Asianet News MalayalamAsianet News Malayalam

ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍...

മുപ്പത്തിയേഴുകാരിയായ യുവതി, വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. എന്താണ് വയറുവേദനയുടെ കാരണം എന്നറിയാൻ വിശദപരിശോധന നടത്തിയ ഡോക്ടര്‍മാരെ ഞെട്ടിക്കുന്നതായിരുന്നു ഫലം

baby survived out of uterus and both mother and baby saved
Author
First Published Dec 21, 2023, 10:42 PM IST

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ക്ക് ആശങ്കകളും ആശയക്കുഴപ്പങ്ങളും കാണും. എന്നാല്‍ സാധാരണനിലയില്‍ ഇങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും തന്നെ പ്രസക്തിയില്ല. കാരണം ഇന്ന്, ഗര്‍ഭധാരണം നടന്നാല്‍ തന്നെ അത് എളുപ്പത്തില്‍ അറിയാനും തുടര്‍പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനുമെല്ലാം മുൻകാലങ്ങളെ അപേക്ഷിച്ച് അവസരങ്ങള്‍ കൂടിവരികയാണ്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഭയാശങ്കകളേതും ആവശ്യമില്ല. 

എന്നാല്‍ ചില കേസുകളില്‍ നമുക്ക് അവിശ്വസനീയമെന്നോ അത്ഭുതമെന്നോ തോന്നുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകാറില്ലേ? അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. 

മഡഗാസ്കറില്‍ ആണീ സംഭവം നടന്നത്. അപൂര്‍വകേസുകള്‍ പഠനവിധേയമാക്കുന്നതിന്‍റെ ഭാഗമായി ചര്‍ച്ച വന്നപ്പോഴാണ് ഇത് വാര്‍ത്തകളിലും ഇടം നേടിയത്. 

മുപ്പത്തിയേഴുകാരിയായ യുവതി, വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. എന്താണ് വയറുവേദനയുടെ കാരണം എന്നറിയാൻ വിശദപരിശോധന നടത്തിയ ഡോക്ടര്‍മാരെ ഞെട്ടിക്കുന്നതായിരുന്നു ഫലം. യുവതി ഗര്‍ഭിണിയാണെന്നത് മാത്രമല്ല, ഗര്‍ഭധാരണം നടന്നിരിക്കുന്നത്, അല്ലെങ്കില്‍ കുഞ്ഞ് ഇരിക്കുന്നത് ഗര്‍ഭപാത്രത്തിന് പുറത്തായാണ്.

ഇങ്ങനെ ഗര്‍ഭപാത്രത്തിന് പുറത്തായി ഗര്‍ഭധാരണം നടക്കുന്ന കേസുകളും ഉണ്ടാകാറുണ്ട്. ഇത് അധികവും ഫാലോപ്പിയൻ ട്യൂബ്സ് എന്ന് പറയുന്ന ഭാഗത്താണുണ്ടാവുക. ഗര്‍ഭപാത്രത്തിന് പുറത്തുതന്നെ. പക്ഷേ ഇത്തരം കേസുകളില്‍ കുഞ്ഞും അമ്മയും ഒരുപോലെ ജീവന് ഭീഷണി നേരിടും. ഡോക്ടര്‍മാര്‍ പോലും 'ഗ്യാരണ്ടി' നല്‍കാൻ മടിക്കും. 

പക്ഷേ ഈ യുവതിയുടെ കേസില്‍ അതിശയകരമായി അടിവയറ്റില്‍ സുരക്ഷിതമായി കുഞ്ഞ് ഒരു ആവരണത്തിനുള്ളില്‍ വളരുകയായിരുന്നു. എങ്കിലും തുടര്‍ച്ചയായ നിരീക്ഷണങ്ങളും പരിശോധനകളും ആവശ്യമായി വന്നു. ആറാം മാസത്തിലാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം മനസിലാകുന്നത്.

ഇതിന് ശേഷം ഡോക്ടര്‍മാരുടെ സഹായത്തോടെ ഒന്നര മാസം കൂടി പിന്നിട്ടു. തുടര്‍ന്ന് ഏഴ് മാസത്തിനിപ്പുറം സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആദ്യം തന്നെ കുഞ്ഞുങ്ങളുടെ ഐസിയുവിലേക്ക് മാറ്റേണ്ടിവന്നു. പിന്നെയും രണ്ട് മാസം എടുത്തു, കുഞ്ഞ് ജീവിതത്തിലേക്ക് വരുമോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കാൻ. എന്തായാലും സമയബന്ധിതമായ മെഡിക്കല്‍ കെയര്‍ കിട്ടയതോടെ അമ്മയും കുഞ്ഞും സുരക്ഷിതരായി ജീവിതത്തിലേക്ക് മടങ്ങി. അപൂര്‍വമായ കേസ് പഠനങ്ങള്‍ക്ക് ആധാരമാവുകയാണിപ്പോള്‍. അതോടൊപ്പം വാര്‍ത്തകളിലൂടെ സാധാരണക്കാരും അത്ഭുതകരമായ ഗര്‍ഭധാരണത്തെ കുറിച്ച് അറിയുന്നു.

Also Read:- കണ്ണിനുള്ളില്‍ തറഞ്ഞിരുന്ന മരച്ചീളുമായി ജീവിച്ചത് 15 വര്‍ഷം; ഇത് അപൂര്‍വ സംഭവം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios