Asianet News MalayalamAsianet News Malayalam

രക്തരക്ഷസെന്ന് നാട്ടുകാര്‍, ക്ഷയം വന്ന് മരിച്ച സ്ത്രീയുടെ ഹൃദയം കരിച്ച ചാരം മകന് കഴിക്കാന്‍ നല്‍കി

മൂന്നാമത്തെ ശവപ്പെട്ടി തുറന്ന അവര്‍ ഞെട്ടി. ശവപ്പെട്ടിക്കകത്ത് മേഴ്‌സി ബ്രൗണിന്റെ അഴുകാത്ത ശരീരം അവര്‍ കണ്ടു. അവളുടെ ഹൃദയത്തില്‍ അപ്പോഴും രക്തം ഉണ്ടായിരുന്നു. Photo: Representational image

Tale of Mercy Brown Americas first vampire
Author
New England, First Published May 20, 2022, 4:04 PM IST

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു നിഗൂഢ രോഗം അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിന്റെ ഗ്രാമീണ മേഖലയെ ബാധിച്ചു. ആളുകള്‍ ഇതിനെ കണ്‍സംപ്ഷന്‍ എന്ന് വിളിച്ചു. കാരണം രോഗം അക്ഷരാര്‍ത്ഥത്തില്‍ ആളുകളെ വിഴുങ്ങുകയായിരുന്നു. അസുഖം ബാധിച്ച ആളുകള്‍ ക്രമേണ വിളറി, വെളുത്ത് നിര്‍ജീവമായി തീര്‍ന്നു. ഇന്നത്തെ കാലത്ത് ക്ഷയരോഗം എന്നറിയപ്പെടുന്ന രോഗമായിരുന്നു അത്. അതൊരു ബാക്ടീരിയല്‍ രോഗമാണെന്നും, പകര്‍ച്ച വ്യാധിയാണെന്നും ഇന്ന് നമുക്ക് അറിയാം. എന്നാല്‍ അന്നത്തെ കാലത്ത് അതൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല.

കുടുംബത്തിലെ ക്ഷയം ബാധിച്ച് മരിച്ച വ്യക്തി മറ്റ് കുടുംബാംഗങ്ങളുടെ ജീവന്‍ അപഹരിക്കുകയാണെന്നായിരുന്നു നാട്ടുകാരുടെ വിചാരം. 'ന്യൂ ഇംഗ്ലണ്ട് വാമ്പയര്‍ ഹിസ്റ്റീരിയ' എന്നാണ് ചരിത്രത്തില്‍ ഇതറിയപ്പെടുന്നത്. അസുഖം ബാധിച്ച് മരിച്ചവര്‍ വാമ്പയര്‍മാര്‍ എന്നറിയപ്പെട്ടു.  കുഴിമാടങ്ങളില്‍ നിന്ന് വാമ്പയര്‍മാര്‍ ഉയര്‍ത്തെഴുന്നെല്‍ക്കുന്നുവെന്നും, വീട്ടിലെ മറ്റുള്ളവരുടെ രക്തം ഊറ്റികുടിച്ച് അവരെ രോഗികളാക്കുന്നുവെന്നും ആളുകള്‍ വിശ്വസിച്ചു. ഇത് തടയാന്‍ ആളുകള്‍ മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ആന്തരിക അവയവങ്ങള്‍ ആചാരപരമായി കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് രോഗബാധിതരായ മറ്റ് കുടുംബാംഗങ്ങള്‍ ഈ കരിഞ്ഞ അവയവങ്ങളില്‍ നിന്നുള്ള പുക ശ്വസിക്കുകയോ അല്ലെങ്കില്‍ ചാരം കഴിക്കുകയോ ചെയ്തു. ഈ വാമ്പയര്‍ ഹിസ്റ്റീരിയയുടെ ഒടുവിലത്തെ ഇരയായിരുന്നു മേഴ്‌സി ബ്രൗണ്‍.  

റോഡ് ഐലന്‍ഡിലെ എക്‌സെറ്ററിലെ ബ്രൗണ്‍ കുടുംബത്തിലെ ഒരംഗമായിരുന്നു  മേഴ്‌സി. 1884 -ലാണ് മേരി ബ്രൗണ്‍ ക്ഷയ രോഗം ബാധിച്ച് മരിക്കുന്നത്. തുടര്‍ന്ന് കുടുംബത്തിലെ മൂത്ത മകള്‍ 20 വയസ്സുള്ള മേരി ഒലിവ്, പിന്നാലെ 19 വയസ്സുള്ള മേഴ്സി എന്നിവരും അസുഖം ബാധിച്ച് മരിച്ചു. അക്കാലത്ത്, ആളുകള്‍ക്ക് ക്ഷയരോഗത്തെ ഭയമായിരുന്നു. ഈ സാംക്രമിക രോഗം പലപ്പോഴും മുഴുവന്‍ കുടുംബങ്ങളെയും ഇല്ലാതാക്കി. തന്റെ ഭാര്യയും പെണ്‍മക്കളും മരിക്കുന്നത് കണ്ട് നിരാശനായ ജോര്‍ജ്ജ് ബ്രൗണ്‍ വാമ്പയറിനെ തുരത്താനും തന്റെ മകന്‍ എഡ്വിനെ രക്ഷിക്കാനും തീരുമാനിച്ചു. അതിനായി, മരണപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ദഹിപ്പിക്കാന്‍ ജോര്‍ജ്ജ് ബ്രൗണ്‍ ഒരുങ്ങി.  

1892 മാര്‍ച്ച് 17-ന് ചെസ്റ്റ്‌നട്ട് ഹില്‍ സെമിത്തേരിയില്‍ ഒരു വലിയ ജനക്കൂട്ടം തന്നെ ഒത്തുകൂടി. ഡോക്ടറും പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടറും ഉള്‍പ്പെടെ നിരവധി ഗ്രാമീണര്‍ അന്ന് രാത്രി അവിടെ തടിച്ചുകൂടി. മേരി, മേരി ഒലിവ്, മേഴ്സി എന്നിവരുടെ ശവശരീരങ്ങള്‍ കുഴിച്ചെടുക്കാന്‍ പുറപ്പെട്ടു. ആദ്യത്തെ രണ്ട് ശവപ്പെട്ടികള്‍ തുറന്നപ്പോള്‍, പ്രതീക്ഷിച്ച പോലെ പെണ്മക്കളുടെ അഴുകിയ ശവശരീരമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പക്ഷേ മൂന്നാമത്തെ ശവപ്പെട്ടി തുറന്ന അവര്‍ ഞെട്ടി. ശവപ്പെട്ടിക്കകത്ത് മേഴ്‌സി ബ്രൗണിന്റെ അഴുകാത്ത ശരീരം അവര്‍ കണ്ടു. അവളുടെ ഹൃദയത്തില്‍ അപ്പോഴും രക്തം ഉണ്ടായിരുന്നു. എന്നാല്‍ മേഴ്സിയുടെ മൃതദേഹം തണുത്തുറഞ്ഞ താപനിലയില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന ബോധം അവിടെ കൂടിയ ആര്‍ക്കും ഉണ്ടായിരുന്നില്ല. മറിച്ച് അതൊന്നും കണക്കിലാക്കാതെ, മേഴ്സി ബ്രൗണ്‍ ഒരു വാമ്പയര്‍ ആണെന്നും, സ്വന്തം കുടുംബത്തിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കൂടിനിന്നവര്‍ പ്രഖ്യാപിച്ചു.

എന്ത് ചെയ്യണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ മേഴ്സിയുടെ ശരീരം പുറത്തെടുത്ത് ഹൃദയവും കരളും ശവശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്തു. കൂടാതെ അമ്മയുടെ ഹൃദയം കരിച്ച ചാരം മകനായ എഡ്വിന് ഔഷധങ്ങള്‍ കലര്‍ത്തി കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. മകന്‍ സുഖപ്പെടുമെന്ന് കരുതിയെങ്കിലും ഈ പ്രതിവിധി ഫലിച്ചില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവനും മരിച്ചു. മേഴ്സിയുടെ ശിരസ്സ് ഛേദിച്ച് അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് തുന്നിച്ചേര്‍ത്ത ശേഷം ശവശരീരം എക്‌സെറ്റേഴ്സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ശ്മശാനത്തില്‍ അടക്കം ചെയ്തു. 1897-ല്‍ ഡ്രാക്കുള എഴുതിയ ബ്രാം സ്റ്റോക്കര്‍ മരിച്ചപ്പോള്‍, വാമ്പയര്‍ മേഴ്‌സി ബ്രൗണിനെ കുറിച്ചുള്ള പത്രക്കുറിപ്പുകള്‍ അദ്ദേഹത്തിന്റെ ഫയലുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇന്നും ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ സെമിത്തേരിയില്‍ ചെന്നാല്‍ മേരിയുടെ കുഴിമാടം കാണാം.   
 

Follow Us:
Download App:
  • android
  • ios