Asianet News MalayalamAsianet News Malayalam

International Women's Day 2024 : ഫെമിനിസത്തെ ആയുധമാക്കി കച്ചവടം; സ്ത്രീകള്‍ക്ക് ഇത് നല്ലൊരു ഓര്‍മ്മപ്പെടുത്തല്

വന്ധ്യത, പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മാനസികാരോഗ്യം എന്നിങ്ങനെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് ഈ ചൂഷണം വിപണി നടത്തുന്നുവെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

market use feminism to sell their products or technology to women says a new report
Author
First Published Feb 29, 2024, 5:35 PM IST

സ്ത്രീകളുടെ ആരോഗ്യകാര്യങ്ങള്‍ പാടെ അവഗണിച്ചിരുന്നൊരു കാലത്തിന്‍റെ ചരിത്രം നമുക്കുണ്ട്. കൊല്ലങ്ങളോളം വീട്ടുജോലി ചെയ്ത് തളര്‍ന്നും എല്ല് തേഞ്ഞുമെല്ലാം മദ്ധ്യവയസ് കടക്കുമ്പോഴേക്ക് നിത്യരോഗികളായി മാറുന്ന സ്ത്രീകളുടെ ഒരു കാലത്തില്‍ നിന്ന് ഇന്ന് മാറ്റങ്ങളേറെ വന്നിരിക്കുന്നു. 

സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളില്‍ അവര്‍ക്കുതന്നെ കുറഞ്ഞ അവബോധമെങ്കിലും ഉണ്ടാകുന്നുണ്ട്. വീട്ടുകാര്‍ തനിക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ താൻ സ്വയം തന്നെ പരിരക്ഷിക്കണമെന്ന ഉറച്ച തീരുമാനവും ഇന്നത്തെ സ്ത്രീകളില്‍ ഏറെ കാണാം. ഇതെല്ലാം പ്രതീക്ഷകള്‍ നല്‍കുന്ന, ആശ്വാസം സമ്മാനിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ്.

ഒരുപാട് ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെല്ലാം ഒത്തൊരുമിച്ച് പല കാലങ്ങളില്‍ പല പ്രതിസന്ധിള്‍ അതിജീവിച്ച് നടത്തിയ മുന്നേറ്റങ്ങളുടെ ഫലമാണ് ഈ ഉയര്‍ച്ചകളെന്ന് മനസിലാക്കാം. അപ്പോഴും പക്ഷേ പ്രതിസന്ധികള്‍ തീരുന്നില്ലല്ലോ. പുതിയ കാലത്ത് പുതിയ പ്രതിസന്ധിയാണ്. ഇത്തരത്തില്‍ നമ്മളില്‍ പലരും ചിന്തിക്കാത്ത, പലരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ കാലഘട്ടത്തിലെ ഒരു പ്രതിസന്ധിയെ കുറിച്ച് പഠനം നടത്തി അതിന്‍റെ ശ്രദ്ധേയമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് റഷ്യയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. 

ഫെമിനിസത്തെ ആയുധമാക്കി പല കമ്പനികളും അവരുടെ ആരോഗ്യ- ഉത്പന്നങ്ങള്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നു എന്നാണിവര്‍ കണ്ടെത്തിയിരിക്കുന്നത്. 'ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ്  ഗവേഷകരുടെ പഠനറിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

സ്ത്രീകളെ എങ്ങനെയാണോ പുകവലിയിലേക്കും മദ്യപാനത്തിലേക്കും പല കമ്പനികളും മാര്‍ക്കറ്റിംഗിലൂടെ കൂടുതലായി എത്തിച്ചത്, അതേ മാര്‍ക്കറ്റിംഗ് തന്ത്രമാണ്- അതേ ചരിത്രമാണ് ഇപ്പോള്‍ ആരോഗ്യ- ഉത്പന്നങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്പന്നങ്ങള്‍ എന്ന് പറയുമ്പോള്‍ അതിനകത്ത് ടെക്നോളജിയും അടങ്ങുന്നുണ്ട്.

ഹെല്‍ത്ത്- മായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് സ്ത്രീകളെ സഹായിക്കുമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ആപ്പുകള്‍ അടക്കം ഇതിലുള്‍പ്പെടുന്നു. ഇവയില്‍ മിക്കതും തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളുമാണ് സ്ത്രീകളിലെത്തിക്കുന്നതെന്നും ഇതെല്ലാം സ്ത്രീകളെ മോശമായേ ബാധിക്കൂവെന്നും റിപ്പോര്‍ട്ട് പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു. 

ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മനസിലാക്കാൻ സഹായിക്കുമെന്ന അവകാശവാദത്തോടെ വിപണിയിലെത്തിയ ആപ്പ് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആപ്പൊന്നും നല്‍കുന്ന വിവരങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധരോട് ചോദിച്ചാല്‍ തന്നെ മനസിലാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

വന്ധ്യത, പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മാനസികാരോഗ്യം എന്നിങ്ങനെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് ഈ ചൂഷണം വിപണി നടത്തുന്നുവെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. എന്തായാലും ഇത് സ്ത്രീകളെ സംബന്ധിച്ച് നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ് എന്നും, നമുക്ക് വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനുള്ള ബോധ്യം സ്ത്രീകള്‍ക്കുണ്ടാകേണ്ടത് ആവശ്യമാണെന്നും പലരും റിപ്പോര്‍ട്ടിനെ അധികരിച്ച് അഭിപ്രായപ്പെടുന്നു. 

Also Read:- പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എത്ര സ്ത്രീകളില്‍ വരും? ഇതിന് കാരണമുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios