Asianet News MalayalamAsianet News Malayalam

ജന്മനാ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയൊരുക്കാന്‍ മസ്ക്; വലിയ പ്രഖ്യാപനം ഇങ്ങനെ

ടെലിപ്പതി എന്ന ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്‌സിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ. ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി കാഴ്ചയില്ലാത്തവർക്ക് കാഴ്ച ലഭിക്കുന്ന ഉപകരണം ആയിരിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. 

Can Neuralink help improve vision? Musk with the announcement vvk
Author
First Published Mar 23, 2024, 7:41 PM IST

കാഴ്ചയില്ലാത്തവർക്ക് കാഴ്ചയൊരുക്കാനുള്ള പ​ദ്ധതിയുമായി  ടെസ്ല തലവൻ എലോൺ മസ്ക്. കഴിഞ്ഞ ദിവസമാണ് മസ്ക് ഇതെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോട് കൂടി കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ് ന്യൂറോലിങ്ക്. ടെലിപ്പതി എന്ന ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്‌സിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ. ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി കാഴ്ചയില്ലാത്തവർക്ക് കാഴ്ച ലഭിക്കുന്ന ഉപകരണം ആയിരിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. 

ഡോഗ് ഡിസൈനർ എന്നയാൾ എക്‌സിൽ പങ്കുവെച്ച പോസ്റ്റിന്റെ കമന്റായാണ് മസ്‌ക് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 'ജന്മനാ കാഴ്ചയില്ലാത്തവരെ പോലെ ഒരിക്കലും കാഴ്ച ശക്തി ഇല്ലാതിരുന്ന ഒരാൾക്ക് പോലും ന്യൂറാലിങ്ക് ഉപയോഗിച്ച് കാഴ്ച ലഭിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്' എന്ന് മസ്‌ക് പറയുന്ന വീഡിയോയാണ്  ഇപ്പോൾ ഡോഗ് ഡിസൈനർ പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ കമന്റായാണ് ന്യൂറാലിങ്കിന്റെ അടുത്ത ഉല്പന്നത്തെ മസ്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം മേയിലാണ് ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാൻ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത് . വൈകാതെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാവാനും തയ്യാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ഉപകരണം ഒരു മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചതായി കമ്പനി അറിയിച്ചത്. ഇയാളുടെ ആരോഗ്യ നില ഭേദപ്പെട്ടുവെന്നും ചിന്തകളിലൂടെ കംപ്യൂട്ടർ മൗസ് നിയന്ത്രിക്കാൻ അയാൾക്ക് സാധിക്കുന്നുണ്ടെന്നും ഫെബ്രുവരിയിൽ മസ്‌ക് അറിയിച്ചിരുന്നു. 

ആദ്യം പന്നികളിലും കുരങ്ങുകളിലുമാണ് ന്യൂറാലിങ്കിന്റെ ടെസ്റ്റ് നടത്തിയത്. മനുഷ്യന്റെ  തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാൻ സഹായിക്കുമോ എന്നറിയാനായിരുന്നു  ശ്രമം. ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. 

അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ (cursor) അല്ലെങ്കിൽ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടന്നിരുന്നു.

ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന 'ന്യൂറൽ ലെയ്‌സ്' ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. 

തൊഴിൽ അന്വേഷകരെ തേടി സന്തോഷ വാർത്ത, 10 ലക്ഷം കമ്പനികൾക്ക് ആളെ വേണമെന്ന് എക്സ്, മസ്കിന് എതിരാളി ലിങ്ക്ഡിൻ

632 പേര്‍ക്കായി 83 കോടി രൂപ കൈമാറി ഗൂഗിള്‍; പാരിതോഷികം പിഴവുകള്‍ കണ്ടെത്തിയതിന്

Follow Us:
Download App:
  • android
  • ios