Asianet News MalayalamAsianet News Malayalam

'പരസ്പരം മിണ്ടാതെ ഒരേ വീട്ടിൽ ഭാര്യയും ഭര്‍ത്താവും, സഹോദരങ്ങൾക്കിടയിൽ പ്രശ്നം, ജാഗ്രതാസമിതി കാര്യക്ഷമമാക്കണം'

 ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാം: അഡ്വ. പി. സതീദേവി

Family relations can be warmed if vigilance committees work efficiently Adv P Sathidevi
Author
First Published Feb 21, 2024, 8:49 PM IST

കോഴിക്കോട്: ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കുറച്ചുകൂടെ കാര്യക്ഷമമാക്കിയാല്‍ കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കി കൊണ്ടുപോകാന്‍ സാധിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.   പ്രാദേശികമായി  ഇടപെട്ടുകൊണ്ട് കുടുംബാംഗങ്ങള്‍ തമ്മില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ജാഗ്രതാ സമിതികള്‍ക്ക് സാധിച്ചാല്‍ കുടുംബ പ്രശ്‌നങ്ങള്‍ക്ക് വലിയൊളവില്‍ പരിഹാരം കാണാന്‍ സാധിക്കും. 

ഇതിന്റെ ഭാഗമായി വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിവരുന്നുണ്ട്. ഗാര്‍ഹിക പീഡന പ്രശ്‌നങ്ങളില്‍ ജാഗ്രതാ സമിതികളുടെ ഇടപെടല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ വിലയിരുത്തി. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മിഷന്‍ അവാര്‍ഡും നല്‍കുന്നുണ്ട്. അത് ഇത്തവണയും തുടരുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 

കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ ഏറെയും. ഭാര്യാ-ഭര്‍ത്താക്കന്മാര്‍, രക്ഷിതാക്കളും മക്കളും, സഹോദരങ്ങള്‍ എന്നിവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടും. പരസ്പരം ആശയവിനിമയം നടത്താതെ ഒരേ വീട്ടില്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിയുന്നവരുമുണ്ട്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാന്‍ നിര്‍ദേശിച്ചു. മദ്യപാനത്തെ തുടര്‍ന്ന് ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന പരാതിയില്‍ കൗണ്‍സിലിംഗും ഡി അഡിക്ഷന്‍ സെന്ററിന്റെ സേവനവും നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. 

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായതോടെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. അതത് സ്ഥാപനങ്ങള്‍ക്ക് അകത്തു തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സാഹചര്യമൊരുങ്ങിയതാണ് പരാതികളുടെ എണ്ണം കുറയാന്‍ കാരണം.  ഇന്റേണല്‍ കമ്മറ്റി ഇനിയും നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ ഇത് രൂപീകരിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ജില്ലാതല അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒരു പരാതിയില്‍ വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍ മുഖാന്തരം ഒരു സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നതിന് പ്രോട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങി നല്‍കാന്‍ നിര്‍ദേശം നല്‍കി. 44 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്.  അഭിഭാഷകരായ വി.പി. ലിസി, പി.എ. അബിജ, കൗണ്‍സിലര്‍മാരായ സി. അവിന, സുനിഷ റിനു, സുധിന സനൂഷ്, സബിന രണ്‍ദീപ്, എഎസ്‌ഐമാരായ ഗിരിജ എല്‍ നാറാണത്ത്, എം.എസ്. രാജേഷ് എന്നിവര്‍ പങ്കെടുത്തു. 

41-കാരൻ, പെൺകുട്ടികളെ പീഡിപ്പിച്ച 2 കേസിൽ 27 വര്‍ഷം തടവ് ശിക്ഷ, മറ്റ് രണ്ട് കേസുകളിലും വിചാരണ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios