Asianet News MalayalamAsianet News Malayalam

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എത്ര സ്ത്രീകളില്‍ വരും? ഇതിന് കാരണമുണ്ടോ?

മുമ്പൊന്നും ഇത് തീരെ ചര്‍ച്ചകളില്‍ വന്നിരുന്നില്ല. ആരും ഇത് തിരിച്ചറിയുകയോ ഇതെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴും ഇത് സ്ത്രീകള്‍ വ്യാപകമായി അനുഭവിച്ചുപോന്നിരുന്നു. 

symptoms and reasons of postpartum depression
Author
First Published Feb 27, 2024, 4:29 PM IST

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എന്ന് കേട്ടാല്‍ തന്നെ ഇന്ന് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാരിലും നല്ലൊരു ഭാഗം ആളുകള്‍ക്ക് ഇതെന്താണെന്ന് അറിയാം. പ്രത്യേകിച്ച് യുവതലമുറക്ക്. എന്ന് പറയുമ്പോള്‍ ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ മാത്രം കാണപ്പെടുന്നൊരു പ്രശ്നമൊന്നുമല്ല. പണ്ടുകാലം മുതല്‍ സ്ത്രീകള്‍ അനുഭവിച്ചുവന്നിരുന്നൊരു പ്രശ്നം തന്നെ. 

എന്നാല്‍ മുമ്പൊന്നും ഇത് തീരെ ചര്‍ച്ചകളില്‍ വന്നിരുന്നില്ല. ആരും ഇത് തിരിച്ചറിയുകയോ ഇതെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴും ഇത് സ്ത്രീകള്‍ വ്യാപകമായി അനുഭവിച്ചുപോന്നിരുന്നു. 

പ്രസവത്തിന് ശേഷം സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അവരെ ബാധിക്കുന്ന വിഷാദം (ഡിപ്രഷൻ) ആണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ. ഇത് എന്തുകൊണ്ട് വരുന്നു? എത്ര പേരില്‍ വരാം? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ വളരെ സ്വാഭാവികമായി വരാവുന്ന സംശയങ്ങളാണ്. 

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ആരെയും പിടികൂടാം എന്നതാണ് സത്യം. അതിന് നമ്മള്‍ പ്രത്യേകം മാനദണ്ഡങ്ങളൊന്നും വച്ചിട്ട് കാര്യമില്ല. വന്നുകഴിഞ്ഞാല്‍ അതിനെ തിരിച്ചറിയുക, ആത്മവിശ്വാസത്തോടെ പൊരുതുക, ഇതിന് പങ്കാളിയടക്കമുള്ള കൂടെയുള്ളവര്‍ പിന്തുണ നല്‍കുക, ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യാനുള്ളത്. 

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ നമ്മള്‍ ചിന്തിക്കുന്നതിലും അധികമായി വ്യാപകമാണ് എന്നതാണ് സത്യം. ഏഴിലൊരു അമ്മയ്ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്രയും സാധാരണം ആണിത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ഒരു സ്റ്റേജ് മാത്രമാണ്. ഇത് ജൈവികമായി സംഭവിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഇതില്‍ നാണക്കേടോ, പ്രശ്നമോ തോന്നേണ്ടതില്ല. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുള്ള സ്ത്രീകളെ ഇതിന്‍റെ പേരില്‍ ക്രൂശിക്കുകയും അരുത്. അവരെ അതില്‍ നിന്ന് പതുക്കെ പിടിച്ചുയര്‍ത്തി എടുക്കാൻ ശ്രമിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യേണ്ടത്.

തുടര്‍ച്ചയായ സങ്കടം, അകാരണമായി കരച്ചില്‍ വന്നുകൊണ്ടേയിരിക്കല്‍, അസ്വസ്ഥത, ഉത്കണ്ഠ, കുറ്റബോധം, അപമാനബോധം, അതിയായ തളര്‍ച്ച, മടുപ്പ്, ഒന്നിലും താല്‍പര്യമില്ലായ്മ, നെഗറ്റീവ് ആയ ചിന്തകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ ലക്ഷണങ്ങള്‍, അല്ലെങ്കില്‍ പ്രയാസങ്ങള്‍.

ഓരോ സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ പ്രശ്നങ്ങള്‍ വ്യത്യസ്തമായി കാണാം. വ്യത്യസ്തമായ തീവ്രതയും ആയിരിക്കും. ചിലര്‍ എപ്പോഴും കരച്ചിലായിരിക്കും, ചിലര്‍ ദുഖം താങ്ങാൻ ആകാതെ മൗനത്തിലായിപ്പോകാം- പ്രിയപ്പെട്ടവരോട് പോലുമുള്ള സംസാരം കുറയാം. ചിലര്‍ക്ക് ഉറക്കക്കുറവ് ആകാം പ്രശ്നം, അല്ലെങ്കില്‍ ഭക്ഷണം വേണ്ടായ്ക. കുഞ്ഞിനോട് ദേഷ്യം തോന്നുക, കുഞ്ഞിനെ നോക്കാതിരിക്കുക എല്ലാം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ വലിയൊരു ലക്ഷണമാണ്. ഇത് ഏറെ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ.

Also Read:- വായിച്ചവരുടെയെല്ലാം മനസ് ഇളക്കിമറിച്ച് ക്യാൻസര്‍ ബാധിച്ച് മരിച്ച യുവതിയുടെ എഴുത്ത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios