Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ ദുരന്തങ്ങൾ: ലോകത്ത് ഒന്നാം സ്ഥാനത്ത് ഏഷ്യ

എമർജൻസി ഇവൻ്റ് ഡാറ്റാബേസിന്റെ റിപ്പോർട്ട് പ്രകാരം, 2023 -ൽ ഏഷ്യയിൽ ജല-കാലാവസ്ഥാ അപകടങ്ങളുമായി ബന്ധപ്പെട്ട 79 ദുരന്തങ്ങൾ ഉണ്ടായി. വെള്ളപ്പൊക്കവും കൊടുങ്കാറ്റുമായിരുന്നു ഇതിൽ പ്രധാനം.

worlds most disaster prone region asia World Meteorological Organization
Author
First Published Apr 26, 2024, 11:22 AM IST

പോയ വർഷത്തിൽ കാലവസ്ഥാ ദുരന്ത​ങ്ങൾക്ക് ഏറ്റവും അധികം ഇരയായത് ഏഷ്യയെന്ന് റിപ്പോർട്ട്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത് ഏഷ്യ തന്നെയെന്ന് പറയുന്നത്. വെള്ളപ്പൊക്കം ഉൾപ്പടെ കാലാവസ്ഥയുടെ എല്ലാ തീവ്ര അവസ്ഥകളും ഏറ്റവുമധികം ബാധിച്ചത് ഏഷ്യയെ ആണെന്നാണ് റിപ്പോർ‌ട്ട് ചൂണ്ടിക്കാണിക്കുന്നത്. 

റിപ്പോർട്ട് അനുസരിച്ച്, 2023 -ൽ വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില റെക്കോർഡ് ഉയരത്തിലെത്തി. ആർട്ടിക് സമുദ്രത്തിലും ഉഷ്ണ തരംഗം അനുഭവപ്പെട്ടു. വരൾച്ചയും ഉഷ്ണതരംഗങ്ങളും മുതൽ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരെയുള്ള അതികഠിനമായ അവസ്ഥകൾക്ക് ഏഷ്യയിലെ പല രാജ്യങ്ങളും 2023 -ൽ ഇരകളായി എന്നാണ് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്റ്റ് സൗലോ പറയുന്നത്. ഏഷ്യയിലെ പലരാജ്യങ്ങൾക്കും 2023 ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എമർജൻസി ഇവൻ്റ് ഡാറ്റാബേസിന്റെ റിപ്പോർട്ട് പ്രകാരം, 2023 -ൽ ഏഷ്യയിൽ ജല-കാലാവസ്ഥാ അപകടങ്ങളുമായി ബന്ധപ്പെട്ട 79 ദുരന്തങ്ങൾ ഉണ്ടായി. വെള്ളപ്പൊക്കവും കൊടുങ്കാറ്റുമായിരുന്നു ഇതിൽ പ്രധാനം. ഈ ദുരന്തങ്ങളിൽ 2,000 -ത്തിലധികം മരണങ്ങൾ സംഭവിക്കുകയും ഒമ്പത് ദശലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. ജപ്പാനിലും കസാക്കിസ്ഥാനിലും പോയ വർഷം റെക്കോർഡ് ചൂട് രേഖപ്പെടുത്തി. ഇന്ത്യയിൽ, ഏപ്രിൽ, ജൂൺ മാസങ്ങളിലെ കടുത്ത ഉഷ്ണതരംഗങ്ങളുടെ ഫലമായി 110 ഓളം മരണങ്ങൾ ഹീറ്റ് സ്ട്രോക്ക് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടു. 

തെക്കുപടിഞ്ഞാറൻ ചൈനയിൽ വരൾച്ച അനുഭവപ്പെട്ടു. ഇന്ത്യൻ വേനൽക്കാല, മൺസൂണുമായി ബന്ധപ്പെട്ട മഴ ശരാശരിയിലും താഴെയായിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, നിരവധി വെള്ളപ്പൊക്കങ്ങളിലും കൊടുങ്കാറ്റുകളിലും ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ 600 -ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കനത്ത മഴ സൗദി അറേബ്യ, യുഎഇ, യെമൻ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി. 2023 -ൽ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും 17 ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios