Asianet News MalayalamAsianet News Malayalam

Volcano : ചുട്ടുപൊള്ളുന്ന അഗ്‌നിപര്‍വ്വത ലാവ പുറകില്‍, നിലവിളിച്ചു കൊണ്ടോടുന്ന നാട്ടുകാര്‍, ദൃശ്യങ്ങള്‍

കട്ടിയുള്ള പുകച്ചുരുകളുകള്‍ ആകാശമാകെ നിറയുന്നതിനിടെ ഇവിടെനിന്നും ജീവന്‍ രക്ഷിക്കാന്‍ നിലവിളിച്ചു കൊണ്ടോടുന്നവരുടെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് പുറത്തുവിട്ടത്. 

Residents flee as Mt Semeru erupts in indonesia
Author
Jawa, First Published Dec 4, 2021, 7:38 PM IST

അഗ്‌നിപര്‍വ്വതം പൊട്ടി തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിക്കുന്നു. അതിനു മുന്നിലൂടെ നിലവിളിച്ചു കൊണ്ട് ഓടുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍. അവരുടെ പുറകില്‍ ആകാശമാകെ വ്യാപിച്ചു നില്‍ക്കുന്ന അതിഭീമമായ പുകപടലങ്ങള്‍. 12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. 

ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന, ഈ ഭയാനക ദൃശ്യം ഇന്തോനേഷ്യയില്‍നിന്നാണ് (Indonesia). ജാവാദ്വീപിലെ (island of Java) ഏറ്റവും ഉയരമുള്ള  പര്‍വ്വതമായ സെമേരു അഗ്‌നിപര്‍വ്വതമാണ് (Mt Semeru) മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചത് (volcano eruption). കട്ടിയുള്ള പുകച്ചുരുകളുകള്‍ ആകാശമാകെ നിറയുന്നതിനിടെ ഇവിടെനിന്നും ജീവന്‍ രക്ഷിക്കാന്‍ നിലവിളിച്ചു കൊണ്ടോടുന്നവരുടെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് പുറത്തുവിട്ടത്. 

കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചു. വര്‍ഷത്തില്‍ രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്ന പര്‍വ്വതം ഈയടുത്തായി വര്‍ഷത്തില്‍ പല തവണ പൊട്ടിത്തെറിക്കുന്ന സാഹചര്യമാണ്. പലപ്പോഴും വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇതിടവരുത്താറുള്ളത്.  

ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് ലാവാ പ്രവാഹം ആരംഭച്ചെതന്നാണ് റിപ്പോര്‍ട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവസ്ഥ ഭയാനകമാണെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തുനിന്നും ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്. പ്രദേശത്തുകൂടി പറക്കുന്ന വിമാനങ്ങള്‍ക്ക് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുകപടലങ്ങളും ചാരവും ആകാശങ്ങളിലേക്ക് വ്യാപിക്കുന്ന വാഹചര്യത്തില്‍ വൈമാനികര്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. 

ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്‌നിപര്‍വതങ്ങളിലൊന്നായ സെമേരു ഇക്കഴിഞ്ഞ ജനുവരിയില്‍ പൊട്ടിത്തെറിച്ചതാണ്. സമുദ്രനിരപ്പില്‍നിന്നും 3,676 മീറ്റര്‍ ഉയരത്തിലാണണിത്.  ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios