Asianet News MalayalamAsianet News Malayalam

'30 വര്‍ഷം, ഇനിയില്ല വേഡ് പാഡ്'; നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റ് തീരുമാനം

മൈക്രോസോഫ്റ്റ് റൈറ്റിന് പകരമായിട്ടാണ് 1995ല്‍ മൈക്രോസോഫ്റ്റ് വേഡ്പാഡ് അവതരിപ്പിക്കുന്നത്.

microsoft finally removing wordpad from windows
Author
First Published Apr 6, 2024, 8:35 PM IST

വരാനിരിക്കുന്ന വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ തീരുമാനം. 30 വര്‍ഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കള്‍ക്കിടയിലുണ്ടാക്കിയത് ചില്ലറ തരംഗമൊന്നുമല്ല. എഴുത്ത് മുതല്‍ എഡിറ്റിങ് വരെയുള്ളതെല്ലാം സുഗമമായി ചെയ്യാന്‍ സഹായിച്ചിരുന്നത് വേഡ്പാഡാണ്. വിന്‍ഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 12ല്‍ നിന്നാണ് മൈക്രോസോഫ്റ്റ് വേഡ്പാഡ് നീക്കം ചെയ്യുന്നത്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

മൈക്രോസോഫ്റ്റ് റൈറ്റിന് പകരമായിട്ടാണ് 1995ല്‍ മൈക്രോസോഫ്റ്റ് വേഡ്പാഡ് അവതരിപ്പിക്കുന്നത്. അന്ന് മുതല്‍ പിന്നീടുള്ള എല്ലാ വിന്‍ഡോസ് അപ്‌ഡേറ്റിലും നേറ്റീവ് വേഡ് പ്രോസസിംഗ് സോഫ്റ്റ്വെയറായി വേഡ്പാഡ് ഉണ്ടായിരുന്നു. വേഡ്പാഡിന്റെ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായാണ് വാഗ്ദാനം ചെയ്തിരുന്നതെന്നതും ശ്രദ്ധേയം. എന്നാല്‍ വളരെക്കാലമായി പുതിയ അപ്‌ഡേറ്റുകളൊന്നും ആപ്പിന് ലഭിച്ചിരുന്നില്ല. 

നോട്ട്പാഡിന് പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് വേഡ്പാഡ് നീക്കം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് അറിയിക്കുന്നത്. എംഎസ് വേഡ് നല്‍കുന്നത് പോലെ ഓരോ അപ്‌ഡേറ്റിലും പുതിയ ഫീച്ചറുകള്‍ വേഡ്പാഡില്‍ ഉണ്ടായിരുന്നില്ല. വിവരങ്ങള്‍ ടൈപ്പു ചെയ്യുന്നതിനും അതിന്റെ ഫോണ്ട്, വലുപ്പം മുതലായവ മാറ്റുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ക്കായാണ് ഉപയോക്താക്കള്‍ വേഡ്പാഡിനെ ആശ്രയിച്ചിരുന്നത്. അത്തരം സ്ഥിരം ഉപഭോക്താക്കള്‍ക്ക് വേഡ്പാഡിന്റെ നഷ്ടം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരിക്കും. കാര്യമായ എഡിറ്റൊന്നും നോട്ട്പാഡില്‍ ചെയ്യാനാകില്ല എന്നത് ഈ സാഹചര്യത്തില്‍ ഒരു നെഗറ്റീവായും ചൂണ്ടിക്കാണിക്കാം.

വേഡ്പാഡ് പിന്‍വലിക്കുന്നതോടെ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ റിച്ച് ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്കായി എംഎസ് വേഡിലേക്കോ പ്ലെയിന്‍ ഡോക്യുമെന്റുകള്‍ക്കായി നോട്ട്പാഡിലേക്കോ മാറാമെന്നതാണ് കമ്പനിയുടെ മറ്റ് ഓപ്ഷനുകള്‍. 

'അന്നദാതാവാണ്, പരിഗണന നല്‍കണം'; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി 
 

Follow Us:
Download App:
  • android
  • ios