ഒന്നും രണ്ടുമല്ല, ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടത് 959 തവണ; ഒടുവില്‍ ലൈസൻസ്, ഒപ്പം ഒരു പുത്തന്‍ കാറും

Synopsis
860 തവണ എഴുതിയിട്ടാണ് ചാ സായ്ക്ക് റിട്ടണ്‍ ടെസ്റ്റ് പാസാകാന്‍ കഴിഞ്ഞത്. അതിന് ശേഷം അവര്‍ പ്രാക്റ്റിക്കലിന് വേണ്ടി ശ്രമിച്ച് കൊണ്ടിരുന്നു. ഒന്നും രണ്ടുമല്ല അഞ്ച് വര്‍ഷത്തോളം ഈ ശ്രമങ്ങൾ തുടർന്നു.
തെക്കന്‍ കൊറിയക്കാരിയായ ചാ സാ സൂന്‍ 2010 -ലാണ് ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത്. അതും തന്‍റെ 69 -ാമത്തെ വയസില്‍. പക്ഷേ, ചാ സാ ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റിനെത്തിയത് 2005 -ലാണ്. ഈ അഞ്ച് വര്‍ഷത്തിനിടെ ചാ സാ 959 തവണ ഡ്രൈവിംഗ് ടെസ്റ്റിനെത്തി. പക്ഷേ, ഓരോ തവണയും പരാജയപ്പെട്ടു. ഒടുവില്‍ വിജയിച്ചപ്പോൾ അത് വലിയ ആഘോഷമായി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചാ സായുടെ കഥ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ചാ സാ സമൂഹ മാധ്യമങ്ങളിലെ താരമായി മാറി.
2005 -ലോ 2010 -ലോ ഇന്ന് കാണുന്നത് പോലെ സമൂഹ മാധ്യമങ്ങൾ സജീവമായിരുന്നില്ല. അതിനാല്‍ ചാ സായുടെ ലൈസന്‍സ് കഥയ്ക്ക് തെക്കന്‍ കൊറിയയില്‍ മാത്രമായിരുന്നു ഇതുവരെ പ്രചാരം ലഭിച്ചത്. എന്നാല്‍, നീണ്ട പരാജയത്തിന് ശേഷമുള്ള ആ വിജയം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ചു.
ചാ സാ സൂന്‍ ആദ്യമായി ലൈസന്‍സ് ടെസ്റ്റിനെത്തിയത് 2005 ഏപ്രില്‍ മാസത്തിലാണ്. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ തൊട്ടടുത്ത ദിവസം അവര്‍ വീണ്ടും ടെസ്റ്റിനെത്തി. അങ്ങനെ ആഴ്ചയില്‍ അഞ്ച് തവണയും പരായപ്പെട്ടപ്പോൾ അവര്‍ അടുത്ത ആഴ്ചയും അത് തന്നെ ആവര്‍ത്തിച്ചു. അങ്ങനെ ആഴ്ചയില്‍ അഞ്ച് ദിവസം വച്ച് മൂന്ന് വര്‍ഷം തുടർച്ചയായി അവര്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി. പിന്നെ പിന്നെ ചാ സായുടെ ആവേശം അല്പം കുറഞ്ഞു.
ആഴ്ചയില്‍ അഞ്ച് ദിവസമെന്നത് പിന്നെ ആഴ്ചയില്‍ രണ്ട് ദിവസമായി കുറഞ്ഞു. ഒടുവില്‍ 860 -മത്തെ തവണ ചാ സാ തന്‍റെ ഡ്രൈവിംഗ് റിട്ടണ്‍ ടെസ്റ്റ് പരീക്ഷ പാസായി. പക്ഷേ, അതുകൊണ്ട് ആയില്ല. ചാ സാ വീണ്ടും പ്രാക്റ്റിക്കല്‍ ടെസ്റ്റിനായി തയ്യാറെടുത്തു. പക്ഷേ, അത് പഴയതിലും പ്രശ്നകരമായിരുന്നു. ഓരോ പ്രാക്റ്റിക്കല്‍ ടെസ്റ്റും 10 തവണ വീതം അവര്‍ ചെയ്തു. പക്ഷേ. എല്ലാം പരാജയം. അങ്ങനെ ആകെ മൊത്തം 960 -തവണയാണ് ചാ സാ തന്‍റെ ഡ്രൈവിംഗ് ലൈസന്‍സിനായി ശ്രമിച്ചത്. അങ്ങനെ 2010 -ല്‍ തന്‍റെ 69 -മത്തെ വയസില്‍ ചാ സായ്ക്ക് ലൈസന്‍സ് ലഭിച്ചു.
960 തവണ ഡ്രൈവിംഗ് ടെസ്റ്റിനായി ചാ സാ ചെലവഴിച്ചത് 11,000 പൌണ്ട്. അതായത് ഏതാണ്ട് 11,15,273 രൂപ. ചാ സായ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചപ്പോൾ ആ ഓഫീസിലുണ്ടായിരുന്ന എല്ലാവരും അവരുടെ കസേരകളില്‍ നിന്നും എഴുന്നേറ്റ് ചാ സായ്ക്ക് പൂക്കൾ നല്‍കി അഭിനന്ദിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചാ സായുടെ കഥ അന്ന് ദേശീയ ശ്രദ്ധ നേടി. ഒടുവില്‍ തെക്കന്‍ കൊറിയന്‍ കാർ നിർമ്മാതാക്കളായ ഹുണ്ടായി തങ്ങളുടെ ഏറ്റവും പുതിയൊരു കാര്‍ ചാ സായ്ക്ക് സമ്മാനമായി നല്‍കി. കഴിഞ്ഞ ദിവസം ചാ സായുടെ കഥ റെഡ്ഡിറ്റില്‍ എഴുതപ്പെട്ടപ്പോൾ വളരെ വേഗമാണ് അത് കാഴ്ചക്കാരുടെ ശ്രദ്ധ നേടിയത്. പിന്നാലെ മറ്റ് സമൂഹ മാധ്യമങ്ങളിലും ചാ സായുടെ കഥ പങ്കുവയ്ക്കപ്പെട്ടു.