടക്കുകയായിരുന്ന ഒരമ്മ ഇന്ന് രാത്രി സുഖമായി ഉറങ്ങും. ഇന്ന് അവരുടെ സ്വപ്നങ്ങളില്‍ നാളെ കാണേണ്ട വക്കീലോ ശരിയാക്കേണ്ട രേഖകളോ ടിക്കറ്റുകളോ മകന്‍ കാണാതെ ഒതുക്കേണ്ട വിതുങ്ങലുകളോ ഉണ്ടാവില്ല. പകരം ചിരിച്ച മുഖവുമായിരിക്കുന്ന മകന്റെ പുതിയ ജീവിതവും അവനുണ്ടാകാന്‍ പോകുന്ന ഒരു കുടുംബവുമാകും ഇനി അവരുടെ സ്വപ്നങ്ങള്‍.     

Follow Us:
Download App:
  • android
  • ios