വളരെ മനോഹരമായ ചലനങ്ങൾ കൊണ്ട് ആളുകളുടെ പ്രശംസയേറ്റുവാങ്ങാനും അലക്സിന് കഴിഞ്ഞു. അനേകങ്ങളാണ് അലക്സിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും.

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകൾക്ക് ലോകമാകെ ആരാധകരുണ്ട്. പല രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ഇന്ത്യയിലേക്ക് വന്നുപോലും ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നുണ്ട്. സ്വന്തം രാജ്യത്തിരുന്നു തന്നെ ഭരതനാട്യവും കുച്ചുപ്പുഡിയും അടക്കം നൃത്തങ്ങൾ അഭ്യസിക്കുന്നവരും ഉണ്ട്. അതിൽ പലരും തങ്ങളുടെ കഴിവുകൾ കൊണ്ട് നമ്മെ അമ്പരപ്പിക്കാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. പ്രത്യേകിച്ചും ഇന്ത്യക്കാരുടെ.

അലക്സ് വോങ് എന്ന യുവാവാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസായ ഭരതനാട്യത്തിന്റെ ഫ്യൂഷനാണ് അലക്സ് ഈ വീഡിയോയിൽ കാഴ്ച വയ്ക്കുന്നത്. അലക്സിന്റെ അനായാസമായ ചലനങ്ങളാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്.

'സാതിയ' എന്ന സിനിമയിൽ നിന്നുള്ള 'ഛല്‍കാ ഛല്‍കാ രെ' ​ഗാനത്തിനാണ് അലക്സ് ചുവടുകൾ വയ്ക്കുന്നത്. അടുത്തിടെ തനിക്ക് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പഠിക്കണം എന്ന മോഹമുണ്ടായി. അതിനായി താൻ ക്ലാസുകൾക്കായി തിരഞ്ഞ് തുടങ്ങി. ഇതാണ് തന്റെ ആദ്യത്തെ ഭരതനാട്യം ഫ്യൂഷൻ ക്ലാസ്. കൈകളുടെയും കാലിന്റെയും പരമ്പരാ​ഗതമായ ചലനങ്ങൾ പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നത് പോലെ തനിക്ക് പ്രയാസകരമായിരുന്നു എന്നും അലക്സ് പറയുന്നുണ്ട്.

 

View post on Instagram
 

 

എന്നാൽ, അതിമനോഹരമായി തന്നെയാണ് അലക്സ് നൃത്തം അവതരിപ്പിക്കുന്നത് എന്ന് വീഡിയോയിൽ കാണാൻ സാധിക്കും. വളരെ മനോഹരമായ ചലനങ്ങൾ കൊണ്ട് ആളുകളുടെ പ്രശംസയേറ്റുവാങ്ങാനും അലക്സിന് കഴിഞ്ഞു. അനേകങ്ങളാണ് അലക്സിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും.

ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, ‘ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയിൽ നിന്നും - നിങ്ങളുടെ പ്രകടനം ഏതാണ്ട് കുറ്റമറ്റത് തന്നെ ആയിരുന്നു’ എന്നാണ്. മനോഹരമായ പ്രകടനമായിരുന്നു അലക്സിന്റേത് എന്ന് ഇതുപോലെ അനേകങ്ങൾ കമന്റ് നൽകിയിട്ടുണ്ട്.