നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'സഹോദരാ, ബന്ധുക്കളുടെ വീട്ടിലും ഇതുപോലെ വെള്ളം കയറിയിരിക്കും' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്.

കനത്ത മഴയാണ് ഈ ആഴ്ച ഗുഡ്ഗാവിൽ പെയ്തത്. പലരും വെള്ളം കേറിയപ്പോൾ വലഞ്ഞുപോയി. സമ്പന്നർ ഏറെയും താമസിക്കുന്ന സ്ഥലം കൂടിയാണത്. വെള്ളം കയറിയതിന്റെ അനുഭവമാണ് ഇവിടുത്തെ ഒരു താമസക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ബാഗുകൾ പാക്ക് ചെയ്ത് താൻ നേരെ പോയത് ഹോട്ടൽമുറിയിലേക്കാണ് എന്നാണ് യുവാവ് പറയുന്നത്. അടുത്ത് ബന്ധുക്കളില്ല, വീട്ടിൽ വെള്ളം കയറി, വൈദ്യുതിയും ഇല്ല ഇങ്ങനെയൊക്കെ ആയതോടെയാണ് ഹോട്ടലിൽ മുറിയെടുത്തത്.

റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. താൻ നിരാശയിലും സങ്കടത്തിലുമാണ് എന്നാണ് യുവാവ് എഴുതുന്നത്. 'ഇത്തരം സാഹചര്യങ്ങളിൽ പോയി ഒരു രാത്രി കഴിക്കാൻ പോലും ഇവിടെ ഒരു ബന്ധു ഇല്ലാത്തത് വളരെ സങ്കടകരമാണ്. ഇതെന്തൊരു ജീവിതമാണ്? ഇന്ന് മറ്റെല്ലാവർക്കും ഇതേ വികാരം തന്നെയായിരിക്കാം ഉണ്ടായിരിക്കുന്നത്. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരും അതേക്കുറിച്ച് ആശങ്കാകുലരാണ്. പിന്നെ, എല്ലായ്‌പ്പോഴും എന്നതുപോലെ, ഇത്തവണയും ആളുകൾ കുറച്ച് ദിവസത്തേക്ക് ഇതിനെക്കുറിച്ച് ചിന്തിക്കും. പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങും, കാരണം ഇതിന് ഒരു പരിഹാരവുമില്ല' എന്നും ഇയാൾ കുറിക്കുന്നു.

 

 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'സഹോദരാ, ബന്ധുക്കളുടെ വീട്ടിലും ഇതുപോലെ വെള്ളം കയറിയിരിക്കും' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. അതിന് യുവാവ് മറുപടി നൽകുന്നുണ്ട്. ബന്ധുക്കളില്ലാത്തതല്ല പ്രശ്നം, ഓരോ ദിവസവും താൻ നിരാശനാണ്. ജോലിയടക്കം ഓരോ കാരണങ്ങൾ കൊണ്ടാണ് പലരും ഈ ന​ഗരത്തിൽ താമസിക്കുന്നത് എന്നായിരുന്നു യുവാവിന്റെ മറുപടി.

'സഹോദരാ, ഏത് ഹോട്ടലാണ് എന്ന് പറയൂ ആവശ്യമുള്ളപ്പോൾ ഉപകാരപ്പെടും' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റ് ചിലർ ന​ഗരത്തിൽ ഇങ്ങനെ വെള്ളം കയറുന്നതിനെ കുറിച്ചും ഇതിന് തക്കതായ പരിഹാരം ഇല്ലാത്തതിനെ കുറിച്ചുമാണ് അഭിപ്രായം പറഞ്ഞത്.