Asianet News MalayalamAsianet News Malayalam

ആര്‍ത്തവത്തിന് മുമ്പുള്ള 'മൂഡ്' പ്രശ്നങ്ങള്‍ അഥവാ പിഎംഎസ് പരിഹരിക്കാൻ ചെയ്തുനോക്കാവുന്നത്...

വൈറ്റമിൻ ഡി, കാത്സ്യം എന്നിവയില്‍ കുറവുള്ള സ്ത്രീകളിലാണ് അധികവും പിഎംഎസ് കാണുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഈ രണ്ട് ഘടകങ്ങളും സ്ത്രീകള്‍ ഉറപ്പിക്കണം

what women can do to avoid pms related problems
Author
First Published Feb 16, 2024, 5:11 PM IST

ആര്‍ത്തവത്തിന് മുന്നോടിയായി കടുത്ത 'മൂഡ്' പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ധാരാളമുണ്ട്. 8- 20 ശതമാനം വരെ സ്ത്രീകള്‍ ഇങ്ങനെ 'പ്രീമെൻസ്ട്രല്‍ സിൻഡ്രോം' അഥവാ പിഎംഎസ് നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ എല്ലാ സ്ത്രീകളും ഒരേ തീവ്രതയില്‍ അല്ല പിഎംഎസ് നേരിടുക.

പല തോതിലാണ് പിഎംഎസ് സ്ത്രീകളെ പിടികൂടുന്നത്. ആര്‍ത്തവത്തിന്‍റെ ഒന്നോ രണ്ടോ ആഴ്ച മുമ്പ് തന്നെ പിഎംഎസിലേക്ക് കടക്കാം. 

മാനസികാസ്വസ്ഥതകള്‍ മാത്രമല്ല ശരീരത്തിനും പിഎംഎസിന്‍റെ ഭാഗമായി അസ്വസ്ഥതകളുണ്ടാകും. തലവേദന, സ്തനങ്ങളില്‍ വേദന, ഗ്യാസ് എല്ലാം അനുഭവപ്പെടാം. പെട്ടെന്ന് ദേഷ്യം വരിക, അക്ഷമ, സന്തോഷം അനുഭവപ്പെടാതിരിക്കുക, നിരാശ ബാധിക്കുക എന്നിവയാണ് പിഎംഎസില്‍ കാണുന്ന മാനസികപ്രയാസങ്ങള്‍. 

എന്തുകൊണ്ടാണ് പിഎംഎസ് ഉണ്ടാകുന്നത് എന്നതിന് വ്യക്തമായ കാരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ആര്‍ത്തവത്തോട് അനുബന്ധമായിട്ടുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിലേക്ക് നയിക്കുന്നത്. ഈ ഹോര്‍മോണഅ‍ വ്യതിയാനങ്ങള്‍ തലച്ചോറിലെ ചില കെമിക്കലുകളുടെ ബാലൻസ് തകര്‍ക്കുന്നതാകാം പ്രശ്നമെന്നും കരുതപ്പെടുന്നുണ്ട്. എന്തായാലും ഇതിന് ആശ്വാസം ലഭിക്കാനായി ചിലതെല്ലാം നമുക്ക് ചെയ്യാവുന്നതാണ്. 

ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ചെയ്തുനോക്കാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വൈറ്റമിൻ ഡി, കാത്സ്യം എന്നിവയില്‍ കുറവുള്ള സ്ത്രീകളിലാണ് അധികവും പിഎംഎസ് കാണുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഈ രണ്ട് ഘടകങ്ങളും സ്ത്രീകള്‍ ഉറപ്പിക്കണം. കാത്സ്യം ഡയറ്റിലൂടെയും വൈറ്റമിൻ ഡി പ്രധാനമായും സൂര്യപ്രകാശത്തിലൂടെയുമാണ് നേടേണ്ടത്. പാല്‍, പാലുത്പന്നങ്ങളെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്ന ശീലമുണ്ടെങ്കില്‍ ഇതുപേക്ഷിക്കണം. ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തവരിലും പിഎംഎസ് തോത് കൂടുതലാണെന്നാണ് കണ്ടെത്തല്‍. പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവ പതിവായി ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം. ബ്രൗണ്‍ റൈസ്, ഓട്ട്മീല്‍, ബി വൈറ്റമിനുകളടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പിഎംഎസ് കുറയ്ക്കാൻ നല്ലതാണ്.

പൊതുവില്‍ ഷുഗര്‍ കുറയ്ക്കുന്നതാണ് നല്ലത്. ആര്‍ത്തവത്തിന് മുന്നോടിയായി വിശേഷിച്ചും മധുരം കാര്യമായി അടങ്ങിയ ഭക്ഷണപാനീയങ്ങളൊഴിവാക്കാം. മധുരം കഴിക്കാൻ കൊതി തോന്നിയാല്‍ പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും നാച്വറല്‍ ഷുഗര്‍ ഇതിലൂടെ നേടുകയും ചെയ്യാം. മധുരം മാത്രല്ല കൂടുതല്‍ കലോറി, കാര്‍ബ് എന്നിവയും വേണ്ട. 

മധുരം പോലെ തന്നെ ഉപ്പും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഉപ്പ്, ഉപ്പായിത്തന്നെ അല്ല നമ്മളധികവും കഴിക്കുന്നത്. പാക്കേജ്ഡ് ഫുഡ്സ്, പ്രോസസ്ഡ് ഫുഡ്സ് എന്നിവയിലൂടെയെല്ലാമാണ് സോഡിയം (ഉപ്പ്) കൂടുതലായി നമ്മുടെ ശരീരത്തിലെത്തുന്നത്. അതിനാല്‍ ഇവയും കുറയ്ക്കുക. മദ്യപാനവും പിഎംഎസിന്‍റെ തീവ്രത കൂട്ടുമെന്നതിനാല്‍ ഇതുപേക്ഷിക്കണം. ദിവസവും നല്ലതുപോലെ വെള്ളം കുടിക്കുക. മധുരപാനീയങ്ങളും മറ്റും കഫീൻ അടങ്ങിയ പാനീയങ്ങളും അധികം വേണ്ട. മധുരപാനീയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുന്നത് നല്ലതാണ്. 

സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷം, മതിയായ ഉറക്കം, വ്യായാമം എന്നിങ്ങനെയുള്ള കാര്യങ്ങളും പിഎംഎസില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് വളരെയധികം സഹായിക്കും.

Also Read:- ഗര്‍ഭിണികളിലെ ഓക്കാനവും ഉറക്കമില്ലായ്മയും മസില്‍ വേദനയും കുറയ്ക്കാൻ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios