Asianet News MalayalamAsianet News Malayalam

ടൈറ്റാനിക്കിലുണ്ടായിരുന്ന ഏറ്റവും വലിയ സമ്പന്നന്റെ വാച്ച്, ലേലത്തിൽ പോയത് 12 കോടിക്ക്

ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, 47 -കാരനായ ആസ്റ്റർ തന്റെ ജീവിതം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ചെയ്തത് ഭാര്യ മഡലീനെ ലൈഫ് ബോട്ടിൽ കയറ്റിയ ശേഷം അവസാനമായി ഒരു സിഗരറ്റ് വലിക്കുകയായിരുന്നു.

richest man on Titanic John Jacob Astors Gold pocket watch sold in auction for 12 crores
Author
First Published Apr 29, 2024, 1:46 PM IST

ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റേതായിരുന്ന സ്വർണ്ണ പോക്കറ്റ് വാച്ച് ലേലത്തിൽ വിറ്റു. ഏപ്രിൽ 28 ഞായറാഴ്ച നടന്ന ലേലത്തിൽ, കണക്കാക്കിയ വിലയുടെ ആറിരട്ടിക്കാണ് വാച്ച് വിറ്റിരിക്കുന്നത്. 9.41 കോടി രൂപയ്ക്കാണ് വാച്ച് വിറ്റിരിക്കുന്നത്. ടാക്സും ഫീസുമെല്ലാം കൂട്ടി വരുമ്പോൾ ഇത് 12.29 കോടി രൂപ വരും.

വ്യവസായിയായിരുന്ന ജോൺ ജേക്കബ് ആസ്റ്ററിൻ്റേതാണ് ഈ സ്വർണ്ണ വാച്ച്. 'ടൈറ്റാനിക്കിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ ലേലത്തിൽ ലോക റെക്കോർഡ്' എന്നാണ് ലേലം നടത്തിയ ആൻഡ്രൂ ആൽഡ്രിജ് വാച്ചിന്റെ ലേലത്തെ വിശേഷിപ്പിച്ചത്. ടൈറ്റാനിക്കിൽ നിന്നും കിട്ടിയ വസ്തുക്കളുടെ ലേലത്തിൽ മുമ്പ് ഏറ്റവും ഉയർന്ന തുക കിട്ടിയത് ഒരു വയലിനായിരുന്നു. 9.41 കോടി രൂപയ്ക്കാണ് ഇത് അന്ന് വിറ്റുപോയത്. നികുതിയും മറ്റ് ചാർജുകളും ചേർത്ത് അത് 11.5 കോടി രൂപയായിരുന്നു. 

ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, 47 -കാരനായ ആസ്റ്റർ തന്റെ ജീവിതം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ചെയ്തത് ഭാര്യ മഡലീനെ ലൈഫ് ബോട്ടിൽ കയറ്റിയ ശേഷം അവസാനമായി ഒരു സിഗരറ്റ് വലിക്കുകയായിരുന്നു. പിന്നീട്, കപ്പലിനൊപ്പം അയാളും മുങ്ങിപ്പോവുകയായിരുന്നു. ബ്രിട്ടീഷ് ടൈറ്റാനിക് സൊസൈറ്റിയുടെ പ്രസിഡൻ്റ് ഡേവിഡ് ബെഡാർഡ് പറഞ്ഞത്, അന്ന് അതിലുണ്ടായിരുന്ന പല വാച്ചുകളും നശിച്ചുപോയി. എന്നാൽ, ആസ്റ്ററിന്റെ മകൻ ഈ വാച്ച് നന്നാക്കുകയും അത് പ്രവർത്തിക്കുകയും ചെയ്തു എന്നാണ്. 

അന്ന് ആസ്റ്റർ ​ഗർഭിണിയായ ഭാര്യയെ ലൈഫ് ബോട്ടിൽ കയറ്റി അയച്ച ശേഷം അവിടെ നിന്നു. താൻ രക്ഷപ്പെടാൻ പോകുന്നില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു എന്നും ഡേവിഡ് ബെഡാർഡ് ആസ്റ്ററിനെ കുറിച്ച് ഓർമ്മിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios